കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രാം വേര്‍ഷന്‍ വരുന്നു
പതിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് പുതിയ വേര്‍ഷന്‍ നിര്‍മിക്കും
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്‍സ്റ്റാഗ്രാം ആപ്പ് പുതിയ വേര്‍ഷന്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പ്രധാന ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമില്‍ ഒരു എക്കൗണ്ട് സൃഷ്ടിക്കണമെങ്കില്‍ പതിമൂന്ന് വയസ്സ് തികയണം. കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത പരിരക്ഷണ നിയമം (കോപ്പ) എന്ന അമേരിക്കന്‍ നിയമം അനുസരിച്ചാണ് ഇന്‍സ്റ്റാഗ്രാം ഈ വ്യവസ്ഥ കൊണ്ടുവന്നത്. ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍നിന്ന് പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് നിയമം പാസാക്കിയിരുന്നത്. പതിമൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് സുരക്ഷിതമായി ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതിന് പുതിയ വേര്‍ഷന്‍ നിര്‍മിക്കാന്‍ ആലോചിക്കുന്നതായാണ് കമ്പനിയില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരം. ഇന്‍സ്റ്റാഗ്രാം ഉല്‍പ്പന്ന വിഭാഗം വൈസ് പ്രസിഡന്റ് വിശാല്‍ ഷാ എഴുതിയ ആഭ്യന്തര കുറിപ്പാണ് ചോര്‍ന്നത്.
ചില്‍ഡ്രന്‍ ഫ്രന്‍ഡ്‌ലി പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത് തങ്ങളുടെ മുന്‍ഗണനാപട്ടികയില്‍ ഉള്ളതായി കുറിപ്പില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ എച്ച്1 മുന്‍ഗണനാ പട്ടികയിലാണ് പുതിയ വേര്‍ഷന്‍ പുറത്തിറക്കുന്ന കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പതിപ്പുമായി മുന്നോട്ടുപോവുകയാണെന്ന് പ്രഖ്യാപിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് അദ്ദേഹം പറയുന്നു.
കുട്ടികള്‍ക്ക് ഇന്‍സ്റ്റാഗ്രാം സുരക്ഷിത ഇടമായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി ഇതിനകം ആരംഭിച്ചിരുന്നു. ‘പാരന്റ് ഗൈഡ്’ ഉള്‍പ്പെടെയുള്ള പുതിയ ടൂളുകളാണ് കൊണ്ടുവന്നത്. സെറ്റിംഗ്‌സിലെ സ്വകാര്യത, ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പാരന്റ് ഗൈഡ്. ഉപയോക്താക്കളുടെ യഥാര്‍ത്ഥ വയസ്സ് അറിയുന്നതിനും ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൗമാര പ്രായക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന മറ്റ് ഫീച്ചറുകളും അണിയറയില്‍ പുരോഗമിക്കുകയാണ്.
യൂട്യൂബ് കിഡ്‌സിന് സമാനമായി പൂര്‍ണമായും പുതിയ ഇന്‍സ്റ്റാഗ്രാം വേര്‍ഷന്‍ കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. കുട്ടികള്‍ക്ക് മാത്രമായ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തും. ഇന്‍സ്റ്റാഗ്രാം മേധാവി ആഡം മോസെറി, ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് പാവ്‌നി ദിവാന്‍ജി എന്നിവരാണ് പുതിയ പതിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. യൂട്യൂബ് കിഡ്‌സ് വികസിപ്പിക്കുന്നതിന് ഗൂഗിളുമായി പാവ്‌നി ദിവാന്‍ജി ചേര്‍ന്നുപ്രവര്‍ത്തിച്ചിരുന്നു