ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത 37% വര്‍ധനയോടെ 140 ടണ്ണില്‍
1 min readമാര്‍ച്ച് പാദത്തില്‍ ആഭ്യന്തര സ്വര്‍ണ വില 10 ഗ്രാമിന് ശരാശരി 47,131 രൂപയായിരുന്നു
ന്യൂഡെല്‍ഹി: 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകത മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 37 ശതമാനം വര്‍ധിച്ച് 140 ടണ്ണായി ഉയര്‍ന്നുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ആവശ്യകത 57 ശതമാനം വര്‍ധിച്ച് 58,800 കോടി രൂപയിലേക്ക് എത്തി.
2021 മാര്‍ച്ച് പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ആവശ്യകത ആഗോള പ്രവണതയ്ക്ക് നേര്‍ വിപരീതമായിരുന്നു. ആഗോള തലത്തില്‍ 23 ശതമാനം ഇടിവോടെ സ്വര്‍ണ ആവശ്യകത 815.7 ടണ്ണിലേക്ക് എത്തി. സ്വര്‍ണ്ണം പിന്തുണയ്ക്കുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) നിന്നുള്ള ഒഴുക്ക്, കേന്ദ്ര ബാങ്കുകളുടെ കുറഞ്ഞ വാങ്ങല്‍ എന്നിവയാണ് പ്രധാനമായും ഇതിന് കാരണമായത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറക്കുറേ അവസാനിച്ചതും വാക്സിനേഷന്‍ ആരംഭിച്ചതും മാറ്റിവെച്ച സ്വര്‍ണ വാങ്ങല്‍ നടത്താന്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പ്രേരണയായെന്ന് ഡബ്ല്യുജിസി റിപ്പോര്‍ട്ടില്‍ പറഫയുന്നു. ജ്വല്ലറി ഡിമാന്‍ഡ് 39 ശതമാനം വര്‍ധിച്ച് 102.5 ടണ്ണായി. മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 58 ശതമാനം വര്‍ധിച്ച് 43,100 കോടി രൂപയായി ആഭരണ ആവശ്യകത വര്‍ധിച്ചു.
“സ്വര്‍ണ്ണ വില മയപ്പെട്ടത്, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുത്തനെയുള്ള ഉയര്‍ച്ചയെത്തുടര്‍ന്ന് ഉപഭോക്തൃ വികാരം വര്‍ധിച്ചത്, വിവാഹങ്ങള്‍ പോലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളുടെ തിരിച്ചുവരവ് എന്നിവ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യകതയെ സഹായിക്കുന്നു. സ്വര്‍ണ്ണ ഡിമാന്‍ഡിന്‍റെ അടുത്ത ഘട്ടം, അതായത് 2021 ന്‍റെ രണ്ടാം പകുതിയയെ സ്വാധീനിക്കുക ഭയമായിരിക്കില്ല, സാമ്പത്തിക വളര്‍ച്ചയാകും, “ഡബ്ല്യുജിസിയിലെ ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ സോമസുന്ദരം പിആര്‍ പറഞ്ഞു.
മാര്‍ച്ച് പാദത്തില്‍ ആഭ്യന്തര സ്വര്‍ണ വില 10 ഗ്രാമിന് ശരാശരി 47,131 രൂപയായിരുന്നു. മുന്‍ വര്‍ഷം സമാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനം വര്‍ധന. എന്നാല്‍ മുന്‍പാദവുമായുള്ള താരതമ്യത്തില്‍ ഇത് 6 ശതമാനം കുറവാണ്.
തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഇന്ത്യന്‍ റീട്ടെയില്‍ സ്വര്‍ണ നിക്ഷേപ ഡിമാന്‍ഡ് മെച്ചപ്പെട്ടു. ബാര്‍, നാണയ ആവശ്യകത 34 ശതമാനം വര്‍ധിച്ച് 37.5 ടണ്ണായി. ഇക്കാര്യത്തില്‍, 2015ന് ശേഷമുള്ള കാലയളവ് കണക്കിലെടുത്താല്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ആദ്യപാദമാണിത്. അതേസമയം, മാര്‍ച്ച് പാദത്തില്‍ റീസൈക്ലിംഗ് 20 ശതമാനം കുറഞ്ഞ് 14.8 ടണ്ണായി.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണും മൊബിലിറ്റി നിയന്ത്രണങ്ങളും വീണ്ടും അടിച്ചേല്‍പ്പിക്കുന്നത് ഉത്സവങ്ങളെയും നിക്ഷേപകരുടെ വികാരത്തെയും വെട്ടിക്കുറയ്ക്കുമെന്ന് ഡബ്ല്യുജിസി കരുതുന്നു. ഇതെല്ലാം വിവാഹ സീസണിന് മുന്നോടിയായി സ്വര്‍ണ ഡിമാന്‍ഡിനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.