ഐഫോണ്‍ കണ്ടെത്താന്‍ ഗൂഗിള്‍ അസിസ്റ്റന്റ് സഹായിക്കും
സ്വന്തം ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ഹോം ആപ്പില്‍നിന്നുള്ള നോട്ടിഫിക്കേഷനുകളും അലര്‍ട്ടുകളും സ്വീകരിക്കുന്നതിന് തയ്യാറാകണമെന്ന് മാത്രം
മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ: ഗൂഗിള്‍ അസിസ്റ്റന്റില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായി ടെക് ഭീമനായ ഗൂഗിള്‍ പ്രഖ്യാപിച്ചു. നഷ്ടപ്പെട്ട നിങ്ങളുടെ ഐഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചര്‍.
കുറച്ചുകാലമായി, ‘ഫൈന്‍ഡ് മൈ’ സേവനം ഉപയോഗിച്ചാണ് ഐഫോണുകള്‍ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ടെത്തുന്നത്. സിരി അസിസ്റ്റന്റ് നല്‍കിയിട്ടുള്ളതിനാല്‍ നഷ്ടപ്പെട്ട ഐഫോണ്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് നിങ്ങളുടെ ഐഫോണ്‍ എവിടെയെന്ന് ചോദിച്ചാല്‍ മാത്രം മതി. കേള്‍ക്കാവുന്ന നോട്ടിഫിക്കേഷനോടെ നിങ്ങളുടെ ഡിവൈസ് പിംഗ് ചെയ്യും. ഡു നോട്ട് ഡിസ്റ്റര്‍ബ് എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും പ്രശ്‌നമല്ല. സമാനമായ ഫീച്ചറാണ് ഗൂഗിള്‍ അസിസ്റ്റന്റില്‍ വരുന്നത്.
ഹേയ് ഗൂഗിള്‍, ഫൈന്‍ഡ് മൈ ഫോണ്‍ എന്ന് നെസ്റ്റ് സ്മാര്‍ട്ട് സ്പീക്കറിനോടോ സ്മാര്‍ട്ട് ഡിസ്‌പ്ലേയോടോ ചോദിച്ചാല്‍ മതിയെന്ന് ബ്ലോഗ്‌പോസ്റ്റിലൂടെ ഗൂഗിള്‍ അസിസ്റ്റന്റ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം സീനിയര്‍ ഡയറക്റ്റര്‍ ലിലിയന്‍ റിങ്കണ്‍ വ്യക്തമാക്കി. ഇപ്പോള്‍ ഐഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടെ എല്ലാ ഡിവൈസുകളും കണ്ടെത്താമെന്ന് അദ്ദേഹം അറിയിച്ചു. സ്വന്തം ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ഹോം ആപ്പില്‍നിന്നുള്ള നോട്ടിഫിക്കേഷനുകളും അലര്‍ട്ടുകളും സ്വീകരിക്കുന്നതിന് തയ്യാറാകണമെന്ന് മാത്രം. ഐഫോണ്‍ കണ്ടെത്താന്‍ ആവശ്യപ്പെട്ടാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുകയും റിംഗ് ശബ്ദം കേള്‍ക്കുകയും ചെയ്യാം. സൈലന്റ് അല്ലെങ്കില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് എനേബിള്‍ ചെയ്താലും ഫോണ്‍ കണ്ടെത്താന്‍ സഹായിക്കും.