December 5, 2023

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സംസ്ഥാനത്ത്‌ ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കാനൊരുങ്ങി വിനോദസഞ്ചാരവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ തിരക്കുള്ള വാണിജ്യമേഖലകളിലെ റോഡരികുകളില്‍ സന്ധ്യക്കു ശേഷം പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ വിനോദസഞ്ചാരവകുപ്പ് ഫുഡ് സ്ട്രീറ്റുകള്‍ ആരംഭിക്കുമെന്ന് വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ആദ്യത്തേത് കോഴിക്കോട് ജില്ലയിലെ വലിയങ്ങാടിയില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടുകാര്‍ക്കുള്ള വിനോദസഞ്ചാര വകുപ്പിന്റെ പുതുവത്സര സമ്മാനമാണിതെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഓരോ പ്രദേശത്തെയും തനത് ഭക്ഷണങ്ങള്‍ തയ്യാറാക്കി രാത്രി 7 മുതല്‍ 12 വരെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

  മാലിന്യ സംസ്കരണ ഹാക്കത്തോണിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം

വലിയങ്ങാടിയിലെ വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയവരുടെ ജോലി തടസ്സപ്പെടില്ലെന്നു മാത്രമല്ല പദ്ധതി അവര്‍ക്ക് ഗുണകരമാവുകയും ചെയ്യുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇതിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യാപാരികള്‍, തൊഴിലാളികള്‍, ഹോട്ടല്‍ ആന്റ് റസ്റ്ററന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ഉടനെ വിളിച്ചുചേര്‍ക്കും. ജില്ലയില്‍ ഹോട്ടല്‍ മേഖലയിലുള്ളവരുടെയും ഭക്ഷണപ്പെരുമകൊണ്ട് പ്രശസ്തരായ മറ്റുള്ളവരുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുക. ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, മേയര്‍ ഡോ.ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏകോപനസമിതി രൂപീകരിക്കും. ജില്ലാ കലക്ടര്‍ സമിതിയുടെ നോഡല്‍ ഓഫീസറായിരിക്കും.

  യുഎഇ ദേശീയ ദിനത്തിന് ഇളവുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ജില്ലയിലെ ആര്‍ക്കിടെക്ട് അസോസിയേഷന്റെ സഹകരണത്തോടെ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ജനുവരിയില്‍ വീണ്ടും യോഗം ചേരും. അടുത്ത മധ്യവേനലവധിക്കാലത്ത് ഫുഡ് സ്ട്രീറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. സ്ഥിരം സംവിധാനമെന്ന നിലയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Maintained By : Studio3