Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എട്ട് മില്യണ്‍ സഞ്ചാരികള്‍, എട്ട് ബില്യണ്‍ ഡോളര്‍ വരുമാനം; ടൂറിസം രംഗത്ത് വമ്പന്‍ പ്രതീക്ഷകളുമായി ഈജിപ്ത്

1 min read

15 ബില്യണ്‍ ഡോളറിന്റെ ടൂറിസം പദ്ധതികളാണ് ഈജിപ്തില്‍ നിക്ഷേപകരെ കാത്തിരിക്കുന്നത്

കെയ്‌റോ: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വിവിധ മേഖലകള്‍ കര കയറിത്തുടങ്ങിയതോടെ ടൂറിസം രംഗത്ത് വമ്പന്‍ പ്രതീക്ഷകളുമായി ഈജിപ്ത്. വരുംമാസങ്ങളില്‍ എട്ട് മില്യണ്‍ വിദേശ വിനോദസഞ്ചാരികള്‍ രാജ്യത്ത് എത്തുമെന്നും ടൂറിസം വരുമാനം എട്ട് ബില്യണ്‍ ഡോളറിലെത്തുമെന്നുമാണ് പിരമിഡുകളുടെയും മറ്റേനകം ആകര്‍ഷകങ്ങളായ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും രാജ്യമായ ഈജിപ്തിന്റെ കണക്കുകൂട്ടല്‍. റഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളിലാണ് പ്രധാനമായും ഈജിപ്തിന്റെ പ്രതീക്ഷ. മാത്രമല്ല വേനല്‍ക്കാല വിനോദ സഞ്ചാരം ഇത്തവണ കൂടുതല്‍ ശക്തമാകുമെന്നും രാജ്യം കരുതുന്നു.

ജനുവരി മുതല്‍ മേയ് പകുതി വരെ ഏതാണ്ട് 1.8 ദശലക്ഷം വിനോദ സഞ്ചാരികളാണ് കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഈജിപ്തില്‍ എത്തിയതെന്ന് രാജ്യത്തെ ടൂറിസം മന്ത്രിയായ ഖാലിദ് എല്‍ ഇനാനി വ്യക്തമാക്കി. അഞ്ചുമാസത്തിനിടയില്‍ 2 ബില്യണ്‍ ഡോളറാണ് രാജ്യത്ത് ടൂറിസം വരുമാനമായി എത്തിയത്. ഏപ്രിലില്‍ മാത്രം 525,000 വിനോദസഞ്ചാരികളെത്തി. 2019 ഏപ്രിലില്‍ രാജ്യത്തെത്തിയ വിനോദ സഞ്ചാരികളുടെ 60 ശതമാനം വരുമിത്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ റഷ്യന്‍, അറബ് സഞ്ചാരികളും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈജിപ്തിലേക്ക് കൂടുതലായി എത്തുമെന്നും വളരെ പെട്ടന്ന് തന്നെ സഞ്ചാരികളുടെ എണ്ണത്തില്‍ പൂര്‍വ്വസ്ഥിതിയിലേക്ക് എത്താന്‍ രാജ്യത്തിന് കഴിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിമാസം ഒരു മില്യണ്‍ സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും എല്‍ എനാനി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും 2022 പകുതിക്ക് ശേഷമല്ലാതെ രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് എത്താനിടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈജിപ്ഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണാണ് ടൂറിസം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ശരാശരി 12 ശതമാനം ടൂറിസം മേഖലയില്‍ നിന്നാണ്. രാജ്യത്തെ തൊഴിലാളി സമൂഹത്തില്‍ അഞ്ചിലൊരാള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഗിസ പിരമിഡുകളുടെ രാജ്യമായ ഈജിപ്ത് ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം, പൈതൃക കേന്ദ്രങ്ങള്‍, നീലനിറമുള്ള ബീച്ചുകള്‍, ഗോള്‍ഡന്‍ പരേഡ് ഓഫ് റോയല്‍ മമ്മീസ് തുടങ്ങി നിരവധി വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കോവിഡ്-19ന്റെ ആഘാതത്തില്‍ നിന്നും ആഗോള വിനോദ സഞ്ചാര മേഖല തന്നെ കരകയറാന്‍ ശ്രമിക്കവെ, സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി നടപടികള്‍ ഈിജിപ്തും സ്വീകരിക്കുന്നുണ്ട്. 2020ല്‍ 3.6 മില്യണ്‍ വിനോദ സഞ്ചാരികളാണ് ഈജിപ്തില്‍ എത്തിയത്. 2019നെ അപേക്ഷിച്ച് 13 ശതമാനം കുറവാണതെന്ന് ടൂറിസം മന്ത്രാലയം സാക്ഷ്യപ്പെടുത്തുന്നു. 2020 ജൂലെയില്‍ അതിര്‍ത്തികള്‍ തുറന്നതിന് ശേഷം ഏകദേശം 3 മില്യണ്‍ വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. റഷ്യയാണ് ഈജിപ്തിന്റെ പ്രധാന വിനോദ സഞ്ചാര വിപണി. റഷ്യന്‍ സഞ്ചാരികള്‍ ഉടന്‍ ഈജിപ്തിലേക്ക് തിരികെ എത്തുമെന്നാണ് ജൂണിലേക്കുള്ള ബുക്കിംഗുകള്‍ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റഷ്യയ്ക്കും ഈജിപ്തിനുമിടയില്‍ സജ്ജീകരണങ്ങള്‍ പുരോഗമിക്കുകയാണ്. വേനല്‍ക്കാല വിനോദ സഞ്ചാര വിപണി ഉണരുന്നതിന് മുമ്പ് തന്നെ ഇത്തരം സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വേനല്‍ക്കാലത്ത് മാത്രം 3.5 മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ടെന്നും എല്‍ എനാനി പറഞ്ഞു.

