October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓക്‌സിജന്‍: മരണമുഖത്തുള്ളവര്‍ക്ക് ജീവന്‍ തിരികെ നല്‍കുന്ന ജീവവായു

1 min read

രോഗ ചികിത്സയിലെ ഓക്‌സിജന്‍ ഉപയോഗം മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായക കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. 

ഓക്‌സിജന് പ്രാണവായു എന്നതിനേക്കാള്‍ വലിയ വിശേഷണം ഇല്ലെന്ന് നാം ശരിക്കുമറിഞ്ഞ നാളുകളാണ് കടന്നുപോയത്. അനുനിമിഷം നാം ശ്വസിക്കുന്ന ജീവവായു കിട്ടാതെ ആളുകള്‍ കൂട്ടത്തോടെ മരിക്കുന്ന കാഴ്ച ഒരേ സമയം ഭീതിയും നിരാശയും കൊണ്ട് ലോകജനതയെ വീര്‍പ്പുമുട്ടിക്കുന്നതാണ്. രോഗം മൂലമല്ല ശരിയായ ആരോഗ്യ പരിചരണത്തിലുള്ള അഭാവമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ രാജ്യത്ത് നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ചത്. അപ്രതീക്ഷിതമായ ഓക്‌സിജന്‍ ക്ഷാമം നിരവധി ജീവനെടുത്തെങ്കിലും പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ലോകത്തെയൊന്നാകെ വെല്ലുവിളിക്കുന്ന പകര്‍ച്ചവ്യാധികളെ നേരിടാന്‍ നമ്മുടെ ആരോഗ്യമേഖല സുസജ്ജമാകേണ്ടിയിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണ് ആ ദുരന്തം.

ഹൈപ്പോക്‌സിയ, അഥവാ ശരീര കോശങ്ങള്‍ക്ക് മതിയായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയില്‍ രോഗിക്ക് ഓക്‌സിജന്‍ നല്‍കുക എന്നത് ജീവന്‍ നിലനിര്‍ത്താനുള്ള ഏറ്റവും അടിസ്ഥാനമായ ഒന്നാണ്. പ്രാണവായുവിനായി പിടയുന്ന രോഗിക്ക് തടസമില്ലാതെ, കൃത്രിമമായി ഓക്‌സിജന്‍ നല്‍കുന്നത് വലിയ അത്ഭുതങ്ങള്‍ ഉണ്ടാക്കും. രോഗ ചികിത്സയിലെ ഓക്‌സിജന്‍ ഉപയോഗം മനുഷ്യരാശിയെ സംബന്ധിച്ചെടുത്തോളം നിര്‍ണായക കണ്ടുപിടിത്തങ്ങളില്‍ ഒന്നായിരുന്നു. പക്ഷേ വൈദ്യശാസ്ത്ര രംഗത്ത് അതുവരെ നിലനിന്നിരുന്ന വിചിത്രമായ പല തിയറികളെയും തികച്ചും അശാസ്ത്രീയമായ ചികിത്സരീതികളെയും മറികടന്ന് രോഗിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയെന്നത് അടിസ്ഥാന ചികിത്സയുടെ ഭാഗമാക്കുന്നതിന് രണ്ട് നൂറ്റാണ്ട് വേണ്ടി വന്നു.

 

മറഞ്ഞുനിന്ന മാന്ത്രിക വാതകം

Joseph Priestley

ആരോഗ്യരംഗത്ത് ഓക്‌സിന്റെ ചരിത്രം ആരംഭിക്കുന്നത് 1770കളിലാണ്. സ്വീഡിഷ് ഫാര്‍മസിസ്റ്റായ കാള്‍ ഷീലെയും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജോസഫ് പ്രീസ്റ്റ്‌ലിയും സ്വന്തമായി ഓക്‌സിജന്‍ വാതകം വേര്‍തിരിച്ചത് അന്നാണ്. പക്ഷേ പിന്നീട് ആ നേട്ടം പ്രീസ്റ്റ്‌ലിയുടെ പേരില്‍ മാത്രം ഒതുങ്ങി. പ്രീസ്റ്റിലി ഒരു ഫോള്‍ജിസ്റ്റണ്‍ വിശ്വാസിയായിരുന്നു. സാധനങ്ങള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന കാണാനാകാത്ത ഒരു വസ്തുവിനെ കേന്ദ്രീകരിച്ചുള്ള ഒരു തിയറിയായിരുന്നു ഫോള്‍ജീസ്റ്റണ്‍. നാമതിനെ ഓക്‌സിജനെന്ന് വിളിക്കുന്നു. പക്ഷേ പ്രീസ്റ്റ്‌ലി അതിനെ വിളിച്ചത് ഡിഫോള്‍ജിസ്റ്റികേറ്റഡ് എയര്‍ എന്നാണ്. ആ വാതകം ശ്വസിച്ചപ്പോള്‍ അദ്ദേഹത്തിന് നെഞ്ചില്‍ ഒരു പ്രത്യേക അനുഭൂതിയും കുറച്ച് സമയത്ത് ഒരു സുഖവും അനുഭവപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. തനിക്കും രണ്ട് എലികള്‍ക്കും മാത്രമേ ആ അത്ഭുത വാതകം ശ്വസിക്കാനുള്ള അവകാശമുള്ളുവെന്ന തരത്തിലായിരുന്നു പ്രീസ്റ്റിലിയുടെ പ്രചരണം. ഈ വസ്തുവിന്റെ സാന്നിധ്യത്തില്‍ മെഴുകുതിരികള്‍ കൂടുതല്‍ ജ്വലിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രീസ്റ്റിലിയില്‍ സാധാരണ വായു മതിയാകാത്ത സാഹചര്യത്തില്‍ അസുഖങ്ങള്‍ ഉള്ളവരുടെ ശ്വാസകോശത്തിന് ഈ വാതകം ആശ്വാസം നല്‍കുമെന്ന തോന്നല്‍ ഉണ്ടായി. എന്നിട്ടും ശുദ്ധ ഓക്‌സിജന്‍ ശ്വസിക്കുന്നത് ആപത്തുണ്ടാക്കുമെന്ന് വിശ്വസിച്ചിരുന്ന ഫോള്‍ജിസ്റ്റണ്‍ തിയറിയെ തന്നെ അദ്ദേഹം ആരാധിച്ച് പോന്നു.

