എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ? മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും
1 min readകേരളത്തില്‍ ഇടതുമുന്നണിയുടെ സീറ്റുകളില്‍ കുറവുണ്ടാകും, ബിജെപി ഇല്ലാത്ത സഭ ആയിരിക്കില്ല എന്നും സൂചന
ന്യൂഡെല്‍ഹി: പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോവിഡിനെ പോലും വെല്ലുവിളിച്ച് നടത്തിയ പ്രചാരണങ്ങള്‍ തങ്ങളുടെ മുന്നണിയെ തുണയ്ക്കുമെന്ന് ഓരോ പാര്‍ട്ടിയും ഇപ്പോഴും വിശ്വസിക്കുന്നു. ചിലര്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിക്കളയുമ്പോള്‍ മറ്റു ചിലര്‍ അതില്‍ ആത്മവിശ്വാസം കണ്ടെത്തുന്നുമുണ്ട്.
തമിഴ്നാട് ഒഴികെയുള്ള സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഊഹിക്കാന്‍ പോലും അസാധ്യമായിരുന്നു. ആസാമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമോ, പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി തുടരുമോ, കേരളത്തില്‍ എന്താകും സ്ഥിതി, പുതുച്ചേരിയില്‍ എന്തു സംഭവിക്കും എന്നതെല്ലാം ചോദ്യചിഹ്നങ്ങളായിരുന്നു. ക്രമേണ പ്രചാരണത്തിന്‍റെ താളവും ക്രമവും മാറി, പലയിടങ്ങളിലും സാധ്യതകള്‍ മാറി മറിഞ്ഞു. തമിഴ്നാട്ടില്‍ മാത്രം ഡിഎംകെ ഏറക്കുറെ ഭരണം ഉറപ്പിച്ചിരുന്നു. അതിനു പ്രധാന കാരണം അവരുടെ മികവല്ല,മറിച്ച് പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച എഐഎഡിഎംകെ സര്‍ക്കാരിനോടുള്ള എതിര്‍പ്പായിരുന്നു. അപ്പോഴും ഭരണകക്ഷിയായ എഐഎഡിഎംകെ ഭരണത്തില്‍ എത്തുമെന്ന് തന്നെ പ്രഖ്യാപിച്ചു. കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞതവണ തമിഴ്നാട്ടില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പരാജയപ്പെട്ടിരുന്നു എന്നതാണ്. ഇതുവരെ നടന്ന കണക്കുകൂട്ടലുകള്‍എല്ലാം യാഥാര്‍ത്ഥ്യത്തിനടുത്തുള്ളതുതന്നെയാണോ എന്ന് ഞായറാഴ്ച രാവിലെ മുതല്‍ അറിയാം.
വിവിധ ഏജന്‍സികളുടെ കണക്കുകള്‍ വ്യത്യസ്തങ്ങള്‍ തന്നെയാണ്. എങ്കിലും അവയില്‍ ഒരു പൊതുവായ വസ്തുത അടങ്ങിയിട്ടുണ്ടാകും. സീറ്റുകളുടെ എണ്ണത്തിലെ ഏകദേശ കൃത്യത അല്ല, മറിച്ച് ഏത് മുന്നണി അധികാരത്തില്‍ എത്തും എന്നതില്‍ എക്സിറ്റ് പോള്‍ നടത്തിയ മാധ്യമങ്ങളും ഏജന്‍സികളും ഏറക്കുറെ സമാന അഭിപ്രായക്കാരാകും. എന്നാല്‍ വ്യത്യാസമുള്ളവയുമുണ്ട്. നമുക്ക് കേരണത്തിലെ കണക്കുകള്‍ ആദ്യം പരിശോധിക്കാം. ഒരു തുടര്‍ഭരണസാധ്യത നിലനില്‍ക്കുന്ന സംസ്ഥാനമായിരുന്നില്ല കേരളം. അതിനാല്‍ പ്രതിപക്ഷം കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കിലും ജനങ്ങള്‍ അവരെ ഭരണമേല്‍പ്പിക്കുകയായിരുന്നു പതിവ്.