ഗള്‍ഫ് ഓഫ് സൂയസിലെ ഗലാല, വടക്കന്‍ തീരത്തെ അലമേന്‍, മെഡിറ്ററേനിയന്‍ സമുദ്രത്തിലെ മന്‍സൂറ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ച് 15 ബില്യണ്‍ ഡോളറിന്റെ ടൂറിസം പദ്ധതികളില്‍ ഈജിപ്ത് നിക്ഷേപകരെ തേടുന്നതായും മന്ത്രി പറഞ്ഞു. നികുതിയിളവ്, പങ്കാളിത്തങ്ങള്‍ക്കുള്ള സൗകര്യം, കസ്റ്റംസ് ഇളവ്, പ്രോജക്ടുകളുടെ വിജയത്തിനായി സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഗ്യാരണ്ടി, നിക്ഷേപകരുടെ ചിലവ് കുറയ്ക്കുന്നതിനായി അടിസ്ഥാനസൗകര്യമൊരുക്കല്‍ തുടങ്ങി ഈ മെഗാ പദ്ധതികളുടെ ഭാഗാമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വലിയ തോതിലുള്ള ഇളവുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

തീരദേശ നഗരങ്ങളെ കരയിലെ നഗരങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ട് റോഡുകള്‍ നിര്‍മിക്കാനും അതിവേഗ ട്രെയിന്‍ ഗതാഗതം സ്ഥാപിക്കാനും ഈജിപ്ത് ആലോചിക്കുന്നുണ്ട്. ഇത് കൂടാതെ ആഭ്യന്തര വ്യോമ ഗതഗാത ശൃംഖലയെ ശക്തിപ്പെടുത്താനും രാജ്യത്തിന് പദ്ധതിയുണ്ട്. കുറഞ്ഞ ചിലവില്‍ സഞ്ചാരികള്‍ക്ക് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം രാജ്യത്തെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയെ പിന്താങ്ങുന്നതിനായി ഈജിപ്ത് കേന്ദ്രബാങ്ക് 3.2 ബില്യണ്‍ ഡോളറിന്റെ ഉത്തേജന പാക്കേജ് അവതരിപ്പിച്ചിരുന്നു.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിസ ചട്ടങ്ങളിലും മാറ്റം

പകര്‍ച്ചവ്യാധിക്ക് ശേഷം ഈജിപ്ത് വിസ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തിയിരുന്നു. മാത്രമല്ല കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ വിസകള്‍ അവതരിപ്പിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധിക്ക് മുമ്പ് 46 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈജിപ്ത് ഓണ്‍ അറൈവല്‍ വിസ നല്‍കിയിരുന്നതെങ്കില്‍ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 27 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി ഇതിനുള്ള സൗകര്യമൊരുക്കി. നിലവില്‍ 73 രാജ്യക്കാര്‍ക്കാണ് ഈജിപ്തില്‍ വന്നിറങ്ങിയതിന് ശേഷം വിസ നേടാന്‍ അവസരമുള്ളത്. ടൂറിസ്റ്റ് വിസയ്ക്ക് 25 ഡോളറാണ് ചിലവ്

ഇതാദ്യമായി ഷെന്‍ഗന്‍, യുകെ, യുഎസ് വിസയുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവലിനുള്ള സൗകര്യം ഈജിപ്ത് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഇലക്ട്രോണിക് വിസ സൗകര്യവും കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. താമസിക്കാതെ തന്നെ ടൂറിസം മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും 90 ദിവസത്തേക്കുള്ള ദീര്‍ഘകാല ടൂറിസം വിസ അനുവദിച്ച് തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. മാത്രമല്ല യൂറോപ്പിലുള്ള രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളുമായി യാത്രാ ഇടനാഴികള്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകളും ഈജിപ്ത് നടത്തുന്നുണ്ട്.

Maintained By : Studio3