സുരക്ഷിതമായി ഉപയോഗിക്കാന്‍ ഇന്‍സ്റ്റാഗ്രാം ‘പാരന്റ്‌സ് ഗൈഡ്’ അവതരിപ്പിച്ചു
ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതരായിരിക്കാന്‍ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും സഹായിക്കുന്നതാണ് ഈ ഗൈഡ്
ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം ഇന്ത്യയില്‍ പാരന്റ്‌സ് ഗൈഡ് അവതരിപ്പിച്ചു. ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ സുരക്ഷിതരായിരിക്കാന്‍ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും സഹായിക്കുന്നതാണ് ഈ ഗൈഡ്. ഫെബ്രുവരി ഒമ്പതിന് ‘സുരക്ഷിത ഇന്റര്‍നെറ്റ് ദിനം’ ആചരിക്കുന്നതിന് മുന്നോടിയായാണ് പാരന്റ്‌സ് ഗൈഡ് അവതരിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം പാരന്റ്‌സ് ഗൈഡ് പല രാജ്യങ്ങളിലും ലഭ്യമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ നിലനില്‍ക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ രക്ഷിതാക്കളെ അറിയിക്കുന്നതാണ് പാരന്റ്‌സ് ഗൈഡ്. അനുദിനം വികാസം പ്രാപിക്കുന്ന ഡിജിറ്റല്‍ ലോകത്തെക്കുറിച്ച് രക്ഷിതാക്കള്‍ വേണ്ടത്ര അറിഞ്ഞിരിക്കണമെന്ന് ഇന്‍സ്റ്റാഗ്രാം ഇന്ത്യയുടെ പബ്ലിക് പോളിസി ആന്‍ഡ് കമ്യൂണിറ്റി ഔട്ട്‌റീച്ച് മാനേജര്‍ താര ബേദി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം പോലൊരു പ്ലാറ്റ്‌ഫോം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നതായും സ്വന്തം മക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുമ്പോള്‍ത്തന്നെ അവര്‍ സുരക്ഷിതരാണെന്ന് രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെടണമെന്നും താര ബേദി കൂട്ടിച്ചേര്‍ത്തു.
കുട്ടികളുടെ അവകാശങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളുടെ നിര്‍ദേശങ്ങള്‍ പാരന്റ്‌സ് ഗൈഡിന്റെ 2021 പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്, സൈബര്‍ പീസ് ഫൗണ്ടേഷന്‍, ആരംഭ് ഇന്ത്യ ഇനിഷിയേറ്റീവ്, യംഗ് ലീഡേഴ്‌സ് ഫോര്‍ ആക്റ്റിവിറ്റി സിറ്റിസണ്‍ഷിപ്പ് എന്നീ സംഘടനകള്‍ ഉദാഹരണങ്ങളാണ്.
ഡിഎം റീച്ചബിലിറ്റി കണ്‍ട്രോള്‍സ് ഉള്‍പ്പെടെ ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പുതിയ അപ്‌ഡേറ്റുകളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ആര്‍ക്കെല്ലാം മെസേജ് അയയ്ക്കാന്‍ കഴിയും, ഇന്‍സ്റ്റാഗ്രാം ഡയറക്റ്റില്‍ ആര്‍ക്കെല്ലാം തങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയും എന്നിവയെല്ലാം ഓരോരുത്തര്‍ക്കും നിശ്ചയിക്കാം. ബള്‍ക്ക് കമന്റ് മാനേജ്‌മെന്റാണ് മറ്റൊരു സൗകര്യം. കമന്റുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ സംവിധാനം. നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്ന എക്കൗണ്ട് ഉടമകളെ ബ്ലോക്ക് ചെയ്യാന്‍ കഴിയും. സപ്പോര്‍ട്ട് റിക്വസ്റ്റുകള്‍, ഇമെയില്‍സ് ഫ്രം ഇന്‍സ്റ്റഗ്രാം എന്നിവ മറ്റ് ഉദാഹരണങ്ങളാണ്.