ടെസ്റ്റിംഗ് മേവന്‍സിന്‍റെ ഓഫീസ് ഇന്‍ഫോപാര്‍ക്കില്‍
കൊച്ചി: ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ടെസ്റ്റിംഗ് മേവന്‍സിന്‍റെ നവീകരിച്ച ഓഫീസ് കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തിലാണ് നവീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അമേരിക്കന്‍ മലയാളികളായ ഫെബി ജോര്‍ജ്ജും ജയന്‍ ജോസഫും 2015 ലാണ് ടെസ്റ്റിംഗ് മേവന്‍സ് ആരംഭിച്ചത്. കമ്പനിയുടെ പ്രവര്‍ത്തന കേന്ദ്രവും വടക്കേ അമേരിക്ക തന്നെയാണ്. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗാണ് കമ്പനി നല്‍കുന്ന പ്രധാന സേവനം. എന്‍ഡ് ടു എന്‍ഡ് ടെസ്റ്റിംഗ്, ടെസ്റ്റ് ഓട്ടോമേഷന്‍, സ്പെഷ്യലൈസ്ഡ് ടെസ്റ്റിംഗ്, നോണ്‍ ഫങ്ഷണല്‍ ടെസ്റ്റിംഗ്, ടെസ്റ്റിംഗുമായി ബന്ധപ്പെട്ട വിദഗ്ധോപദേശം, കണ്‍സല്‍ട്ടിംഗ് എന്നിവ ഇവര്‍ പ്രദാനം ചെയ്യുന്നു. പുതിയ ഓഫീസ് സംവിധാനത്തിനൊപ്പം കമ്പനിയുടെ പ്രവര്‍ത്തന വിപുലീകരണം ഉടന്‍ നടക്കുമെന്ന് കമ്പനി ഡയറക്ടര്‍ ഫെബി ജോര്‍ജ്ജ് പറഞ്ഞു. കേരളത്തിലെ മികച്ച സാങ്കേതികവൈദഗ്ധ്യമുള്ള തൊഴില്‍ സമൂഹത്തിനോടുള്ള പ്രതിബദ്ധതയുടെ കൂടി ഭാഗമാണ് ഇന്‍ഫോപാര്‍ക്കിലെ പുതിയ ഓഫീസ്. ടെസ്റ്റിംഗ് മേവന്‍സിന്‍റെ ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്കായി നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ടെസ്റ്റിംഗ് സംവിധാനം, നൈപുണ്യവികസനം എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുതിയ ഓഫീസിന്‍റെ പ്രവര്‍ത്തനം തുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാരിനോടും ഇന്‍ഫോപാര്‍ക്ക് അധികൃതരോടുമുള്ള നന്ദി അറിയിക്കുന്നതായും ഫെബി ജോര്‍ജ്ജ് അറിയിച്ചു.