Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെറാറിയുടെ പുതിയ ഡിസൈന്‍ ഭാഷയില്‍ റോമ

എക്‌സ് ഷോറൂം വില 3.76 കോടി രൂപ  

ഫെറാറി റോമ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് ഫെറാറി റോമ വരുന്നത്. ഷാര്‍പ്പ് എക്സ്റ്റീരിയര്‍ കാണാം.

മറ്റ് ഫെറാറി മോഡലുകളില്‍നിന്ന് വ്യത്യസ്തമായി കുറേക്കൂടി ലളിതമായ ഡിസൈന്‍ ലഭിച്ചതാണ് റോമ. ഡൗണ്‍ഫോഴ്‌സിന് സഹായിക്കുന്ന വലിയ വെന്റുകളും വലിയ വിംഗുകളും നല്‍കിയില്ല. ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തുവെച്ച സ്ലിം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, നാല് ടെയ്ല്‍ലാംപുകള്‍ എന്നിവ ലഭിച്ചു. ക്വാഡ് എക്‌സോസ്റ്റ് സംവിധാനം, ഇലക്ട്രോണിക് സ്‌പോയ്‌ലര്‍ എന്നിവയാണ് പുറമേ കാണുന്ന മറ്റ് സവിശേഷതകള്‍.

എക്സ്റ്റീരിയര്‍ പോലെ, പൂര്‍ണമായും പുതിയ ഡിസൈന്‍ ലഭിച്ചതാണ് കാബിന്‍. ഡ്രൈവര്‍ക്കും പാസഞ്ചറിനുമായി രണ്ട് പ്രത്യേക അറകള്‍ സൃഷ്ടിക്കാനാണ് മറനെല്ലോയിലെ ഡിസൈനര്‍മാര്‍ തീരുമാനിച്ചത്. ഡ്രൈവറിനെയും പാസഞ്ചറിനെയും വലയം ചെയ്തതുപോലെയാണ് വളഞ്ഞ ഡാഷ്‌ബോര്‍ഡ്. സെന്റര്‍ കണ്‍സോളില്‍ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്‌ലറ്റ് സ്റ്റൈല്‍ ലഭിച്ചതുമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. 16 ഇഞ്ച് വലുപ്പമുള്ള കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കാണാന്‍ കഴിയും. കപ്പാസിറ്റീവ് ബട്ടണുകള്‍ നല്‍കിയതാണ് പുതിയ സ്റ്റിയറിംഗ് വളയം.

ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റര്‍, ഇരട്ട ടര്‍ബോ, വി8 എന്‍ജിനാണ് ഫെറാറി റോമയുടെ ഹൃദയം. ഈ മോട്ടോര്‍ 620 എച്ച്പി കരുത്തും 760 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 8 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത്.

ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ 2025 ല്‍ അനാവരണം ചെയ്യുമെന്ന് ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന ഫെറാറിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാന്‍ സ്ഥിരീകരിച്ചിരുന്നു. പുതു തലമുറകളിലേക്ക് ഫെറാറിയുടെ സവിശേഷതയും അഭിനിവേശവും കൈമാറുന്നതായിരിക്കും തങ്ങളുടെ ആദ്യ പൂര്‍ണ വൈദ്യുത വാഹനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

കഴിഞ്ഞ കുറച്ചുകാലമായി ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് സൂപ്പര്‍കാര്‍ കമ്പനി. എന്നാല്‍ എപ്പോള്‍ വിപണിയിലെത്തുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അതേസമയം ഇലക്ട്രിക് കാറിന് അനുയോജ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും ചെയ്തു. മറനെല്ലോയിലെ ഭാവനാശാലികളായ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും ഫെറാറിയുടെ ചരിത്രത്തിലെ സുപ്രധാന മോഡല്‍ സങ്കല്‍പ്പിക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ ജോണ്‍ എല്‍ക്കാന്‍ പ്രസ്താവിച്ചിരുന്നു. 4 വീല്‍ ഡ്രൈവ്, 2 സീറ്റര്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഫെറാറിയെന്ന് കഴിഞ്ഞ വര്‍ഷം ചോര്‍ന്ന പാറ്റന്റ് വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഓരോ ചക്രത്തിലും ഒന്നുവീതം ഇലക്ട്രിക് മോട്ടോര്‍ നല്‍കും.

തങ്ങളുടെ നിലവാരത്തിന് യോജിച്ച കാര്‍ നിര്‍മിക്കുന്നതിന് ഇലക്ട്രിക് സാങ്കേതികവിദ്യ അനുവദിക്കുന്നതുവരെ ബാറ്ററി ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം ഫെറാറിയുടെ വാണിജ്യ വിഭാഗം മേധാവി എന്റിക്കോ ഗാലിയേര പ്രസ്താവിച്ചിരുന്നു. പുതിയ സാങ്കേതികവിദ്യ സ്വായത്തമായാല്‍ വിപണിയില്‍ പുതുതായി എന്തെങ്കിലും അവതരിപ്പിക്കേണ്ടതായി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. പുതിയ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഫെറാറി എപ്പോഴും ഈ വിധമാണ് പ്രവര്‍ത്തിച്ചതെന്ന് എന്റിക്കോ ഗാലിയേര പറയുകയുണ്ടായി. പുതിയ സാങ്കേതികവിദ്യകളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഫെറാറിയുടെ ഡിഎന്‍എയുടെ ഭാഗമാണെന്നും പറഞ്ഞിരുന്നു. വാര്‍ഷിക പൊതുയോഗത്തില്‍ ഫെറാറിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ജോണ്‍ എല്‍ക്കാന്‍ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ വര്‍ഷം എന്റിക്കോ ഗാലിയേര പ്രസ്താവിച്ച സാഹചര്യങ്ങള്‍ വന്നുചേര്‍ന്നതായി വിലയിരുത്താം.

Maintained By : Studio3