അഫ്ഗാന്‍: സ്ഥിരത ഉറപ്പാക്കാന്‍ ഇന്ത്യയും യുഎസും യോജിച്ച് പ്രവര്‍ത്തിക്കും
1 min readന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഇരു രാജ്യങ്ങളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അറിയിച്ചു.യുഎസ്-ഇന്ത്യ ബന്ധത്തിന്‍റെ പ്രാധാന്യവും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ സഹകരണവും ഉറപ്പാക്കാനായി ബ്ലിങ്കന്‍ ജയ്ശങ്കറുമായി സംസാരിച്ച വേളയിലാണ് നിര്‍ണായകമായ തീരുമാനത്തില്‍ ഇരുരാജ്യങ്ങള്‍ ഏകാഭിപ്രായം പങ്കുവെച്ചതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കുവേണ്ടി ശാശ്വത സമാധാനത്തിനും വികസനത്തിനും ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങളില്‍ ഏകോപനമുണ്ടായിരിക്കണമെന്ന് രണ്ടുനേതാക്കളും ചര്‍ച്ചയില്‍ സമ്മതിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സൈന്യം മറികടന്ന മ്യാന്‍മാര്‍, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ തടവിലാക്കുകയും ഫെബ്രുവരി 1 മുതല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുകയും ചെയ്ത വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ജനാധിപത്യ മൂല്യങ്ങളോടുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയും ബര്‍മയിലെ ജനാധിപത്യത്തിന്‍റെ പുനഃസ്ഥാപനത്തിനുള്ള പരസ്പര പിന്തുണയും അവര്‍ ഊട്ടിയുറപ്പിച്ചതായി മ്യാന്‍മറിന്‍റെ പഴയ പേര് പരാമര്‍ശിച്ച് പ്രൈസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സഹകരണം, കോവിഡ് -19, മറ്റ് ആഗോള വെല്ലുവിളികള്‍ എന്നിവയും രണ്ടു നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയമായി. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഒരു ആഗോള ഉച്ചകോടി വിളിച്ചു ചേര്‍ത്ത സാഹചര്യത്തില്‍ അതിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. ഇന്ത്യയിലെ സമീപകാല സംഭവങ്ങളും അതിര്‍ത്തി സംഭവവികാസങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. ഇരു രാജ്യങ്ങളും യുഎന്‍എസ്സി അജണ്ടയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറിയതായും ആരോഗ്യ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചതായും ജയ്ശങ്കര്‍ ട്വീറ്റില്‍ പറഞ്ഞു.
കോവിഡ് -19 വാക്സിനുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് യുഎസ് നീക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പരാമര്‍ശവിഷയമായി. എന്നിരുന്നാലും, വാക്സിന്‍ അസംസ്കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കുന്നതില്‍ കരാറുണ്ടോയെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വക്താവ് ജെന്‍ സാകി സ്ഥിരീകരിച്ചില്ല.
20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച ബൈഡന്‍ കഴിഞ്ഞയാഴ്ച ഇന്ത്യയോടും മറ്റ് പ്രാദേശിക രാജ്യങ്ങളോടും രാജ്യം സുസ്ഥിരമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.സെപ്റ്റംബര്‍ 11 സമയപരിധിക്കുള്ളില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ സൗകര്യമൊരുക്കാന്‍ താലിബാനുമായി കരാര്‍ ഉണ്ടാക്കാനുള്ള യുഎസ് ശ്രമങ്ങളുടെ ഭാഗമായിരുന്ന ഇന്ത്യ, ഈ മാസം തുര്‍ക്കിയില്‍ നടക്കുന്ന അഫ്ഗാനിസ്ഥാന്‍ സമാധാന സമ്മേളനത്തിന് വാഷിംഗ്ടണിന്‍റെ നിര്‍ദ്ദേശപ്രകാരം ക്ഷണിക്കപ്പെട്ടു. 2001 മുതല്‍ അഫ്ഗാനിസ്ഥാന് 3 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായം ന്യൂഡെല്‍ഹി നല്‍കിയിട്ടുണ്ട്. കൂടാതെ 4,000 അഫ്ഗാന്‍ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചും ഹെലികോപ്റ്ററുകള്‍ വിതരണം ചെയ്തുകൊണ്ടും സുരക്ഷാ സഹായവും നല്‍കി. ഇന്ത്യ അഫ്ഗാനിസ്ഥാന്‍റെ പാര്‍ലമെന്‍റ് നിര്‍മിച്ചു.കൂടാതെ റോഡുകളുടെ ഒരു ശൃംഖല നിര്‍മിക്കുകയും ചെയ്യുന്നു.