അന്താരാഷ്ട്ര വനിതാ ദിനം : സ്ത്രീശാക്തീകരണത്തിന് ഗൂഗിളിന്റെ 25 മില്യണ്‍ ഡോളര്‍ പ്രഖ്യാപനം
കൂടുതല്‍ സമത്വാധിഷ്ഠിതവും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണിതെന്ന് സുന്ദര്‍ പിച്ചൈ
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ഗൂഗിള്‍ 25 മില്യണ്‍ യുഎസ് ഡോളറിന്റെ ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെയും ലോകത്തെ മറ്റിടങ്ങളിലെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും സാമൂഹിക സ്ഥാപനങ്ങള്‍ക്കുമായി ധനസഹായം കൈമാറും. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം.
ഇതോടൊപ്പം, ഇന്ത്യന്‍ ഗ്രാമങ്ങളിലെ പത്ത് ലക്ഷത്തോളം സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിന് സഹായം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പിച്ചൈ പറഞ്ഞു. ബിസിനസ് സംബന്ധിച്ച പരിശീലനങ്ങള്‍, ഉപദേശങ്ങള്‍ എന്നിവ നല്‍കി മാര്‍ഗദര്‍ശിയാകാനാണ് ഗൂഗിള്‍ തീരുമാനം. ഗൂഗിളിന്റെ ‘ഇന്റര്‍നെറ്റ് സാഥി’ പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നത്.
കൊവിഡ് 19 മഹാമാരി കാലത്ത് സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത മിക്കവാറും ഇരട്ടിയാണെന്ന് ‘ഗൂഗിള്‍ ഫോര്‍ ഇന്ത്യ’ വര്‍ച്ച്വല്‍ പരിപാടിയില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു. മാത്രമല്ല, രണ്ട് കോടിയോളം പെണ്‍കുട്ടികള്‍ ഇനി സ്‌കൂളുകളില്‍ മടങ്ങിയെത്തില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ സമത്വാധിഷ്ഠിതവും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുന്നതുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് പിച്ചൈ വ്യക്തമാക്കി.
ഇതോടൊപ്പം, നാസ്‌കോം ഫൗണ്ടേഷനായി അഞ്ച് ലക്ഷം യുഎസ് ഡോളറിന്റെ ഗൂഗിള്‍.ഓര്‍ഗ് ഗ്രാന്റ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍, സാമ്പത്തിക സാക്ഷരത നടപ്പാക്കി ഒരു ലക്ഷത്തോളം സ്ത്രീ കര്‍ഷകത്തൊഴിലാളികളെ സഹായിക്കുന്നതിനാണ് ഈ തുക.
2015 ലാണ് ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സാഥി പദ്ധതി ആരംഭിച്ചത്. ഡിജിറ്റല്‍ സാക്ഷരതയിലൂടെ ഇന്ത്യയിലെ ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്നതിന് ടാറ്റ ട്രസ്റ്റ്‌സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ഗൂഗിള്‍ സാഥി പദ്ധതി പൂര്‍ത്തിയായതായി വര്‍ച്ച്വല്‍ ഇവന്റില്‍ പ്രഖ്യാപിച്ചു. ആറ് വര്‍ഷത്തിനിടെ ഇന്ത്യയിലെ മൂന്ന് കോടിയോളം സ്ത്രീകള്‍ക്കാണ് ഇന്റര്‍നെറ്റ് സാഥി പ്രോഗ്രാം ഗുണകരമായി മാറിയത്. എണ്‍പതിനായിരത്തോളം ഇന്റര്‍നെറ്റ് സാഥികളാണ് ഇത്രയും പേര്‍ക്ക് പരിശീലനം നല്‍കിയത്.
ഗ്രാമീണ വനിതകള്‍ക്കായി ഇന്നത്തെ സാങ്കേതികവിദ്യ, ഒരുപക്ഷേ ഭാവി സാങ്കേതികവിദ്യ നടപ്പാക്കുന്നത് മികച്ച നീക്കം തന്നെയാണെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. കാലക്രമേണ, ഇന്റര്‍നെറ്റിന്റെ യഥാര്‍ത്ഥ ശക്തി സമൂഹത്തില്‍ പ്രകടമാകുന്നതിന് ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളിലൂടെ ഇന്ത്യയുടെ ‘വളര്‍ച്ചാ കഥ’യില്‍ (ഗ്രോത്ത് സ്‌റ്റോറി) മികച്ച സംഭാവന നല്‍കുന്നവരായി സ്ത്രീകള്‍ക്ക് മാറാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര വനിത, ശിശു വികസന മന്ത്രി സ്മൃതി ഇറാനി പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജന്‍ ധന്‍ യോജനയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാന്‍ 220 ദശലക്ഷത്തോളം സ്ത്രീകളെ സഹായിച്ചതായി അവര്‍ വ്യക്തമാക്കി. മുദ്ര യോജന വഴി 27 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ എഴുപത് ശതമാനത്തോളം സ്ത്രീകളുടെ കൈകളിലാണ് എത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിനുള്ള ഗൂഗിള്‍ ശ്രമങ്ങളില്‍ സന്തോഷമുണ്ടെന്നും സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് ഈ ശ്രമങ്ങള്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
‘വിമണ്‍ വില്‍’ വെബ് പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ഗൂഗിള്‍ അറിയിച്ചു. സാമൂഹിക പിന്തുണ, ഉപദേശങ്ങള്‍, മറ്റ് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഗ്രാമീണ സ്ത്രീകളെ സംരംഭകരാക്കി മാറ്റുന്നതിന് വെബ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കും. സംരംഭകരായി മാറാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് വെബ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ‘വിമണ്‍ വില്‍’ ലഭ്യമായിരിക്കും. തുടക്കത്തില്‍ രണ്ടായിരം ഇന്റര്‍നെറ്റ് സാഥികളുമായി ഗൂഗിള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.