ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31 നകം നടപ്പാക്കണം: സുപ്രീംകോടതി
ന്യൂഡെല്‍ഹി: ജൂലൈ 31 നകം എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കണമെന്ന് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികള്‍ക്ക് രാജ്യത്തിന്‍റെ ഏത് ഭാഗത്തുനിന്നും റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അനുവദിക്കുന്ന ഈ പദ്ധതി നടപ്പാക്കാണ്ടേതുണ്ടെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.അസംഘടിത, കുടിയേറ്റ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ജൂലൈ 31 നകം എന്‍ഐസിയുമായി കൂടിയാലോചിച്ച് ദേശീയ പോര്‍ട്ടല്‍ വികസിപ്പിക്കാനും സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധികാലത്ത് തുടരാന്‍ വേണ്ട റേഷനും കമ്മ്യൂണിറ്റി അടുക്കളസംവിധാനവും നിലനിര്‍ത്തേണ്ടതുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷനും ഭക്ഷ്യസുരക്ഷയും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശങ്ങള്‍ തേടി ആക്ടിവിസ്റ്റുകളായ ഹര്‍ഷ് മന്ദര്‍, അഞ്ജലി ഭരദ്വാജ്, ജഗദീപ് ചോക്കര്‍ എന്നിവര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ മുഖേന നല്‍കിയ അപേക്ഷയിലാണ് സുപ്രീംകോടതി ഉത്തരവ് വന്നത്. നാമമാത്രമായ ചെലവില്‍ അവരുടെ വീടുകളിലേക്ക് മടങ്ങാനും തൊഴിലാളികള്‍ക്ക് കഴിയണം. ദേശീയ ലോക്ക്ഡൗ ണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഉന്നത കോടതി ആരംഭിച്ച സുവോ മോട്ടു കേസിലാണ് അപേക്ഷ സമര്‍പ്പിച്ചത്.
ഹിയറിംഗ് വേളയില്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവരില്‍ എത്തിച്ചേരണമെന്നതാണ് പ്രധാന ആശങ്കയെന്നും അവരുടെ രജിസ്ട്രേഷന്‍ പ്രക്രിയ വളരെ മന്ദഗതിയിലാണെന്നും കോടതി ഊന്നിപ്പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും രജിസ്ട്രേഷന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജൂണ്‍ 11 ന് സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാള്‍ ഈ പദ്ധതിയോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു.