മേയില്‍ ജിഎസ്ടി വരുമാനത്തില്‍ ഇടിവ്
തുടര്‍ച്ചയായ എട്ടാം മാസവും 1 ലക്ഷം കോടിക്ക് മുകളിലുള്ള സമാഹരണം രേഖപ്പെടുത്താനായി
ന്യൂഡെല്‍ഹി: മെയ് മാസത്തെ മൊത്ത ചരക്ക് സേവന നികുതി പിരിവ് 1,02,709 കോടി രൂപയാണെന്ന് ധനമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ഏപ്രിലില്‍ ജിഎസ്ടി വരുമാനം റെക്കോര്‍ഡ് തലമായ 1.41 ലക്ഷം കോടി രൂപയില്‍ എത്തിയിരുന്നു. അതില്‍ നിന്ന് നികുതി സമാഹരണം ഏറെ ഇടിയുന്നത് കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണുകളാണ് പ്രധാന പങ്കുവഹിച്ചത്. എങ്കിലും തുടര്‍ച്ചയായ എട്ടാം മാസവും 1 ലക്ഷം കോടിക്ക് മുകളിലുള്ള സമാഹരണം രേഖപ്പെടുത്താനായി.
ഇക്കഴിഞ്ഞ മേയിലെ ജിഎസ്ടി വരുമാനം കഴിഞ്ഞ വര്‍ഷം മേയിനെ അപേക്ഷിച്ച് 65 ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയില്‍ നിന്നുള്ള ശേഖരണം 56 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ 69 ശതമാനം കൂടുതലാണ്.
മൊത്തം ജിഎസ്ടി സമാഹരണത്തില്‍ സിജിഎസ്ടി 17,592 കോടി രൂപയും എസ്ജിഎസ്ടി 22,653 രൂപയും ഐജിഎസ്ടി 53,199 കോടി രൂപയും (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 26,002 കോടി രൂപയും ഉള്‍പ്പെടെ) സെസ് 9,265 കോടി രൂപയും (868 കോടി ഡോളര്‍ ഉള്‍പ്പെടെ ചരക്കുകള്‍) ആണെന്ന് മന്ത്രാലയം പുറത്തുലിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മേയില്‍ സംയോജിത ജിഎസ്ടിയില്‍ നിന്നും സിജിഎസ്ടിക്ക് 15,014 കോടി രൂപയും എസ്ജിഎസ്ടിക്ക് 11,653 കോടി രൂപയും പതിവ് സെറ്റില്‍മെന്‍റായി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മുകളില്‍ സൂചിപ്പിച്ച ജിഎസ്ടി വരുമാന കണക്കുകളില്‍ ജൂണ്‍ 4 വരെയുള്ള ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള പിരിവുകള്‍ ഉള്‍പ്പെടുന്നു. കോവിഡ് 19 രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച റിട്ടേണ്‍ ഫയലിംഗിന് പലിശയില്ലാതെ 15 ദിവസത്തേക്ക് അധിക കാലപരിധി അനുവദിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
5 കോടിയിലധികം വിറ്റുവരവുള്ള നികുതിദായകര്‍ക്ക് ജൂണ്‍ 4 വരെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവാദമുണ്ടായിരുന്നു. സാധാരണ ഗതിയില്‍ അത് മെയ് 20 നകം സമര്‍പ്പിക്കേണ്ടതായിരുന്നു. അതേസമയം, 5 കോടിയില്‍ താഴെ വിറ്റുവരവുള്ള ചെറിയ നികുതിദായകര്‍ക്ക് പലിശയില്ലാതെ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ജൂലൈ ആദ്യ ആഴ്ച വരെ സമയമുണ്ട്. അതിനാല്‍ മേയിലെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും ഉയര്‍ന്നതായിരിക്കുമെന്നും നീട്ടിനല്‍കിയ കാലപരിധി അവസാനിക്കുമ്പോള്‍ മാത്രമേ അത് വ്യക്തമാകൂവെന്നും ധനമന്ത്രാലയത്തിന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.