Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സര്‍ക്കാര്‍ കരാറുകള്‍ സൗദി ആസ്ഥാനമായ കമ്പനികള്‍ക്ക് മാത്രം

1 min read

2024 മുതല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ പ്രാദേശിക ആസ്ഥാനം സൗദിയില്‍ അല്ലാത്ത വിദേശ കമ്പനികള്‍ക്ക് സൗദി സര്‍ക്കാര്‍ കരാറുകള്‍ നല്‍കില്ല

റിയാദ്: പശ്ചിമേഷ്യയിലെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റാന്‍ അന്താരാഷ്ട്ര കമ്പനികള്‍ക്ക് മേല്‍ സൗദി അറേബ്യ സമ്മര്‍ദ്ദം ശക്തമാക്കുന്നു. 2024 ജനുവരി മുതല്‍ പ്രാദേശിക ആസ്ഥാനം പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ ഉള്ള വിദേശ കമ്പനികളുമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കരാറില്‍ ഒപ്പുവെക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് നിന്നും പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്ക് തടയാനും രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സൗദി ഈ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. സൗദി തലസ്ഥാനമായ റിയാദില്‍ ഓഫീസുകള്‍ തുറക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്ന പദ്ധതികള്‍ കഴിഞ്ഞിടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.

  കേരള ഐടിയുടെ പുതിയ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

റിയാദ് നഗരത്തിന്റെ വലുപ്പം ഇരിട്ടിയാക്കാനും ആഗോള ഹബ്ബായി നഗരത്തെ മാറ്റാനുമുള്ള 800 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ പല ഇളവുകളിലൂടെയുമാണ് സൗദി കമ്പനികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചത് എങ്കില്‍ ഇപ്പോഴത്തേത് ഭീഷണിയുടെ സ്വരമാണ്. പ്രാദേശിക ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് മാറ്റിയില്ലെങ്കില്‍ കോടിക്കണക്കിന് ഡോളറിന്റെ പദ്ധതികള്‍ നഷ്ടമാകുന്ന ഭീഷണിയാണ് കമ്പനികള്‍ക്ക് മുമ്പിലുള്ളത്.

കമ്പനിയുടെ പ്രാദേശിക ആസ്ഥാനം മറ്റൊരിടത്ത് വെച്ച് കൊണ്ട് ഒരു രാജ്യത്തെ സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കുന്ന സുപ്രധാന കരാറുകള്‍ സ്വന്തമാക്കുകയെന്നത് സാധാരണ നടപടിയല്ലെന്ന് സൗദിയിലെ നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍-ഫാലി പ്രതികരിച്ചു. സൗദിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നല്‍കുന്ന ഒരു പാരിതോഷികമാണതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആഗോള വാണിജ്യ കേന്ദ്രമായി മാറാനും പ്രതിഭകളെ ആകര്‍ഷിക്കാനും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ മത്സരം കടുക്കുന്നതിന്റെ സൂചനയാണ് സൗദിയുടെ പുതിയ തീരുമാനം. അടുത്ത ദശാബ്ദത്തില്‍ 6 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളാണ് സൗദി ലക്ഷ്യമിടുന്നത്.

  മെയ് 2023: മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 1,57,090 കോടി

ധനമന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് പുതിയ തീരുമാനം ബാധകമെന്നും സര്‍ക്കാരിന് ഉടമസ്ഥാവകാശമുള്ള സ്വകാര്യ മേഖല കമ്പനികളോ പൊതു ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന കമ്പനികളോ പുതിയ തീരുമാനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഫാലി വ്യക്തമാക്കി.

റിയാദിലെ അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം ലഭ്യമാക്കി തുടങ്ങിയിട്ടുള്ള ഇളവുകളും ബിസിനിസ് സാധ്യതകളും കണക്കിലെടുക്കുമ്പോള്‍ നൂറുകണക്കിന് കമ്പനികള്‍ റിയാദിലേക്ക് ആസ്ഥാനം മാറ്റാന്‍ 2024 ആകേണ്ടി വരില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയുടെ സോവറീന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫ്ണ്ട് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ റിയാദിലേക്ക് ആസ്ഥാനം മാറ്റുമെന്ന് ഡെലോയിറ്റ്, ബെച്ചല്‍, പെപ്‌സികോ അടക്കം ഇരുപത്തിനാലോളം അന്താരാഷ്ട്ര കമ്പനികള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചില കമ്പനികള്‍ക്ക് ഇപ്പോള്‍ തന്നെ സൗദിയില്‍ ഓഫീസ് ഉണ്ടെങ്കിലും ദുബായില്‍ സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് സൗദി ഓഫീസിനെ പ്രാദേശിക ആസ്ഥാനമായി ഉയര്‍ത്താനാണ് പദ്ധതി.

  സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനമെന്ന ദുബായുടെ പദവിയെ വെല്ലുവിളിക്കാനാണ് സൗദിയുടെ ലക്ഷ്യമെന്ന വിമര്‍ശനം മന്ത്രി തള്ളി. ഏതെങ്കിലും ഒരു നഗരത്തെയോ രാജ്യത്തെയോ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നും കമ്പനികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഫാലി പറഞ്ഞു.

2024 മുതല്‍ തീരുമാനം കര്‍ശനമായി നടപ്പിലാക്കി തുടങ്ങിയാല്‍ നിക്ഷേപകര്‍ക്ക് വ്യാപകമായ ഇളവുകള്‍ രാജ്യത്ത് ലഭ്യമാകുമെന്നാണ് സ്രോതസ്സിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മറ്റ് നിക്ഷേപകര്‍ക്ക് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഇടപെടുന്നതിനോ സ്വകാര്യമേഖലയുമായി ഇടപെടലുകള്‍ നടത്തുന്നതിനോ തടസങ്ങള്‍ ഉണ്ടാകുകയില്ല. എന്നാല്‍ സൗദിയിലെ സ്വകാര്യ മേഖല സര്‍ക്കാര്‍ കരാറുകളെ വലിയ തോതില്‍ ആശ്രയിക്കുന്നുവെന്നതിനാല്‍ അവരുമായി ബന്ധമുള്ള വിദേശ കമ്പനികളെ തീരുമാനം ദോഷകരമായി ബാധിക്കും.

Maintained By : Studio3