പവലിയന്‍ സീരീസ് ലാപ്‌ടോപ്പുകളുമായി എച്ച്പി
പവലിയന്‍ 13, പവലിയന്‍ 14, പവലിയന്‍ 15 ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്
ന്യൂഡെല്‍ഹി: മൂന്ന് പുതിയ പവലിയന്‍ സീരീസ് ലാപ്‌ടോപ്പുകള്‍ എച്ച്പി ഇന്ത്യയില്‍ അവതരിപ്പിച്ചു. പവലിയന്‍ 13, പവലിയന്‍ 14, പവലിയന്‍ 15 ലാപ്‌ടോപ്പുകളാണ് പുറത്തിറക്കിയത്. പതിനൊന്നാം തലമുറ ഇന്റല്‍ കോര്‍ പ്രൊസസറുകളാണ് ലാപ്‌ടോപ്പുകള്‍ക്ക് കരുത്തേകുന്നത്. ഇന്റല്‍ എക്‌സ്ഇ ഗ്രാഫിക്‌സ് കൂടെ നല്‍കി. സ്പീക്കര്‍ ഹൗസിംഗ് നിര്‍മിക്കുന്നതിന് കടലോരങ്ങളിലോ കടലിലോ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് പുന:ചംക്രമണം നടത്തി ഉപയോഗിച്ചതായി കമ്പനി അവകാശപ്പെട്ടു. ഇത്തരത്തില്‍ ഇതാദ്യമായാണ് കണ്‍സ്യൂമര്‍ നോട്ട്ബുക്ക് സീരീസ് വിപണിയിലെത്തുന്നത്. ഇപീറ്റ് സില്‍വര്‍ രജിസ്‌ട്രേഷന്‍ നേടിയതും എനര്‍ജി സ്റ്റാര്‍ സാക്ഷ്യപത്രം ലഭിച്ചതുമാണ് ലാപ്‌ടോപ്പുകള്‍.
എച്ച്പി പവലിയന്‍ 13 ലാപ്‌ടോപ്പിന് 71,999 രൂപ മുതലാണ് വില. സെറാമിക് വൈറ്റ്, സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. പവലിയന്‍ 14 ലാപ്‌ടോപ്പിന് 62,999 രൂപ മുതലാണ് വില. സില്‍വര്‍, സെറാമിക് വൈറ്റ്, ട്രാന്‍ക്വില്‍ പിങ്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഐറിസ് പ്ലസ് ഗ്രാഫിക്‌സ് സഹിതം കോര്‍ ഐ5 എച്ച്പി പവലിയന്‍ 14 മോഡലിന് 67,999 രൂപയാണ് വില നിശ്ചയിച്ചത്. സില്‍വര്‍ കളര്‍ ഓപ്ഷനില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. എച്ച്പി പവലിയന്‍ 15 ലാപ്‌ടോപ്പിന് 69,999 രൂപ മുതലാണ് വില. സെറാമിക് വൈറ്റ്, ഫോഗ് ബ്ലൂ, സില്‍വര്‍ എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍.
വിന്‍ഡോസ് 10 ഹോം അടിസ്ഥാനമാക്കിയാണ് എച്ച്പി പവലിയന്‍ 13 പ്രവര്‍ത്തിക്കുന്നത്. 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി (1,920, 1,080 പിക്‌സല്‍) ഡിസ്‌പ്ലേ ലഭിച്ചു. പരമാവധി ബ്രൈറ്റ്‌നസ് 250 നിറ്റ്. ഇന്റല്‍ കോര്‍ ഐ5 പതിനൊന്നാം തലമുറ പ്രൊസസറാണ് കരുത്തേകുന്നത്. 16 ജിബി റാം, 512 ജിബി സ്റ്റോറേജ് ലഭിച്ചു. ഇന്റല്‍ ഐറിസ് എക്‌സ്ഇ ഗ്രാഫിക്‌സ് സവിശേഷതയാണ്. യുഎസ്ബി ടൈപ്പ് സി, രണ്ട് യുഎസ്ബി ടൈപ്പ് എ, ഒരു എച്ച്ഡിഎംഐ 2.0, ഒരു ഹെഡ്‌ഫോണ്‍/മൈക് കോംബോ എന്നിവയാണ് പോര്‍ട്ടുകള്‍. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് നല്‍കി. ലാപ്‌ടോപ്പിന് ഇരട്ട സ്പീക്കറുകള്‍, 720പി എച്ച്ഡി കാമറ ലഭിച്ചു. വൈഫൈ, ബ്ലൂടൂത്ത് 5.0 എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളാണ്. 65 വാട്ട് പവര്‍ അഡാപ്റ്റര്‍ സഹിതം 43 വാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് എച്ച്പി പവലിയന്‍ 13 ഉപയോഗിക്കുന്നത്. 8.5 മണിക്കൂര്‍ വരെ ബാറ്ററി നീണ്ടുനില്‍ക്കും.
14 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് എച്ച്പി പവലിയന്‍ 14 ഉപയോഗിക്കുന്നത്. പരമാവധി ബ്രൈറ്റ്‌നസ് 250 നിറ്റ്. 15.6 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് എച്ച്പി പവലിയന്‍ 15 ലാപ്‌ടോപ്പിന് നല്‍കിയത്. രണ്ട് ലാപ്‌ടോപ്പുകളിലെയും ബാറ്ററി 8.75 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. എച്ച്പി പവലിയന്‍ 14, പവലിയന്‍ 15 ലാപ്‌ടോപ്പുകള്‍ക്ക് എന്‍വീഡിയ ജിഫോഴ്‌സ് എംഎക്‌സ്450 ഗ്രാഫിക്‌സ് വരെ നല്‍കി.