വാക്സിന്‍ വിതരണത്തില്‍ നീതിതേടി ആഗോള ആത്മീയ നേതാക്കള്‍
1 min readദരിദ്ര രാജ്യങ്ങള്‍ക്കുവേണ്ടി പേറ്റന്‍റുകള്‍ എഴുതിത്തള്ളണമെന്നും ധനസഹായം വര്‍ധിപ്പിക്കണമെന്നും ആവശ്യം
ധരംശാല: വാക്സിന്‍ പേറ്റന്‍റുകള്‍ എഴുതിത്തള്ളണമെന്ന് അഭ്യര്‍ത്ഥിച്ച് ദലൈലാമ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആത്മീയനേതാക്കള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനും ജി 7 നേതാക്കള്‍ക്കും തുറന്ന കത്തെഴുതി. ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ കോവിഡ് വേരിയന്‍റുകളുടെ വ്യാപനം രൂക്ഷമായതിനാല്‍ വാക്സിനുകള്‍ ഉറപ്പാക്കുന്നതിന് ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ ക്രിസ്ത്യന്‍ എയ്ഡിന്‍റെ അദ്ധ്യക്ഷനായ കാന്‍റര്‍ബറി മുന്‍ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസ് , ഓര്‍ത്തഡോക്സ് എക്യുമെനിക്കല്‍ പാട്രിയാര്‍ക്കെറ്റിനെ പ്രതിനിധീകരിക്കുന്ന കാല്‍സിഡോണിലെ മെട്രോപൊളിറ്റന്‍ ഇമ്മാനുവല്‍, ലൂഥറന്‍ വേള്‍ഡ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജംഗ്, കേപ് ടൗണിലെ ആംഗ്ലിക്കന്‍ ആര്‍ച്ച് ബിഷപ്പ് തബോ മക്ഗോബ തുടങ്ങിയവരും ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.
നൂറിലധികം രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ വിതരണം ചെയ്ത ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ടൂള്‍സ് ആക്സിലറേറ്ററിന്‍റെ (ആക്റ്റ്-എ) പ്രവര്‍ത്തനത്തെ അവര്‍ കത്തില്‍ പ്രശംസിച്ചു. എന്നാല്‍ ധനികരും ദരിദ്രരും തമ്മിലുള്ള വാക്സിന്‍ തുല്യതയുടെ വലിയ അഭാവം നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.അധിക ഫണ്ടിംഗിനും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധീരമായ നടപടികള്‍ക്കും രാജ്യങ്ങള്‍ തയ്യാറാകണമെന്ന് ആത്മീയ നേതാക്കള്‍ ആവശ്യപ്പെടുന്നു. ഇതുവരെ ഉല്‍പ്പാദിപ്പിക്കപ്പെട്ട 900 ദശലക്ഷം ഡോസുകളില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ലഭിച്ചത് ഒരുശതമാനത്തില്‍ താഴെയാണ്. എന്നാല്‍ വന്‍കിട സമ്പന്ന രാജ്യങ്ങള്‍ക്ക് ഉല്‍പ്പാദിപ്പിക്കപ്പെട്ട വാക്സിനുകളുടെ 83ശതമാനവും ലഭിച്ചു.ലോകത്തിലെ സമ്പന്നരും ദരിദ്രവുമായ രാജ്യങ്ങള്‍ തമ്മിലുള്ള വാക്സിന്‍ വിടവ് ദിവസംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വാക്സിന്‍ പേറ്റന്‍റുകള്‍ എഴുതിത്തള്ളുന്നത് വാക്സിന്‍ കവറേജ് കുറവുള്ള രാജ്യങ്ങളില്‍ അത് വിതരണം ചെയ്യുന്നത് വേഗത്തിലാക്കും. ഇക്കാര്യത്തിലും എല്ലാനേതാക്കള്‍ക്കും ഒരേ അഭിപ്രായമായിരുന്നു.’ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഒഴിവാക്കുന്നത് ഇക്കാര്യത്തില്‍ ലോകത്തെ സഹായിക്കും.ഇതിനായി ജി 7 രാജ്യങ്ങളുടെ പിന്തുണ അവര്‍തേടി. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, ഉല്‍പാദന സൈറ്റുകളെ വൈവിധ്യവത്കരിക്കാനും ഇത് അവസരമൊരുക്കുന്നു. ഇത് ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുന്നതിനുമുമ്പുള്ള കാഘട്ടം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും അപകടകരമായ വേരിയന്‍റുകള്‍ ഉയര്‍ന്നുവരുന്ന ഈ കാലഘട്ടത്തില്‍, മതനേതാക്കള്‍ പറയുന്നു.ആക്റ്റ്-എ പദ്ധതിയുടെ വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും, ജി 7 നേതാക്കളുടെ ധനസഹായം ഇല്ലെങ്കില്‍ പദ്ധതി പരാജയപ്പെടുമെന്നും അവര്‍മുന്നറിയിപ്പു നല്‍കുന്നു.
