‘നത്തിംഗ്’ കമ്പനിയുമായി വണ്‍പ്ലസ് സഹസ്ഥാപകന്‍; ആദ്യ സ്മാര്‍ട്ട് ഡിവൈസ് ഉടന്‍
ഇക്കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്പനിക്കായി ഏഴ് മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാന്‍ കാള്‍ പേയിന് കഴിഞ്ഞിരുന്നു
ലണ്ടന്‍: വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പേയ് പുതിയ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനി ആരംഭിച്ചു. ലണ്ടന്‍ ആസ്ഥാനമായി ‘നത്തിംഗ്’ എന്ന കമ്പനിയാണ് തുടങ്ങിയത്. കമ്പനിയുടെ ആദ്യ സ്മാര്‍ട്ട് ഡിവൈസുകള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ വിപണിയിലെത്തും.
ഇക്കഴിഞ്ഞ ഡിസംബറില്‍ പുതിയ കമ്പനിക്കായി ഏഴ് മില്യണ്‍ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാന്‍ കാള്‍ പേയിന് കഴിഞ്ഞിരുന്നു. ടെക് കേമന്‍മാരും നിക്ഷേപകരുമായി നിരവധി പേരാണ് നിക്ഷേപം നടത്തിയത്. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ‘നത്തിംഗ്’ പ്രഖ്യാപിച്ചത്.
സാങ്കേതികവിദ്യാ രംഗത്ത് രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായെന്ന് ‘നത്തിംഗ്’ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാള്‍ പേയ് പറഞ്ഞു. മാറ്റത്തിനുള്ള സമയം ഇതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികവിദ്യയുടെ ക്രിയാത്മക സാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രചോദനമേകാനാണ് ‘നത്തിംഗ്’ ലക്ഷ്യമിടുന്നത്.
സുഗമമായ ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുന്നതിന് ജനങ്ങളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് കാള്‍ പേയ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മനോഹരവും എന്നാല്‍ സ്വാഭാവികവുമാണ് മികച്ച സാങ്കേതികവിദ്യയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വേണ്ടത്ര പുരോഗമിക്കുമ്പോള്‍, ഈ സാങ്കേതികവിദ്യകള്‍ പശ്ചാത്തലത്തിലേക്ക് വിട വാങ്ങുകയും ഒന്നുമില്ലെന്ന് (നത്തിംഗ്) തോന്നുകയും വേണമെന്ന് കാള്‍ പേയ് പറഞ്ഞുനിര്‍ത്തി.
ചൈനീസ് വംശജനും ഇപ്പോള്‍ സ്വീഡിഷ് പൗരനുമായ ടെക് സംരംഭകന്‍ തന്റെ 24ാം വയസ്സില്‍ 2013 ലാണ് വണ്‍പ്ലസ് സഹസ്ഥാപകനായി മാറിയത്. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം 2020 ഒക്‌റ്റോബറില്‍ വണ്‍പ്ലസ് വിടാനുള്ള തീരുമാനം കാള്‍ പേയ് കൈക്കൊണ്ടു.