Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആസാമില്‍ നാലിടത്ത് റീപോളിംഗ് നടത്തും

ഗുവഹത്തി: തെക്കന്‍ ആസാമിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ നാല് പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇവിടെ ഏപ്രില്‍ ഒന്നിനാണ് വോട്ടെടുപ്പ് നടന്നത്. എല്ലാ റിപ്പോര്‍ട്ടുകളും മറ്റ് സാഹചര്യങ്ങളും കണക്കിലെടുത്ത് ഏപ്രില്‍ 20 ന് നാല് പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും പോളിംഗ് നടത്താന്‍ ഇസി ഉത്തരവിട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അജയ് കുമാര്‍ വര്‍മ്മ അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിതിന്‍ ഖാദെക്ക് അയച്ച കത്തില്‍ പറഞ്ഞു.

രതബാരി (എസ്സി) നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഇന്ദിര എംവി സ്കൂള്‍ ,സോനായി നിയമസഭാ മണ്ഡലത്തിനു കീഴിലുള്ള മധ്യ ധന്‍ചാരി ലോവര്‍ പ്രൈമറി സ്കൂള്‍, ഹാഫ്ലോംഗ് (എസ്ടി) അസംബ്ലി സീറ്റിലെ ഖോത്ലീര്‍ ലോവര്‍ പ്രൈമറി സ്കൂള്‍, മുവാല്‍ഡാം ലോവര്‍ പ്രൈമറി സ്കൂള്‍ എന്നിവിടങ്ങളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക.

സോനായ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി നോമിനിയായി മത്സരിക്കുന്ന ആസാം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമിനുല്‍ ഹക്ക് ലസ്കറിനൊപ്പമുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട പോളിംഗ് സമയത്ത് പൊതുജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തിരുന്നു.

ഇതിനെത്തുടര്‍ന്ന് ലസ്ക്കറിനെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തിട്ടുമുണ്ട്. സംഭവത്തെക്കുറിച്ച് മജിസ്ട്രേലിയന്‍ അന്വേഷണത്തിന് കാച്ചാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) കീര്‍ത്തി ജല്ലി ഉത്തരവിട്ടു.ജില്ലാ വികസന കമ്മീഷണര്‍ ബി.സി. ദാസിനോട് അന്വേഷണം നടത്തി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തന്‍റെ ജീവന്‍ രക്ഷിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതെന്ന് ലസ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലസ്കറിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 90 സാധുവായ വോട്ടര്‍മാരുള്ള ഖോത്ലിര്‍ ലോവര്‍ പ്രൈമറി സ്കൂളിലെ ഒരു ബൂത്തില്‍ 181 വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആറ് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഖോത്ലിര്‍ ലോവര്‍ പ്രൈമറി സ്കൂളിലെ ബാലറ്റ് പൊരുത്തക്കേടുമായി ബന്ധപ്പെട്ട് മുവല്‍ഡാം ലോവര്‍ പ്രൈമറി സ്കൂളില്‍ റീപോളിംഗ് നടക്കും. രതബാരി (എസ്സി) നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഇന്ദിര എം.വി.സ്കൂളിലെ ഇവിഎം ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ വാഹനത്തില്‍ ഇവിഎം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവിടെ റീപോളിംഗ് വേണ്ടിവന്നത്. പ്രിസൈഡിംഗ് ഓഫീസര്‍, മറ്റ് മൂന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍, ഇന്ദിര എം.വി.യുമായി ബന്ധപ്പെട്ട സായുധ എസ്കോര്‍ട്ട് ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തു. ഇവിടെയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ബിജെപി സ്ഥാനാര്‍ത്ഥി ഭാര്യയുടെ വാഹനത്തില്‍ കണ്ടെത്തിയ ഇവിഎമ്മുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ പോലീസും അറസ്റ്റ് ചെയ്തു.

Maintained By : Studio3