എന്നാല്‍ ഇക്കുറി സര്‍വേകകള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമെന്നുതന്നെയാണ്. പക്ഷെ സീറ്റുനില 2016ല്‍ നേടിയതിനേക്കാള്‍ കുറവായിരിക്കും എന്നുമാത്രം. ഇതൊന്ന് വിശദമായി പരിശോധിക്കാം. ടൈംസ് നൗ/എബിപി ന്യൂസ് എക്സിറ്റ് പോള്‍ പ്രകാരം ഇടതുസഖ്യം 71 മുതല്‍ 77വരെ സീറ്റുകള്‍ നേടാമെന്ന് വിലയിരുത്തുന്നു. 140 അംഗ നിയമസഭയില്‍ ഭരണത്തുടര്‍ച്ചക്ക് 71 സീറ്റുകളാണ് വേണ്ടത്. പ്രതിപക്ഷമായ യുഡിഎഫ് ഇക്കുറിയും പ്രതിപക്ഷത്തുതന്നെ ആയിരിക്കുമെന്ന് സര്‍വേ പറയുന്നു.അവര്‍ക്ക് 62 മുതല്‍ 68വരെ സീറ്റുകള്‍ ലഭിക്കാം.
എന്‍ഡിഎ രണ്ടു സീറ്റുകള്‍വരെ നേടാന്‍ സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ കണക്കുകളില്‍ ചെറുമാറ്റങ്ങള്‍ വരാം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 91 സീറ്റുകളാണ് നേടിയിരുന്നത്. യുഡിഎഫ് 47 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ ഒരു സീറ്റില്‍വിജയിച്ചു. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ച എക്സിറ്റ് പോളുകളും ഉണ്ട്. എല്ലാ പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച എന്നതില്‍നിന്ന് ആരും പിന്നോട്ടുപോയിട്ടില്ല.
എക്സിറ്റ് പോള്‍ ഡാറ്റ അനുസരിച്ച്, ഭരണകക്ഷിയായ എല്‍ഡിഎഫ് 42.8 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫ് 41.4 ശതമാനം വോട്ട് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്‍ഡിഎയ്ക്ക് 13.7 ശതമാനവും ലഭിക്കും.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 43.5 ശതമാനം വോട്ട് ലഭിച്ചു, ഭരണ സഖ്യത്തിന് ഇത്തവണ വോട്ടുവിഹിതത്തില്‍ 0.7 ശതമാനം ഇടിവുണ്ടാകും. 2016 ല്‍ 38.8 ശതമാനം വോട്ടുകള്‍ നേടിയ യുഡിഎഫിന് ഇത്തവണ 2.6 ശതമാനം വോട്ട് കൂടുതല്‍ ലഭിക്കും. എന്‍ഡിഎ കഴിഞ്ഞ തവണ 14.9 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ വോട്ടുവിഹിതത്തില്‍ 1.7 ശതമാനം വോട്ട് കുറവുണ്ടാകും.എക്സിറ്റ് പോള്‍ അനുസരിച്ച്, എല്‍ഡിഎഫും യുഡിഎഫും വടക്കന്‍ കേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫ് 34 മുതല്‍ 36 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്, യുഡിഎഫ് 24 മുതല്‍ 26 വരെ സീറ്റുകള്‍ നേടും. ദക്ഷിണ കേരളത്തില്‍ എല്‍ഡിഎഫ് 21 മുതല്‍ 23 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇവിടെ യുഡിഎഫ് 15 മുതല്‍ 17 വരെ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യ കേരളത്തില്‍ എല്‍ഡിഎഫ് 16 മുതല്‍ 18 വരെ സീറ്റുകള്‍ നേടിയേക്കാം. ഇവിടെ യുഡിഎഫ് 23മുതല്‍ 25വരെ സാറ്റുകളില്‍ വിജയം കണ്ടെത്താനാണ് സാധ്യത.
