ഇന്ത്യന്‍ ഭാഷകളിലേക്ക് ഗൂഗിള്‍ മാപ്‌സിന്റെ ലിപ്യന്തരണം
1 min read
ഇന്ത്യയിലെ പത്ത് ഭാഷകളിലേക്കാണ് ഈ ലിപ്യന്തരണമെന്ന് ഗൂഗിള്‍ മാപ്‌സ് അറിയിച്ചു
ന്യൂഡെല്‍ഹി: പോയന്റ്‌സ് ഓഫ് ഇന്ററസ്റ്റ് (പിഒഐ) നാമങ്ങള്‍ ഇനി ഗൂഗിള്‍ മാപ്‌സ് ഓട്ടോമാറ്റിക്കായി ഇന്ത്യന്‍ ഭാഷകളിലേക്ക് മാറ്റും. ഇന്ത്യയിലെ പത്ത് ഭാഷകളിലേക്കാണ് ഈ ലിപ്യന്തരണമെന്ന് ഗൂഗിള്‍ മാപ്‌സ് അറിയിച്ചു. ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഗൂഗിള്‍ മാപ്‌സില്‍ എന്തെങ്കിലും തെരയുന്നത് എളുപ്പമായിരിക്കും.
റെസ്റ്റോറന്റുകള്‍, പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റോപ്പുകള്‍, ട്രെയ്ന്‍ സ്റ്റേഷനുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങി ഗൂഗിള്‍ മാപ്‌സില്‍ ഇനി എന്തു തിരയുമ്പോഴും തദ്ദേശീയ ഭാഷകളില്‍ ഫലം ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.
ഹിന്ദി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, ഗുജറാത്തി, കന്നഡ, മലയാളം, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലേക്കാണ് ലാറ്റിന്‍ ലിപിയിലെ (ഇംഗ്ലീഷ്) പോയന്റ്‌സ് ഓഫ് ഇന്ററസ്റ്റ് പേരുകള്‍ ഓട്ടോമാറ്റിക്കായി ലിപ്യന്തരണം ചെയ്യുന്നത്.
ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയ ഫീച്ചര്‍ സഹായകരമാകുമെന്ന് ഗൂഗിള്‍ മാപ്‌സ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ സിബു ജോണി പറഞ്ഞു. റിസല്‍റ്റുകള്‍ വളരെ കൃത്യമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.