October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസുഖങ്ങള്‍ കുറയ്ക്കാനും ചില പൊടിക്കൈകള്‍

1 min read

ശരീരത്തിലെ ഏറ്റവും ലോലമായ അവയവങ്ങളിലൊന്നാണ് കണ്ണ്. അതുകൊണ്ട് തന്നെ കണ്ണുകള്‍ക്ക് അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നമുക്ക് ചുറ്റുമുള്ള, എപ്പോഴും ലഭ്യമായ സാധനങ്ങള്‍ കൊണ്ട് വളരെ ലളിതമാ രീതിയില്‍ നേത്രാരോഗ്യം സംരക്ഷിക്കാനാകും

നേത്രസംബന്ധമായ അസുഖങ്ങളുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. പോളക്കുരു, കണ്ണില്‍ ചുവപ്പ്, അസ്വസ്ഥത, ചൊറിച്ചില്‍, വേദന എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന നേത്ര പ്രശ്‌നങ്ങള്‍. പലപ്പോഴും ഇവയെല്ലാം നാം അവഗണിക്കാറാണ് പതിവ്. എന്നാല്‍ ദീര്‍ഘകാലം അത്തരം പ്രശ്‌നങ്ങളെ ഗൗനിക്കാതെ വിട്ടാല്‍ കാഴ്ച ശക്തിയെ ബാധിക്കുന്ന തരത്തില്‍ അവ ഗുരുതരമായേക്കാം.

പൊടി പോലെ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ മൂലമോ അല്ലെങ്കില്‍ കണ്ണുകള്‍ക്ക് അധിക സമ്മര്‍ദ്ദം നല്‍കുന്നത് മൂലമോ ആണ് പലപ്പോഴും നേത്ര പ്രശ്‌നങ്ങള്‍ ഉണ്ടാകാറ്. ചെറിയ ചില പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാം.

ഉപ്പ് വെള്ളം

കണ്ണിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ലളിതമായ പ്രതിവിധികളിലൊന്നാണ് ഉപ്പ് വെള്ളം. ക്ഷാരഗുണമുള്ള ഉപ്പ് വെള്ളം കണ്ണിനുള്ളിലെ അഴുക്കും കണ്ണീര്‍ ഗ്രന്ഥികളില്‍ തടസമുണ്ടാക്കുന്ന സ്രവങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും. മാത്രമല്ല നേത്രാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന അണുനാശക ശേഷിയും ഉപ്പുവെള്ളത്തിനുണ്ട്. അരലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍  ഒരു ടീസ്പൂണ്‍ ഉപ്പ് കലര്‍ത്തി വൃത്തിയുള്ള തുണിയോ പഞ്ഞിയോ കൊണ്ട് കണ്ണ് ഒപ്പിയാല്‍ മതിയാകും. ദിവസത്തില്‍ നിരവധി തവണ ഇങ്ങനെ ചെയ്താല്‍ കണ്ണിലെ ചെറിയ പ്രശ്‌നങ്ങള്‍ മാറിക്കിട്ടും.

 

ഗ്രീന്‍ ടീ ബാഗ്

ഗ്രീന്‍ ടീക്ക് പലവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അണുനാശക ശേഷിയും മുറിവുണക്കാനുള്ള ശേഷിയും ഗ്രീന്‍ ടീയുടെ സവിശേഷതയാണ്. തണുത്ത ടീ ബാഗുകള്‍ കണ്ണിന് മുകളിലായി വെക്കുന്നത് അണുബാധ തടയാനും കണ്‍പോളകളിലെ വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണുകളുടെ അധിക സമ്മര്‍ദ്ദം കുറച്ച് ഉന്മേഷം നല്‍കാന്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കും.

 

ചൂട് വെക്കല്‍

നേത്ര സംബന്ധമായ അസ്വസ്ഥതകളും വേദനയും ശമിപ്പിക്കാനും ഏറ്റവും എളുപ്പവും ഫലപ്രദവുമായ ഒരു മാര്‍ഗമാണ് ചൂട് വെക്കല്‍. ചെങ്കണ്ണ്, കണ്‍പോളകളിലെ അണുബാധ, കണ്‍കുരു തുടങ്ങിയവയ്ക്ക് ഈ ചികിത്സ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. ചെറുചൂടുവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് രണ്ട് മൂന്ന് മിനിട്ട് കണ്ണുകള്‍ക്ക് മുകളിലായി ചൂട് പിടിക്കുന്നത് കണ്ണ് വേദനയില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും ആശ്വാസം നല്‍കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇങ്ങനെ ചെയ്താല്‍ കണ്ണിലെ അസ്വസ്ഥകള്‍ പാടേ മാറും. വൃത്തിയുള്ള തുണി ആയിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്. മാത്രമല്ല ചൂട് അധികമുള്ള വെള്ളം ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കണ്ണിനുള്ളിലെ അഴുക്കും പഴുപ്പും ഉണങ്ങിയ ശല്‍ക്കങ്ങളും നീക്കം ചെയ്യാനും സാധിക്കും.