എങ്കിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ തന്നെ പലമണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ട്. ബജെപി കനത്തവെല്ലുവിളി ആയി ഉയര്‍ന്നു നില്‍ക്കുന്ന മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. മുന്നണികളുടെ തട്ടകം എന്നുപറയുന്ന സീറ്റുകളുടെ എണ്ണം പൊതുവേ കുറഞ്ഞുവരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടികളുടെ ഉരുക്കുകോട്ടകള്‍ എന്നവകാശപ്പെടുന്ന പല മണ്ഡലങ്ങളും ഇന്നും സുരക്ഷിതമാണ്. ഇവ യാഥാര്‍ത്ഥ്യമാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരം നിലനിര്‍ത്താനാണ് സാധ്യത. രണ്ടെണ്ണം ഒഴികെയുള്ള എല്ലാ എക്സിറ്റ് പോളുകളും അതാണ് സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ,റിപ്പബ്ലിക്-സിഎന്‍എക്സ് എക്സിറ്റ് പോളുകള്‍ എന്നിവമാത്രമാണ് ബംഗാളില്‍ ബിജെപി കൂടുതല്‍സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നത്. ടൈംസ് നൗ ഉള്‍പ്പെടെയുള്ളമറ്റ് ചാനലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നു. ടൈംസ് ഓഫ് ഒരു തൂക്കുസഭയും പ്രവചിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപിയുടെ വന്‍ നേട്ടങ്ങള്‍ കാണിച്ച ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേയുടെ സര്‍വേയില്‍ ബിജെപിക്ക് 134-160വരെ സീറ്റുകള്‍ നേടാനാവുമെന്ന് പ്രവചിക്കുന്നു.ടിഎംസിക്ക് 130മുതല്‍ 156വരെ സാധ്യതകല്‍പ്പിക്കുന്നു. ഇടതുപക്ഷം രണ്ടുസീറ്റുവരെ നേടും. പി-മാര്‍ക്ക് സര്‍വേ തൃണമൂലിന് 152-172, ബിജെപി 112-132, ഇടതുപക്ഷത്തിന് 10-20 സീറ്റുകള്‍ നല്‍കി.
ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് തൃണമൂലിന് 152-162, ബിജെപി 111-125 സീറ്റുകള്‍ നല്‍കി.ഇടിജി റിസര്‍ച്ച് പോള്‍ ബാനര്‍ജിയുടെ പാര്‍ട്ടിക്ക് 164-176, ബിജെപി 105-115, എന്നിങ്ങനെ സീറ്റുകള്‍ നേടാനാവുമെന്ന് പറയുന്നു. അവര്‍ ഇടതുപക്ഷത്തിന് 10-15 സീറ്റുകള്‍ നല്‍കി. സിവോട്ടര്‍ തൃണമൂലിന് 152-164ഉം ബിജെപി 109-121 സീറ്റുകളിലും വിജയം നേടാനാവുമെന്ന് പ്രവചിച്ചു. ഭൂരിപക്ഷത്തിന്‍റെ കണക്കെടുത്താല്‍ ഒരു ഫോട്ടോഫിനീഷിലൂടെ ബംഗാളില്‍ മമത അധികാരത്തില്‍ തുടര്‍ന്നേക്കും.
പുതുച്ചേരിയിലെ ഐഎന്‍ആര്‍സിയുടെ നേതൃത്വത്തിലുള്ള ദേശീയ ഡെമോക്രാറ്റിക് അലയന്‍സ് കേന്ദ്രഭരണ പ്രദേശത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈംസ് നൗ/എബിപി ന്യൂസിനായുള്ള സിവോട്ടര്‍ എക്സിറ്റ് പോള്‍ അനുസരിച്ച്, 30 അംഗ പുതുച്ചേരി നിയമസഭയില്‍ എന്‍ഡിഎ 19 മുതല്‍ 23വരെ സീറ്റുകള്‍ നേടും. ഇത് വ്യക്തമായ ഭൂരിപക്ഷമാണ് സൂചിപ്പിക്കുന്നത്. യുപിഎ 6 മുതല്‍ 10 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ട്. . മറ്റുള്ളവര്‍ പരമാവധി 2 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോള്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി 16.6 ശതമാനം വോട്ട് വര്‍ധിക്കുമെന്നാണ് പ്രവചിക്കുന്നത്. യുപിഎ യുടെ വോട്ടുവിഹിതവും ജനപ്രീതിയും ഇടിയും. പുതുച്ചേരിയില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര കലാപമാണ് അവിടെ വിലങ്ങുതടിയായത്. പലരും ബിജെപിയിലേക്ക് ചേകക്കേറി. തുടര്‍ന്ന് മുഖ്യമന്ത്രി വി. നാരായണസാമി സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയായിരുന്നു.