കേരളത്തില്‍ എക്സ്ട്രൂഷന്‍ പ്ലാന്‍റ് വികസനത്തിനുള്ള പദ്ധതിയുമായി ഹിന്‍ഡാല്‍കോ
തിരുവനന്തപുരം: കേരളത്തില്‍ തങ്ങളുടെ പുതിയ വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്‍റെ പ്രതിനിധികള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി.സര്‍ക്കാര്‍ സഹകരണത്തോടെ എക്സ്ട്രൂഷന്‍ പ്ളാന്‍റിന്‍റെ വികസനത്തിനുള്ള പദ്ധതിയാണ് ഹിന്‍ഡാല്‍കോ തയ്യാറാക്കുന്നത്.
പദ്ധതിയെക്കുറിച്ച് ഹിന്‍ഡാല്‍കോ സീനിയര്‍ പ്രസിഡന്‍റ് ബി. അരുണ്‍ കുമാറുമായാണ് മന്ത്രി സംസാരിച്ചത്. വ്യാവസായികാവശ്യങ്ങള്‍ക്ക് അലൂമിനിയം കൂടുതലായി ഉപയോഗിക്കുന്നത് അലൂമിനിയം എക്സ്ട്രൂഷന്‍ വിപണിയെ ഉത്തേജിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹിന്‍ഡാല്‍കോ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
കളമശ്ശേരി അലുപുരത്താണ് നിലവില്‍ ഹിന്‍ഡാല്‍കോയുടെ പ്ളാന്‍റ് ഉള്ളത്. എക്സ് ട്രൂഷന്‍ പ്രസ് യൂണിറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ആലോചന. ഇതിനായി മാവൂര്‍ ഗ്രാസിം യൂണിറ്റിന്‍റെ സ്ഥലം ഉപയോഗപ്പെടുത്തുന്നതിന്‍റെ സാധ്യതകളും പരിശോധിക്കുമെന്ന് പി. രാജീവ് അറിയിച്ചു. കഴിഞ്ഞ ദിവസം വ്യത്യസ്ത വ്യാവസായിക സംഘടനകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങള്‍ സമാഹരിച്ചിരുന്നു.