September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അധിക വാക്‌സിന്‍ അവയവമാറ്റം നടത്തിയവര്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം നല്‍കും

1 min read

പ്രതിരോധ വ്യവസ്ഥയെ തളര്‍ത്തുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് മൂന്നാം ഡോസ് ഫലപ്രദമായേക്കുമെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍

കോവിഡ്-19 വാക്‌സിന്റെ അധിക ഡോസിലൂടെ അവയവമാറ്റം നടത്തിയവര്‍ക്ക് കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാമെന്ന് പഠനം. വാക്‌സിനേഷനിലൂടെ നിരവധിയാളുകള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോയപ്പോള്‍ പ്രതിരോധ ശേഷിയെ അടിച്ചമര്‍ത്തുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന അവയവമാറ്റത്തിന് വിധേയരായവരും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ അനുഭവിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഇന്നും തങ്ങള്‍ കോവിഡ്-19ല്‍ നിന്നും എത്രത്തോളം സുരക്ഷിതരാണെന്ന് പോലും നിശ്ചയമില്ലാതെ ആശങ്കയില്‍ കഴിയുകയാണ്. ദുര്‍ബലമായ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ വാക്‌സിനുകള്‍ക്ക് കഴിയാതെ വരുന്നത് മൂലമാണ് അവയവമാറ്റം നടത്തിയവരുള്‍പ്പടെ ആശങ്കയില്‍ കഴിയേണ്ടി വരുന്നത്.

എന്നാല്‍ ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോവിഡ്-19 വാക്‌സിന്റെ രണ്ട് ഡോസുകള്‍ ഫലവത്താകാതെ വന്നവരില്‍ മൂന്നാമത്തെ അധിക ഡോസ് ഒരു പക്ഷേ അവയവമാറ്റം നടത്തിയവര്‍ക്കും രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന സൂചനയാണ് ഈ പഠനം നല്‍കുന്നത്. അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. മുപ്പത് അവയവമാറ്റം നടത്തിയ രോഗികളെയാണ് പഠന വിധേയമാക്കിയത്. അധികഡോസിലൂടെ എല്ലാവരിലും രോഗത്തിനെതിരായ പ്രതിരോധ ശേഷി രൂപപ്പെട്ടില്ലെങ്കിലും വാക്‌സിന്റെ ആദ്യ രണ്ട് ഡോസുകള്‍ എടുത്തിട്ടും രോഗപ്രതിരോധ ശേഷി രൂപപ്പെടാത്ത 24 പേരില്‍ എട്ടുപേര്‍ മൂന്നാം ഡോസിലൂടെ കുറച്ച് രോഗപ്രതിരോധ ശേഷി നേടി. അധിക ഡോസ് ഇവരില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ രൂപപ്പെടാന്‍ കാരണമായതായി അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെട്ടു. ആദ്യ വാക്‌സിനേഷനിലൂടെ നേരിയ തോതിലുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ രൂപപ്പെട്ടിരുന്ന ആറുപേരില്‍ മൂന്നാം ഡോസിലൂടെ പ്രതിരോധശേഷി മെച്ചപ്പെട്ടതായും ഇവര്‍ കണ്ടെത്തി.

ഇത് വളരെ ശുഭകരമാണെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ഡോറി സെഗെവ് പറഞ്ഞു. ആദ്യ രണ്ട് ഡോസ് എടുത്തിട്ടും പ്രത്യേകിച്ച് നേട്ടങ്ങളൊന്നും ഉണ്ടായില്ല എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ല എന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ചേര്‍ന്ന് ഇരുന്നൂറോളം അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരില്‍ മൂന്നാം വാക്‌സിനേഷന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് സെഗെവും സംഘവും.

അവയവമാറ്റം നടത്തിയവര്‍ക്ക് പുതിയതായി ശരീരത്തിലെത്തിയ അവയവത്തെ ശരീരം നിരാകരിക്കാതിരിക്കാന്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തളര്‍ത്തുന്ന ശക്തയേറിയ മരുന്നുകള്‍ നല്‍കേണ്ടതായിട്ടുണ്ട്. എന്നാല്‍ കൊറോണ വൈറസ് പോലുള്ള അതീവ അപകടകാരികളായ രോഗാണുക്കള്‍ ശരീരത്തില്‍ എളുപ്പത്തില്‍ കടന്നുകൂടാനും ഇത് വഴിയൊരുക്കുന്നു. കോവിഡ്-19 വാക്‌സിനുകളുടെ ആദ്യഘട്ട പരീക്ഷണങ്ങളില്‍ അവയവമാറ്റം നടത്തിയവരെ ഒഴിവാക്കിയിരുന്നു. എന്നാല്‍, രോഗത്തില്‍ നിന്ന് നേരിയ തോതിലുള്ള സംരക്ഷണമെങ്കില്‍ വാക്‌സിന്‍ നല്‍കുമെന്ന പ്രതീക്ഷയില്‍ അവയവമാറ്റം നടത്തിവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തു. ഇവരില്‍ ചിലര്‍ക്കൊക്കെ വാക്‌സിനേഷന്‍ നേട്ടമാകുകയും ചെയ്തു. അവയവമാറ്റം നടത്തിയ 650ഓളം വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല നടത്തിയ പരിശോധനയില്‍ 54 ശതമാനം പേരില്‍ വൈറസിനെതിരായ ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തിയിരുന്നു.

അവയവമാറ്റത്തിന് വിധേയമാവരില്‍ മാത്രമല്ല, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് (വാതം), ലൂപ്പസ്, മറ്റ് ഓട്ടോഇമ്മ്യണ്‍ രോഗങ്ങള്‍ എന്നിവയുള്ളവരില്‍ വാക്‌സിനേഷനിലൂടെ 85 ശതമാനം ആന്റിബോഡികള്‍ രൂപപ്പെട്ടതായി മറ്റൊരു പഠനം കണ്ടെത്തിയിരുന്നു. എന്നാല്‍ ചില പ്രത്യേകതരം ഇമ്മ്യൂണ്‍ സപ്രസ്സിംഗ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിച്ചത്.

ദുര്‍ബലമായ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി പോലുള്ള മറ്റ് രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകളുടെയും അഡിക ഡോസ് ഡോക്ടര്‍മാര്‍ നല്‍കാറുണ്ട്. അവയമാറ്റം നടത്തിയവരടക്കം ദുര്‍ബലമായ പ്രതിരോധ ശേഷിവര്‍ക്ക് കോവിഡ്-19 വാക്‌സിന്റെ മൂന്നാമത്തെ ഡോസ് നിര്‍ബന്ധമായും നല്‍കണമെന്ന് ഫ്രാന്‍സ് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം അമേരിക്ക ഇതുവരെ ആര്‍ക്കും അധിക ഡോസിന് ശുപാര്‍ശ ചെയ്തിട്ടില്ല. പക്ഷേ പ്രതിരോധ ശേഷി തകരാറുകള്‍ ഉള്ള നിരവധി പേര്‍ സ്വന്തം നിലയ്ക്ക് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എടുക്കുന്നുണ്ട്. മൂന്നാമത്തെ ഡോസ് യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്യുമോ എന്ന് കണ്ടെത്തുന്നതിന് കൂടുതല്‍ ഗവേഷണം ആവശ്യമാണ്. മാത്രമല്ല, അവയവമാറ്റം നടത്തിയവരില്‍, അധിക വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി ഊര്‍ജ്ജിതപ്പെടുത്തുന്നത് അവയവത്തെ ശരീരം നിരാകരിക്കാന്‍ ഇടയാക്കുമോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

Maintained By : Studio3