ഗര്‍ഭകാലത്ത് വ്യായാമം ചെയ്ത അമ്മമാരുടെ കുട്ടികള്‍ വളരുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും
ഗര്‍ഭിണിയായിരിക്കുമ്പോള്‍ വ്യായാമം ചെയ്താല്‍ കുട്ടികള്‍ വളരുമ്പോള്‍ പ്രമേഹവും മറ്റ് മെറ്റബോളിക് ഡിസോഡറുകളും ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് പുതിയൊരു പഠനം പറയുന്നത്
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ വളരുമ്പോള്‍ പ്രമേഹവും മറ്റ് മെറ്റബോളിക് ഡിസോഡറുകളും ഉണ്ടാകാനുള്ള സാധ്യക കുറയുമെന്ന് പുതിയൊരു പഠനം. വ്യായാമം ചെയ്യുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരിക്കുമെന്നാണ് പഠനം നല്‍കുന്ന സൂചന. എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെങ്കിലും മനുഷ്യരിലും ഇത് സത്യമാണെന്ന് തെളിഞ്ഞാല്‍ കുട്ടികളുടെ ആരോഗ്യത്തെ മുന്‍നിര്‍ത്തി ഗര്‍ഭകാലത്ത് പരിചരണത്തോടൊപ്പം വ്യായാമവും സ്ത്രീകള്‍ ശീലമാക്കുമെന്നാണ് പ്രതീക്ഷ
ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന പല ഗുരുതര അസുഖങ്ങളും ഒരു വ്യക്തിയില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ജന്മമെടുത്തിരിക്കാമെന്നാണ് പറയപ്പെടുന്നത്. ഇക്കാരണം കൊണ്ടാണ് ഗര്‍ഭധാരണത്തിന് മുമ്പോ ഗര്‍ഭകാലത്തോ മോശപ്പെട്ട ആരോഗ്യ അവസ്ഥയിലുള്ള മാതാപിതാക്കള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പറയുന്നത്. ഇത് ചിലപ്പോള്‍ ജീനുകുടെ രാസഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊണ്ടാകാമെന്ന് വിര്‍ജീനിയ സ്‌കൂള്‍ ഓഫ് മെഡിസിനിലെ വ്യായാമ വിദഗ്ധനായ സെന്‍ യാന്‍ പറയുന്നു.
ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭകാലത്തും ദിവസേന വ്യായാമം ചെയ്താല്‍ അമിത വണ്ണമുള്ള സ്ത്രീകള്‍ക്ക് ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് തങ്ങളുടെ പരീക്ഷണത്തില്‍ തെളിഞ്ഞതെന്ന് സെന്‍ യാന്‍ പറഞ്ഞു. ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെമെന്നും ഗര്‍ഭകാല സങ്കീര്‍ണതകളും പ്രസവം നേരത്തെയാകാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ആരോഗ്യ നേട്ടങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നതിന് ശേഷവും തുടരുമോ എന്ന് കണ്ടെത്താനായിരുന്നു യാനിന്റെ ശ്രമം.
കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന മാതാപിതാക്കന്മാരുടെയും, ഗര്‍ഭകാലത്തും മുമ്പും വ്യായാമം ചെയ്യാത്ത അമിത വണ്ണമുള്ള അമ്മമാരുടെയും കുട്ടികള്‍ക്ക് മെറ്റബോളിക് ഡിസോഡറുകള്‍ ഉണ്ടാകാമെന്നാണ് ഗവേഷകര്‍ പഠനത്തിലൂടെ കണ്ടെത്തിയത്. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അമ്മമാരുടെ ആണ്‍കുട്ടികള്‍ക്കാണ് മുതിരുമ്പോള്‍ അധിക രക്തസമ്മര്‍ദ്ദവും മറ്റ് മെറ്റബോളിക് പ്രശ്‌നങ്ങളും ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഇതിന് കാരണമാകുന്ന ജനിതക വ്യതിയാനങ്ങളും ഗവേഷകര്‍ വിലയിരുത്തി. മാതാപിതാക്കളുടെ അമിത വണ്ണം (അച്ചനും അമ്മയ്ക്കും പല തരത്തില്‍ ആണെങ്കില്‍ കൂടിയും), ജീവിതകാലം മുഴുവന്‍ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയത്.
മാത്രമല്ല, ഗര്‍ഭകാലത്ത്് സ്ത്രീകള്‍ വ്യായാമം ചെയ്താല്‍ അമ്മയുടെയോ അച്ഛന്റെയോ അമിതവണ്ണം ജനിക്കാന്‍ പോകുന്ന കുട്ടിയിലുണ്ടാക്കുന്ന മോശം സ്വാധീനം ഇല്ലാതാക്കുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. അതിനാല്‍ ഗര്‍ഭകാലത്ത് മാത്രം വ്യായാമം ചെയ്യുന്നതിലൂടെ മാതാപിതാക്കളില്‍ നിന്നും കുട്ടികളിലേക്ക് എത്തുന്ന മെറ്റബോളിക് ഡിസോഡറുകള്‍ കുറയ്ക്കാം.