ബംഗാളില്‍ 31 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്; ആസാമില്‍ അവസാന ഘട്ടം
ഗുവഹത്തി/കൊല്‍ക്കത്ത/ചെന്നൈ: ആസാമില്‍ മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 126 നിയമസഭാ സീറ്റുകളിലെ 40 എണ്ണത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അവസാന ഘട്ടങ്ങത്തില്‍ 25 വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 337 സ്ഥാനാര്‍ത്ഥികളുടെ വിധിയാണ് തീരുമാനിക്കപ്പെടുക.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ഇരു പാര്‍ട്ടികളും 11 സീറ്റുകള്‍ വീതം നേടിയിരുന്നതിനാല്‍ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിക്കും (ബിജെപി) പ്രതിപക്ഷ കോണ്‍ഗ്രസിനും ഇന്നത്തെ തെരഞ്ഞെടുപ്പ് പോരാട്ടം നിര്‍ണായകമാണ്. ബിജെപിയുടെ സഖ്യകക്ഷിയായ അസോം ഗണ പരിഷത്ത് കഴിഞ്ഞ തവണ നാല് സീറ്റുകളും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്), ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) എന്നിവ യഥാക്രമം എട്ടും, ആറും സീറ്റുകള്‍ വീതം അന്ന് നേടിയിരുന്നു. ബിപിഎഫും എഐയുഡിഎഫും ഇത്തവണ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ‘മഹാജോട്ടിന്‍റെ’ സഖ്യകക്ഷികളാണ്.
പശ്ചിമ ആസാമിലെ 12 ജില്ലകളില്‍ നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ബിജെപിയുടെ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, പിഡബ്ല്യുഡി മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഭരണകക്ഷി സംസ്ഥാന പ്രസിഡന്‍റ് രഞ്ജിത് കുമാര്‍ ദാസ് എന്നിവരുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കും. ബിജെപിയുടെ പിന്തുണയുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറായ ശര്‍മ്മ 2001 മുതല്‍ സ്ഥിരമായി വിജയിച്ച ജാലുക്ബാരി സീറ്റില്‍ നിന്ന് മത്സരിക്കുന്നു. ദാസ് പതചാര്‍ക്കുചി സീറ്റില്‍ നിന്ന് മത്സരിക്കുന്നു. 2016 ലെ അവസാന തെരഞ്ഞെടുപ്പില്‍ അദ്ദേഹം സോര്‍ബോഗ് നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നാം ഘട്ടത്തില്‍ 9,587 പോളിംഗ് സ്റ്റേഷനുകളിലായി 39,07,963 വനിതാ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 79,19,641 വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട്. 9,587 പോളിംഗ് സ്റ്റേഷനുകളില്‍ 316 എണ്ണം വനിതാ നിയന്ത്രിത പോളിംഗ് സ്റ്റേഷനുകളാണ്.സ്വതന്ത്രവും നീതിയുക്തവും സമാധാനപരവും സുഗമവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാഡെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദ, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്താന്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര, ഛത്തീസ്ഗഡ ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പാര്‍ട്ടി വക്താവ് ഗൗരവ് വല്ലഭ്, ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണത്തിനെത്തിയത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടവും ഇന്ന് നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് യഥാക്രമം മാര്‍ച്ച് 27 നും ഏപ്രില്‍ 1 നുംനടന്നിരുന്നു. ബിജെപിയും ഭരണകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചേര്‍ന്ന സഖ്യവും രംഗത്തുണ്ട്. അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി (ഐഎസ്എഫ്) ചേര്‍ന്നു. മൂന്ന് ജില്ലകളിലായി 31 മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. 234അംഗ നിയമസഭയിലേക്ക് തമിഴകത്ത് പൊരിഞ്ഞപോരാട്ടമാണ് അരങ്ങേറുന്നത്. പ്രധാന മത്സരം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യവും ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ്.മുഖ്യമന്ത്രി കെ.പളനിസ്വാമിയുടെ നേതൃത്വത്തില്‍ എഐഎഡിഎംകെ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്നു. പുതുച്ചേരിയില്‍ 30 മണ്ഡലത്തിലേക്കായി 324 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.