ഇന്ത്യയിലെ കോവിഡ് വ്യാപനം ആഗോള വ്യാപാര പ്രതിസന്ധി സൃഷ്ടിക്കും
1 min read- തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ കോവിഡ് വ്യാപനം ബാധിക്കുന്നു
- ആഗോള വ്യാപാര വളര്‍ച്ച കടുത്ത പ്രതിസന്ധിയിലേക്ക്
- കയറ്റുമതിയില്‍ പ്രശ്നങ്ങളുണ്ടാകും, വിതരണ ശൃംഖല താറുമാറാകും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് അതിവ്യാപനം ആഗോള തലത്തിലുള്ള വിതരണ ശൃംഖലകളെ കാര്യമായി ബാധിക്കുന്നു. രാജ്യത്തെ വലിയ തുറമുഖങ്ങളുടെ പ്രവര്‍ത്തനം കോവിഡ് പ്രതിസന്ധിയില്‍ വെല്ലുവിളികള്‍ നേരിടുന്നതിനാലാണിത്. കയറ്റുമതിയില്‍ കാലതാമസമെടുക്കുകയും ആഗോള വിതരണ ശൃംഖലയില്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ദക്ഷിണേന്ത്യയിലെ കരായിക്കല്‍ തുറമുഖം മേയ് 24 വരെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത അസാധാരണമായ സാഹചര്യം കാരണം ഏറ്റെടുത്ത കരാറുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അറിയിപ്പ് അവരുടെ വെബ്സൈറ്റിലും നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ടെര്‍മിനലായ ഇവിടെ പ്രധാനമായും കല്‍ക്കരി, പഞ്ചസാര, പെട്രോളിയം തുടങ്ങിയവയാണ് കൈകാര്യം ചെയ്യുന്നത്. ഒഡിഷയിലെ ഗോപാല്‍പൂര്‍ തുറമുഖത്തിന്‍റെയും അവസ്ഥ സമാനം തന്നെയാണ്. നിലവിലെ അസാധാരണ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപാല്‍പൂരുമെന്ന് ഐഎച്ച്എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ആഗോള വ്യാപാരത്തില്‍ വലിയ തിരിച്ചടിക്ക് ഈ സാഹചര്യം കാരണമാകുമെന്നാണ് വിദഗ്ധരുടെ പക്ഷം. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയില്‍ നിന്നും പുറത്തേക്കും പുറത്തുനിന്നും ചൈനയിലേക്കുമുള്ള ചരക്ക് ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഗോള സപ്ലൈ ചൈയിന്‍ രംഗം വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇന്ത്യന്‍ തുറമുഖങ്ങള്‍ വഴി വിവിധയിടങ്ങളിലേക്ക് ചരക്ക്നീക്കമുള്ളതിനാല്‍ നിലവിലെ കോവിഡ് അതിവ്യാപനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
ഈ മാസം ഏകദേശം 21.9 ദശലക്ഷം ടണ്‍ കാര്‍ഗോകളാണ് ഇന്ത്യയില്‍ എത്താനുള്ളത്. തൊഴിലാളികളുടെ ലഭ്യതക്കുറവും ചില തുറമുഖങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ഈ ചരക്ക് നീക്കത്തെ ബാധിക്കും. ഇന്ത്യയിലെ പ്രധാന മറൈന്‍ ടെര്‍മിനലുകളിലൊന്നായ വിശാഖപ്പട്ടണത്തെ ചരക്ക് നീക്കം ഇതുവരെ ഭാഗികമായി മാത്രമാണ് ബാധിക്കപ്പെട്ടത്. അതേസമയം കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ടെര്‍മിനല്‍ മുഴുവനായും അടച്ചിടേണ്ടി വരുമോയെന്ന ആശങ്കയും പലരിലുമുണ്ട്.
പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പ്രധാനമായും ആശ്രയിക്കുന്നത് വിശാഖപട്ടണം തുറമുഖത്തെയാണ്. ഇതുവരെ ഇറക്കുമതി ബാധിക്കപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. ഏറ്റെടുത്ത കരാറുകള്‍ അസാധാരണ സാഹചര്യം കാരണം നടപ്പാക്കപ്പെടില്ലെന്ന് പല തുറമുഖങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ശനിയാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 326,098 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോട് കൂടി മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 24.37 മില്യണായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധ കാരണം മരണമടഞ്ഞത് 3,890 പേരാണ്.