October 16, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോര്‍ട്ടിഫൈഡ് റൈസ് വിപണി 2027ടെ 28.4 ബില്യണ്‍ ഡോളര്‍ വിപണിമൂല്യം കൈവരിക്കും

1 min read

തിരുവനന്തപുരം: പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പരിശ്രമത്തില്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ബദലായി ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണലുകളെ (എഫ്ആര്‍കെ) ഉയര്‍ത്തിക്കാട്ടാവുന്നതാണെന്ന് വിദഗ്ധര്‍. ഇത് ഉത്പാദനച്ചെലവ് കുറഞ്ഞതും പോഷകസമ്പന്നവും കാര്യക്ഷമവും സുസ്ഥിരവുമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) പാപ്പനംകോട് കാമ്പസില്‍ സംഘടിപ്പിച്ച ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണലുകളെ സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സമ്പുഷ്ടീകരിച്ച അരി (ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണല്‍) പോഷകാഹാരക്കുറവും വിളര്‍ച്ചയും മറികടക്കാന്‍ സഹായകമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ ഐഐടി ഖൊരഗ്പൂരിലെ ഫുഡ് ടെക്നോളജി എമെരിറ്റസ് പ്രൊഫസര്‍ ഡോ. എച്ച്.എന്‍ മിശ്ര പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തില്‍ 37 ശതമാനം ഗര്‍ഭിണികളിലും അഞ്ച് വയസ്സിന് താഴെയുള്ള 40 ശതമാനം കുട്ടികളിലും അയണിന്‍റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഡോ. മിശ്ര ചൂണ്ടിക്കാട്ടി.

  നാഡി നോക്കുന്നതിനു മുൻപ്

2021 ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയിലെ 58 ശതമാനം കുട്ടികളും 57 ശതമാനം സ്ത്രീകളും 22 ശതമാനം പുരുഷന്‍മാരും വിളര്‍ച്ചയുള്ളവരാണ്. വിളര്‍ച്ചയും പോഷകക്കുറവും പരിഹരിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ 2019-20 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് 174.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് 12 കോടി കുട്ടികളിലേക്കും 10.3 കോടി സ്ത്രീകളിലേക്കും ഈ സംരംഭം എത്തി. 2024 ഓടെ പദ്ധതി 50 കോടി ഗുണഭോക്താക്കളിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാല്‍, എണ്ണ, ഗോതമ്പ്, അരി, ഉപ്പ് എന്നിവയാണ് ഇന്ത്യയില്‍ സമ്പുഷ്ടീകരിക്കുന്ന ചരക്കുകള്‍. പൊതുവിതരണ സമ്പ്രദായത്തിലൂടെയാണ് സമ്പുഷ്ടീകരിച്ച അരിയുടെ വിതരണം കാര്യക്ഷമമാകുക. ഫോര്‍ട്ടിഫൈഡ് റൈസ് കേര്‍ണല്‍ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഗുണനിലവാര നിയന്ത്രണം, ഗുണനിലവാര വിശകലനം, പങ്കാളികള്‍ തമ്മിലുള്ള ഏകോപനം എന്നിവ ആവശ്യമാണെന്നും ഡോ. മിശ്ര പറഞ്ഞു.

  സ്കൈസ്കാന്നറിന്‍റെ ട്രെന്‍ഡിംഗ് ഡെസ്റ്റിനേഷനില്‍ തിരുവനന്തപുരവും

നിലവില്‍ 18,227 അരി മില്ലുകളില്‍ സമ്പുഷ്ടീകരിച്ച അരി ഉത്പാദിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നുവെന്നും ഇത് എഫ്ആര്‍കെ ഉത്പാദനം വ്യാപകമാകുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അധ്യക്ഷ പ്രസംഗത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. വിളര്‍ച്ച കുറയ്ക്കാനും അയണിന്‍റെയും വിറ്റാമിന്‍റെയും അളവ് മെച്ചപ്പെടുത്താനും സമ്പുഷ്ടീകരിച്ച അരിക്കാകും. എന്‍ഐഐഎസ്ടി വികസിപ്പിച്ച റൈസ് കേര്‍ണലുകള്‍ ഉടന്‍ പുറത്തിറക്കും. ഭക്ഷ്യസുരക്ഷ പ്രാധാന്യമുള്ള വിഷയമായതിനാലാണ് റൈസ് കേര്‍ണലുകളുടെ ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമിത പോഷകാഹാരവും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ഇതര പ്രോട്ടീനുകള്‍ ആവശ്യമാണ്. ഫോര്‍ട്ടിഫൈഡ് റൈസ് വിപണി 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് നേടുമെന്നും 2027 ഓടെ 28.4 ബില്യണ്‍ ഡോളര്‍ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

  ജൈടെക്സ് ഗ്ലോബല്‍ 2024ൽ കേരള ഐടി പവലിയന്‍

അരിയുടെ സമ്പുഷ്ടീകരണം ഇരുമ്പ്, സിങ്ക്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി-12, വിറ്റാമിന്‍ എ തുടങ്ങിയ സൂക്ഷ്മപോഷകങ്ങള്‍ ചേര്‍ക്കാന്‍ അവസരമൊരുക്കുന്നുവെന്ന് ന്യൂഡല്‍ഹിയിലെ യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ഫുഡ് ടെക്നോളജി പ്രോഗ്രാം പോളിസി ഓഫീസര്‍ മില്ലി അസ്രാനി പറഞ്ഞു. നെല്ലിന്‍റെ പുറംതൊലി കളയുമ്പോഴും അരി മിനുക്കുമ്പോഴും സൂക്ഷ്മ പോഷകാംശങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അരിയുടെ സമ്പുഷ്ടീകരണത്തില്‍ ഇത് മറികടക്കാനാകും. ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 0.05 ഡോളര്‍ മുതല്‍ 0.25 ഡോളര്‍ വരെ മാത്രമേ ധാന്യ സമ്പുഷ്ടീകരണത്തിന് ചെലവ് വരികയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം തെളിയിക്കുന്നു. നിലവില്‍ രാജ്യത്ത് 600-ലധികം എഫ്എസ്എസ്എഐ അംഗീകൃത എഫ്ആര്‍കെ നിര്‍മ്മാതാക്കളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Maintained By : Studio3