മ്യാന്‍മാറിനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി
ബ്രസല്‍സ്: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയന്‍ (ഇയു) മ്യാന്‍മാറിലെ 10 വ്യക്തികള്‍ക്കും രണ്ട് കമ്പനികള്‍ക്കും പുതിയ ഉപരോധം ഏര്‍പ്പെടുത്തി. മ്യാന്‍മാറിലെ ജനാധിപത്യത്തെയും നിയമവാഴ്ചയെയും ദുര്‍ബലപ്പെടുത്തുന്നതിനും ഇപ്പോള്‍നടപ്പാക്കുന്ന അടിച്ചമര്‍ത്തല്‍ തീരുമാനങ്ങള്‍ക്കും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വ്യക്തികള്‍ക്കെല്ലാം ഉത്തരവാദിത്തമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനുമുമ്പ് ഇ യു പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കുപുറമേയാണ് പുതിയ നടപടി.
മ്യാന്‍മാര്‍ ഇക്കണോമിക് ഹോള്‍ഡിംഗ്സ് പബ്ലിക് കമ്പനി ലിമിറ്റഡ് (എംഇഎച്ച്എല്‍), മ്യാന്‍മാര്‍ ഇക്കണോമിക് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എംഇസി) എന്നീ രണ്ട് സ്ഥാപനങ്ങളും മ്യാന്‍മര്‍ സായുധ സേനയുടെ (ടാറ്റ്മാഡോ) ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമായ വലിയ കമ്പനികളാണെന്നും ഇതിന്‍റെ വരുമാനം അവര്‍ നേടുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ലിസ്റ്റുചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് ലഭ്യമാക്കുന്നതില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയും കമ്പനികളെയും യൂണിയന്‍ വിലക്കി.
പ്രസിഡന്‍റ് യു വിന്‍ മൈന്‍റ്, സ്റ്റേറ്റ് കൗണ്‍സിലര്‍ ആംഗ് സാന്‍ സൂചി, നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) എന്നിവയിലെ മറ്റ് നേതാക്കള്‍ എന്നിവരെ തടങ്കലിലാക്കിയഷേശമാണ് സൈന്യം മ്യാന്‍മാറില്‍ അധികാരം പിടിച്ചെടുത്തത്. അതിനുശേഷം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും എന്‍എല്‍ഡി ഭൂരിപക്ഷം സീറ്റുകള്‍ നേടിയ 2020 നവംബറില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വോട്ടിംഗ് തട്ടിപ്പ് നടന്നതായി സൈന്യം ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. ഫെബ്രുവരിയിലെ അട്ടിമറി വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന നടന്ന ജനകീയ പ്രതിഷേധങ്ങളെ സൈന്യം അക്രമം കൊണ്ട് നേരിട്ടു. അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ് എന്ന സംഘടനയുടെ കണക്കനുസരിച്ച് 2,850 പേര്‍ അറസ്റ്റിലായി. 48 കുട്ടികളടക്കം 598 പേര്‍ കൊല്ലപ്പെട്ടു.