  നാഡി നോക്കുന്നതിനു മുൻപ്

 

ഹ്യുമിഡിഫൈയര്‍

അന്തരീക്ഷത്തിലെ വരണ്ട വായു കണ്ണിന് വേദനയും അസ്വസ്ഥതയും ഉണ്ടാകും. ഇതില്‍ നിന്നും രക്ഷ നേടാന്‍ ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കാം.അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറവാണെങ്കില്‍ കണ്ണീര്‍ ബാഷ്പീകരിച്ച് പോകും. ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കുന്നതിലൂടെ വായുവിലെ ഈര്‍പ്പം വര്‍ധിക്കും. അങ്ങനെ കണ്ണുകളിലെ ആര്‍ദ്രത നിലനില്‍ക്കുകയും വരള്‍ച്ചയും അസ്വസ്ഥതയും വേദനയും ഇല്ലാതാകുകയും ചെയ്യും. ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്‍പോളകള്‍ വീര്‍ത്തിരിക്കുകയോ അല്ലെങ്കില്‍ അസ്വസ്ഥത ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കില്‍ കിടക്കുന്ന മുറിയില്‍ ഒരു ഹ്യുമിഡിഫൈയര്‍ ഉപയോഗിച്ചാല്‍ മതി.

 

തണുപ്പ് വെക്കല്‍

ചൂട് വെക്കല്‍ പോലെ തന്നെ തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് തടവുന്നതും കണ്ണസുഖങ്ങളില്‍ നിന്നും അസ്വസ്ഥകളില്‍ നിന്നും ആശ്വാസം നല്‍കും. കണ്ണിന് പരിക്ക് പറ്റുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴോ വരുന്ന നീര്‍ക്കെട്ടും തണുപ്പ് വെക്കുന്നതിലൂടെ ഇല്ലാതാക്കാം. തണുത്ത വെള്ളത്തില്‍ വൃത്തിയുള്ള തുണി മുക്കി കണ്ണുകള്‍ക്ക് മുകളിലായി പതുക്കെ ഒപ്പുകയാണ് ചെയ്യേണ്ടത്. ഐസ് നേരിട്ട് കണ്‍പോളയില്‍ വെക്കുകയോ തണുത്ത വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് കണ്‍പോളകളില്‍ അമര്‍ത്തുകയോ ചെയ്യരുത്.

 

റോസ് വാട്ടര്‍

കണ്ണിലെ പ്രശ്‌നങ്ങള്‍ മാറാന്‍ സാധാരണയായി ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് റോസ് വാട്ടര്‍. റോസ് വാട്ടറിന്റെ അണുനാശക ഗുണങ്ങള്‍ കണ്ണിലെ ചുവപ്പ് മാറാനും ചെങ്കണ്ണും അണുബാധയും കുറയ്ക്കാനും സഹായിക്കും. വൃത്തിയുള്ള ഒരു ക,ഷ്ണം പഞ്ഞി റോസ് വാട്ടറില്‍ മുക്കി കണ്ണടച്ച് കണ്‍പോളകള്‍ക്ക് മുകളിലായി തടവിയാല്‍ മതിയാകും. ഒന്ന് രണ്ട് തുള്ളി ശുദ്ധമായ റോസ് വാട്ടര്‍ കണ്ണിനുള്ളില്‍ ഒഴിക്കുന്നതും നല്ലതാണ്.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

 

കറ്റാര്‍വാഴ

ബാക്ടീരിയയ്ക്കും മറ്റ് രോഗാണുക്കള്‍ക്കുമെതിരെ പോരാടാനുള്ള കറ്റാര്‍വാഴയുടെ ശേഷി വേദനയില്‍ നിന്നും നീറ്റലില്‍ നിന്നും കണ്ണുകള്‍ക്ക് ആശ്വാസം നല്‍കും.കറ്റാര്‍വാഴ ഇലകളില്‍ നിന്നുള്ള ശുദ്ധമായ ഒരു ടീസ്പൂണ്‍ ജെല്‍ രണ്ട് ടീസ്പൂള്‍ തണുത്ത വെള്ളവുമായി യോജിപ്പിക്കുക. വൃത്തിയുള്ള ഒരു കഷ്ണം തുണി  എടുത്ത് കറ്റാര്‍വാഴ മിശ്രിതത്തില്‍ മുക്കി പത്ത് മിനിട്ട് കണ്ണിന് മുകളിലായി വെക്കുക, കറ്റാര്‍വാഴ നീര് നേരിട്ട് കണ്ണില്‍ ഒഴിക്കരുത്.

 

തുളസി

ഏറെ ഔഷധ ഗുണങ്ങളുള്ള തുളസിക്ക് അണുനാശക ശേഷിയും മുറിവുണക്കാനുള്ള കഴിവും ഉണ്ട്. അതിനാല്‍ കണ്ണസുഖങ്ങള്‍ക്ക് വളരെ മികച്ച പ്രതിവിധിയാണ് തുളസി. തുളസിയില തിളച്ച വെള്ളത്തില്‍ 10-15 മിനിട്ട് ഇട്ട് വെച്ച് തണുത്ത ശേഷം അതുപയോഗിച്ച് കണ്ണ് കഴുകുക. അല്ലെങ്കില്‍ ആ വെള്ളം ഉപയോഗിച്ച് കണ്ണില്‍ ചൂട് വെക്കുകയും ചെയ്യാം.