‘നിരവധി ജി 7 രാജ്യങ്ങള്‍ ആക്റ്റ്-എയ്ക്കുള്ള സംഭാവനകളില്‍ ഉദാരത പുലര്‍ത്തുന്നുണ്ട്. എങ്കിലും, ആക്റ്റ്-എയ്ക്കുള്ള ധനസഹായ വിടവ് ഈ വര്‍ഷം 19 ബില്യണ്‍ ഡോളറാണെന്നത് ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. രാജ്യങ്ങള്‍ വാക്സിന്‍ കവറേജ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ധനസഹായം രാജ്യങ്ങള്‍ വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ലോകത്തെ വാക്സിനേറ്റുചെയ്യാനുള്ള പദ്ധതിക്ക് അത് തിരിച്ചടിയാകും. ബൗദ്ധിക സ്വത്തവകാശ ഇളവുകളിലൂടെയും ജനറിക് നിര്‍മ്മാതാക്കളുമായി കഴിവുകളും വിഭവങ്ങളും പങ്കിടുന്നതിലൂടെയും ചെലവ് കുറയ്ക്കുന്നതിന് ഞങ്ങള്‍ക്ക് നടപടി ആവശ്യമാണ്’അവര്‍ പറയുന്നു. “ഈ രണ്ട് മേഖലകളിലും ജി 7 ന് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ ഒരു കൂട്ടമെന്ന നിലയില്‍, നിങ്ങളുടെ സാമ്പത്തിക പ്രതിബദ്ധത ആക്റ്റ്-എ യുടെ അഭിലാഷത്തെ പൂര്‍ത്തിയാക്കുകയോ തകര്‍ക്കുകയോ ചെയ്യാം. അതിനാല്‍ നോര്‍വെ നിര്‍ദ്ദേശിച്ച കടമ പങ്കിടല്‍ സൂത്രവാക്യം അംഗീകരിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു’ ,മതനേതാക്കള്‍ കത്തില്‍ പറഞ്ഞു.
ഇംഗ്ലണ്ടിലെ കോണ്‍വാളില്‍ ആരംഭിച്ച ജി 7 ഉച്ചകോടി ആഗോള വാക്സിനേഷന്‍ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായക നിമിഷമായിരിക്കും. അവിടെ എടുക്കുന്ന എന്തുതീരുമാനവും ഇതിനെ ബാധിക്കും. യുകെ സര്‍ക്കാരിനെയും ജി 7നെയും സംസബന്ധിച്ചിടത്തോളം ഇത് ഒരു പരീക്ഷണവുമായിരിക്കും. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് കൂടുതല്‍ നീതിപൂര്‍വകമായ സമീപനങ്ങള്‍ ഒരു ധാര്‍മ്മിക ബാധ്യതയാണെന്നും, ജി 7 ലെ പൗരന്മാര്‍ ഉള്‍പ്പെടെ ദുര്‍ബലരായ ആളുകള്‍ താമസിക്കുന്നിടത്തെല്ലാം അവരെ സംരക്ഷിക്കേണ്ടത് അനിവാര്യതയാണെന്നും വിശ്വസിക്കുന്നതായി ആത്മീയ നേതാക്കള്‍ കത്തില്‍ പറയുന്നു.