ജനുവരി അവസാനത്തോടെ ധനക്കമ്മി 12.34 ട്രില്യണില്‍
1 min readനടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി വരെ സര്‍ക്കാരിന് 12.83 ട്രില്യണ്‍ രൂപയുടെ വരുമാനമാണ് ഉണ്ടായത്
ന്യൂഡെല്‍ഹി: കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് (സിജിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരി അവസാനത്തോടെ കേന്ദ്ര സര്‍ക്കാരിന്‍റെ ധനക്കമ്മി 12.34 ട്രില്യണ്‍ രൂപയിലെത്തി. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിലേക്ക് മുഴുവനായി സര്‍ക്കാര്‍ കണക്കാക്കിയ ധനക്കമ്മി പരിധിയുടെ 66.8 ശതമാനമാണിത്. പുതുക്കിയ എസ്റ്റിമേറ്റിന്‍റെ (ഞഋ) 128.5 ശതമാനമായിരുന്നു മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി അവസാനത്തില്‍ ധനക്കമ്മി.
മാര്‍ച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 18.48 ട്രില്യണ്‍ രൂപ അഥവാ മൊത്ത ആഭ്യന്തര ഉല്‍പ്പദനത്തിന്‍റെ (ജിഡിപി) 9.5 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. കൊറോണ വൈറസ് അണുബാധയുടെ വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും സര്‍ക്കാര്‍ വരുമാനം മന്ദഗതിയിലാക്കുകയും ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് സര്‍ക്കാര്‍ ആദ്യം നിശ്ചയിച്ചിരുന്ന മൊത്തം ധനക്കമ്മി പരിധി ജൂലൈ മാസത്തില്‍ തന്നെ മറികടക്കപ്പെട്ടിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി വരെ സര്‍ക്കാരിന് 12.83 ട്രില്യണ്‍ രൂപയുടെ വരുമാനമാണ് ഉണ്ടായത്. 2020-21ല്‍ മൊത്തം ലക്ഷ്യമിടുന്നതിന്‍റെ 80 ശതമാനമാണിത്. ഇതില്‍ 11.01 ട്രില്യണ്‍ രൂപയുടെ നികുതി വരുമാനം ഉള്‍പ്പെടുന്നു.
നികുതി വരുമാന ശേഖരം മൊത്തം വാര്‍ഷിക ലക്ഷ്യത്തിന്‍റെ 82 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 66.3 ശതമാനമായിരുന്നു നികുതി വരുമാന സമാഹരണം. നികുതിയല്ലാത്ത വരുമാനം പുതുക്കിയ എസ്റ്റിമേറ്റിന്‍റെ 67 ശതമാനത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 73 ശതമാനമായിരുന്നു.
സിജിഎയുടെ കണക്കനുസരിച്ച്, മൊത്തം സാമ്പത്തിക ചെലവ് 25.17 ട്രില്യണ്‍ രൂപയാണ്. അത് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ എസ്റ്റിമേറ്റിന്‍റെ 73 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 84.1 ശതമാനമായിരുന്നു. 2020 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപയില്‍ അഥവാ ജിഡിപിയുടെ 3.5 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റില്‍ കൊറോണയുടെ കൂടി സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്തിയത്.