 

വെള്ളം കുടിക്കുക

നമ്മുടെ ശരീരത്തിന്റെ എഴുപത് ശതമാനവും ജലമാണ്. അതിനാല്‍ തന്നെ ആരോഗ്യത്തോടെയിരിക്കാന്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. 2-3 ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രമിക്കുക. അത്രയധികം കുടിക്കാന്‍ കഴിയാത്തവര്‍ വെള്ളം കുടുതലായി അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

 

കണ്‍പോള കഴുകുക

കണ്ണീര്‍ ഗ്രന്ഥികളിലെ തടസം മാറുന്നതിനായി ചെറുചൂടുവെള്ളം കൊണ്ട് കണ്‍പോളകള്‍ മൃദുവായി മസാജ് ചെയ്യുന്നത് നല്ലതാണ്. താഴത്തെ കണ്‍പോളയും മുകളിലെ കണ്‍പോളയും കണ്‍പീലികളും ഇങ്ങനെ വൃത്തിയാക്കുന്നത് കണ്ണിന് ആശ്വാസം നല്‍കും. മാത്രമല്ല കണ്ണുകള്‍ വരണ്ടുപോകുന്നത് തടയാനും ഇതിലൂടെ സാധിക്കും.

  ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024

 

ഹാനികരമായ വസ്തുക്കളില്‍ നിന്ന് അകന്ന് നില്‍ക്കുക

സിഗരറ്റ് പുക, തീ കത്തിക്കുമ്പോഴുള്ള പുക, മറ്റ് മാലിന്യങ്ങള്‍ തുടങ്ങി കണ്ണിന് ഹാനികരമായ വസ്തുക്കളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പരമാവധി ശ്രമിക്കുക. ജോലി സംബന്ധമായി കണ്ണുകള്‍ക്ക് വലിയ ആയാസമുണ്ടാകുന്നുണ്ടെങ്കില്‍ ഇതൊഴിവാക്കാന്‍ അനുയോജ്യമായ കണ്ണടകള്‍ ധരിക്കുക. ഇത്തരം സാഹചര്യങ്ങളില്‍ കണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം. മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളും കണ്ണിന് അസ്വസ്ഥയുണ്ടാക്കിയേക്കാം. അങ്ങനെ വന്നാല്‍ കുറച്ച് ദിവസത്തേക്ക് അത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. പൊതുവെ കണ്ണിന് ചുറ്റും മെയ്ക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

 

വേണം സൂര്യനില്‍ നിന്നും സംരക്ഷണം

കണ്ണുകളില്‍ സൂര്യ രശ്മികള്‍ നേരിട്ടേല്‍ക്കുന്നത് കണ്ണിലെ വരള്‍ച്ച വര്‍ധിപ്പിക്കും. പുറത്ത് പോകുമ്പോള്‍, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് സണ്‍ഗ്ലാസ് വെക്കാന്‍ ശ്രദ്ധിക്കുക. ദിവസം മുഴുവന്‍ ടിവി കാണുകയോ ജോലി സംബന്ധമായി കപ്യട്ടര്‍ നോക്കിയിരിക്കുകയോ ചെയ്യുന്നവര്‍ ഇടവേളകള്‍ എടുക്കുക.

ഇത്തരത്തില്‍ നമുക്കെപ്പോഴും ലഭ്യമായ സാധനങ്ങളിലൂടെ നേത്രാരോഗ്യം കാത്തുസൂക്ഷിക്കാമെങ്കിലും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. അഴുക്കുള്ള കൈ കൊണ്ട് കണ്ണ് തിരുമ്മാതിരിക്കുക, ഇടക്കിടക്ക് കണ്ണ് അമര്‍ത്തി തിരിമ്മാതിരിക്കുക, കണ്ണില്‍ തൊടുന്നതിന് മുമ്പായി സോപ്പ് കൊണ്ടോ 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കൊണ്ടോ കൈ കഴുകുക, ഇടക്കിടക്ക് കണ്ണ് തണുത്തവെള്ളത്തില്‍ കഴുകി ഉണങ്ങിയ തോര്‍ത്ത് കൊണ്ട് തുടക്കുക എന്നിവയാണ് അവയില്‍ ചിലത്. കണ്ണടകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കു, കണ്ണില്‍ ഉപയോഗിക്കുന്ന കണ്‍മഷിയും മറ്റ് മേക്കപ്പ് സാധനങ്ങളും മറ്റുള്ളവരുമായി പങ്കിടാതിരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞ പൊടിക്കൈകള്‍ പ്രയോഗിച്ചിട്ടും കണ്ണിലെ അസ്വസ്ഥത തുടരുകയാണെങ്കില്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികി ത്സ തേടുക

Maintained By : Studio3