September 11, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഒറ്റദിവസം 3.14 ലക്ഷം കേസുകള്‍; ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

1 min read

വാക്‌സിനെടുത്തവരില്‍ രോഗമുണ്ടാകുന്നത് വളരെ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആര്‍

ന്യൂഡെല്‍ഹി: രണ്ടാം കോവിഡ് തരംഗം ഇന്ത്യയെ തൂത്തുവാരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 3.14 ലക്ഷം കോവിഡ്-19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1.59 കോടി കവിഞ്ഞു. 2,104 കോവിഡ് മരണങ്ങളുമായി മരണനിരക്കിലും രാജ്യം കഴിഞ്ഞ ദിവസം പുതിയ റെക്കോഡിട്ടു.

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ വെല്ലുവിളികളികളിലൂടെയാണ് ഇന്ത്യയിലെ ആരോഗ്യരംഗം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കാവശ്യമായ ഓക്‌സിജനും കിടക്കകള്‍ക്കും ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ജനുവരിയില്‍ അമേരിക്കയില്‍ രേഖപ്പെടുത്തിയ 297,430 ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്. എന്നാല്‍ ബുധനാഴ്ച ഇന്ത്യയില്‍ 314,835 കേസുകളാണ് രേഖപ്പടുത്തിയത്. ഇന്ത്യയില്‍ ഇതുവരെ 1.84 ലക്ഷം ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്. ഓക്‌സിജന്‍ ഡിമാന്‍ഡും വിതരണവും കൃത്യമായി നിരീക്ഷിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഉയര്‍ത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

  ലീപ് സെന്‍ററുകള്‍ കാമ്പസുകളിലേക്ക് വ്യാപിപ്പിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഏപ്രില്‍ 15ന് ശേഷം രണ്ട് ലക്ഷത്തിലധികം പ്രതിദിന കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് രണ്ടാംതംരംഗം ഇനിയും ശക്തി പ്രാപിക്കാനിടയുണ്ട്. അതേസമയം എപ്പോഴാണ് രണ്ടാംതരംഗം ദുര്‍ബലപ്പെടുകയെന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ക്ക് പോലും കൃത്യമായ അറിവില്ല. 24 മണിക്കൂറിനിടെ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന രേഖപ്പെടുത്തിയ അഞ്ച് സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (67.468), ഉത്തര്‍പ്രദേശ് (24,638), കര്‍ണ്ണാടക (23,558), കേരളം (22,414) എന്നിവയാണ്.

മഹാരാഷ്ട്രയില്‍ രോഗവ്യാപനം തടയുന്നതിനുള്ള ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ ഭാഗമായി ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 568 പേരാണ് ബുധനാഴ്ച മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച് മരിച്ചത്. പുതിയ നിയമങ്ങള്‍ പ്രകാരം മഹാരാഷ്ട്രയില്‍ കോവിഡ്-19 പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെയും ഹാജര്‍നില 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. വിവാഹമടക്കമുള്ള ആഘോഷ പരിപാടികളില്‍ 25ലധികം ആളുകളെ പങ്കെടുപ്പിക്കരുതെന്നും ബസുകള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറത്തിറക്കി.

  വിറ്റുവരവില്‍ മില്‍മയ്ക്ക് 5.52 ശതമാനം വര്‍ധന

രോഗ വ്യാപനത്തിനൊപ്പം കടുത്ത ഓക്‌സിജന്‍ ക്ഷാമവും നേരിടുന്ന ഡെല്‍ഹിയില്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കരുതെന്നും ഓക്‌സിജന്‍ ഇല്ലാതെ ആളുകളെ മരിക്കാന്‍ വിടുന്ന സ്ഥിതിയുണ്ടാക്കരുതെന്നും സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഡെല്‍ഹി ഹൈക്കോടതി പറഞ്ഞു. ഒരുവശത്ത് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിക്കുമ്പോള്‍ മറുവശത്ത് ഓക്‌സിജന്‍ ടാങ്കറിലെ ചോര്‍ച്ച മൂലം 24 ഓളം പേര്‍ മരണത്തിന് കീഴടങ്ങിയത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബുധനാഴ്ചയാണ് മഹാരാഷ്ട്രയിലെ നാസികില്‍ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ന്ന് അരമണിക്കൂറോളം രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. ഹൃദയഭേദകമെന്നാണ് ഈ സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്.

  രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾകൂടി നീറ്റിലിറക്കി കൊച്ചിൻ ഷിപ്യാഡ് 

ഇതിനിടെ ആദ്യമായി വാക്‌സിന്‍ എടുത്തതിന് ശേഷം കോവിഡ്-19 ബാധിച്ചവരുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. 10,000 പേരില്‍ രണ്ട് മുതല്‍ നാല് വരെ ആളുകള്‍ക്ക് മാത്രമാണ് വാക്‌സിന്‍ എടുത്തിട്ടും രോഗം ബാധിച്ചതെന്നും നിലവിലെ ഗുരുതര സാഹചര്യത്തില്‍ ഇതുവളരെ കുറഞ്ഞ നിരക്കാണെന്നും ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. പകര്‍ച്ചവ്യാധി വ്യാപനം കുറയ്ക്കുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോയെങ്കിലും ലോക്ക്ഡൗണ്‍ എന്നത് ഏറ്റവും അവസാനത്തെ ഓപ്ഷനായിരിക്കണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ കേസുകള്‍ കുത്തനെ ഉയരുന്നത് ആരോഗ്യ മേഖലയുടെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ട്. ഇതുവരെ 13.22 കോടി വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. മേയ് ഒന്ന് മുതല്‍ ഇന്ത്യയില്‍ പതിനെട്ട് വയസ് പിന്നിട്ടവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിക്കും.

Maintained By : Studio3