Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാന കരകൗശല പുരസ്കാരം വിതരണം ചെയ്തു

1 min read

തിരുവനന്തപുരം: കരകൗശല മേഖലയിലെ സൂക്ഷ്മസംരംഭങ്ങള്‍ക്ക് ആശാ പദ്ധതിയിലൂടെ നല്കുന്ന ധനസഹായം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ മേഖലയിലെ ധനസഹായം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരകൗശല മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയവര്‍ക്കുള്ള 2021 ലെ കരകൗശല പുരസ്കാര വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പൊതുവിഭാഗത്തിന് നല്കുന്ന മൂലധന സഹായം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. എസ്സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് നിലവിലെ മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലര ലക്ഷമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭം തുടങ്ങിയവര്‍ക്കുള്ള പ്രവര്‍ത്തന മൂലധന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനത്തില്‍ പൊതുവിഭാഗത്തിന് നിലവില്‍ നല്കുന്ന രണ്ടു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കും. പ്രത്യേകവിഭാഗക്കാര്‍ക്ക് നല്കുന്ന മൂന്നു ലക്ഷം രൂപയില്‍ നിന്ന് ഏഴര ലക്ഷമായും ഉയര്‍ത്തും. അടുത്ത വര്‍ഷം മുതല്‍ വ്യവസായ സഹകരണ സംഘങ്ങളില്‍ സംരംഭകത്വമികവ് പുലര്‍ത്തുന്നവര്‍ക്ക് സംസ്ഥാനതല പുരസ്കാരം നല്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ പുനര്‍ജീവനത്തിനായി കാലഹരണപ്പെട്ട യന്ത്രസാമഗ്രികള്‍ മെച്ചപ്പെടുത്താനായി അഞ്ചു ലക്ഷം രൂപ വരെ നല്കും. ഇവര്‍ക്ക് മൂന്നു ലക്ഷം രൂപ റിവോള്‍വിങ്ങ് ഫണ്ടായും ലഭ്യമാക്കും.

  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍

ടൂറിസവുമായി ബന്ധപ്പെട്ട് കരകൗശല മേഖലയില്‍ പരോക്ഷമായ തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കേരളത്തിന്‍റെ തനതു രൂപങ്ങള്‍ കരകൗശല വസ്തുക്കളിലൂടെ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും. അതിനുള്ള സഹായങ്ങള്‍ വ്യവസായ വകുപ്പ് നല്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല. ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു. കേരള ടൂറിസത്തില്‍ കരകൗശല വസ്തുക്കളുടെ പ്രാധാന്യം കുറച്ചുകാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കരകൗശല മേഖലയിലെ വിദഗ്ധരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് വാണിജ്യ വകുപ്പിന്‍റെ കടമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആഗോള പ്രതിനിധിസംഘം

ദാരുശില്‍പ്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പ്പങ്ങള്‍ ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ചവ (മുകളില്‍ ഉള്‍പ്പെടാത്തവ) എന്നീ ഏഴ് വിഭാഗങ്ങളിലായാണ് പുരസ്ക്കാരം നല്‍കിയത്. കരകൗശല വിദഗ്ദരുടെ മികച്ച സംഭാവനകള്‍, കരകൗശല വൈദഗ്ധ്യം, കരകൗശല വികസനം, എന്നിവ പരിഗണിച്ചാണ് പുരസ്കാരം. കമലാസനന്‍. എന്‍ (ദാരുശില്‍പ്പങ്ങള്‍), എ.പ്രതാപ് (പ്രകൃതി ദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍), സുരേന്ദ്രന്‍ കെ. കെ (ചൂരല്‍ മുള എന്നിവയില്‍ തീര്‍ത്ത കലാരൂപങ്ങള്‍) , ജയകുമാരി എംഎല്‍ (ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്ര തുന്നല്‍), രാജേന്ദ്രന്‍ റ്റി.വി (ലോഹശില്‍പ്പങ്ങള്‍) മുരളി കെ.വി (ചിരട്ട ഉപയോഗിച്ചുള്ള കലാരൂപങ്ങള്‍), എ.കെ.അരുണ്‍ (വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍) എന്നിവരാണ് പുരസ്കാരത്തിനു അര്‍ഹരായത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്കാരം.

  വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ശശിധരന്‍ പി.എ (ദാരുശില്‍പ്പങ്ങള്‍), ബാബു. കെ (പ്രകൃതി ദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍), സോണി രമേശ് (ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത കലാരൂപങ്ങള്‍), വാസുദേവന്‍ ചേതില്‍, ഇരിങ്ങല്‍, കോഴിക്കോട് (ലോഹ ശില്‍പ്പങ്ങള്‍), ചിരട്ട ഉപയോഗിച്ചുള്ള കലാരൂപങ്ങള്‍ – ജി.എസ്.ചന്തുനായര്‍ (ചിരട്ട ഉപയോഗിച്ചുള്ള കലാരൂപങ്ങള്‍), രമേശന്‍ എം.കെ (വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍) എന്നിവര്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു. സംസ്ഥാനത്ത് കരകൗശല വ്യവസായം വികസിപ്പിക്കുന്നതിനും കരകൗശല വിദഗ്ധര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുന്നതിനുമായി 2015-16 മുതലാണ് കരകൗശല പുരസ്കാരം നല്‍കുന്നത്.

Maintained By : Studio3