  ഈസ്റ്റേണ് അഞ്ചു മിനിറ്റ് ബ്രേക്ക് ഫാസ്റ്റ് ശ്രേണിയിൽ ആറ് പുതിയ ഉല്‍പന്നങ്ങള്‍

രോഗികളില്‍ ഈ പുതിയ വസ്തു പരീക്ഷിക്കാനുള്ള ആവേശം മൂലം പ്രീസ്റ്റിലിയും എഞ്ചിനീയര്‍മാരും ജെയിംസ് വാട്ട് ഉള്‍പ്പടെയുള്ള ശാസ്ത്രജ്ഞരും ബ്രിമിംഗ്ഹാമില്‍ ന്യുമാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്‍ സ്ഥാപിച്ചു. രോഗം ഭേദമാകുമെന്ന ഉറപ്പ് നല്‍കിയില്ലെങ്കിലും പല അസുഖങ്ങള്‍ക്കും ഡിഫോള്‍ജിസ്റ്റികേറ്റഡ് എയറിലൂടെയുള്ള ചികിത്സ അവര്‍ ലഭ്യമാക്കി. ചികിത്സ പ്രതീക്ഷിച്ചത്ര വിജയകരമായിരുന്നില്ലെങ്കിലും വലിയൊരു നേട്ടം അവരുണ്ടാക്കി. മൗത്ത്പീസ് മുതല്‍ ബ്രീത്തിംഗ് ട്യൂബ് വരെ ഇന്നും ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന ഓക്‌സിജന്‍ ഡെലിവറി സംവിധാനത്തില്‍ മിക്കതും കണ്ടെത്തിയത് അവരാണ്. ന്യുമാറ്റിക് ഇന്‍സ്റ്റിറ്റിയൂഷന്റെ പ്രവര്‍ത്തനം പിന്നീട് നിലച്ചെങ്കിലും ഓക്‌സിജന്‍ രോഗങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഒറ്റമൂലിയായി തുടര്‍ന്നു. കോണ്‍സണ്‍ട്രേറ്റഡ് ഓക്‌സിജന്‍ ആയിരുന്നില്ല അവര്‍ ഉപയോഗിച്ചിരുന്നത് എന്നതായിരുന്നു പ്രീസ്റ്റിലിയുടെയും സംഘത്തിന്റെ ഉദ്യമം വലിയ നേട്ടമുണ്ടാകാതിരിക്കാനുള്ള കാരണം.

 

ജീവവായുവിന്റെ യഥാര്‍ത്ഥശക്തി തിരിച്ചറിഞ്ഞ ഡോക്ടര്‍

പക്ഷേ ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ വില്‍ക്കുന്നവര്‍ അവരുടെ ഉദ്യമത്തില്‍ നിന്നും പിന്നോട്ട് പോയില്ല. 1884 മുതല്‍ നിലവിലുണ്ടായിരുന്ന ഓക്‌സിജന്‍ ചികിത്സയുടെ ഉപജ്ഞാതാക്കള്‍ രോഗികള്‍ക്ക് ഒരു കുപ്പി ഓക്‌സിജനും ഒരു കുപ്പി ഓക്‌സിജന്‍ ടോണിക്കും കൊടുത്തുവിടുമായിരുന്നു. ദഹനക്കുറവ് മുതല്‍ വാതം വരെയുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയായാണ് ഇത് കരുതപ്പെട്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഓക്‌സിജന്‍ തെറാപ്പി എന്നാല്‍ വ്യാജ ചികിത്സയ്ക്ക് സമമായിരുന്നു. എന്നാല്‍ 1890ല്‍, ഡോ.ആല്‍ഫ്രഡ് ബ്ലോഡ്‌ഗെറ്റ് എന്ന ഫിസിഷ്യനാണ് ഓക്‌സിജന്റെ മാന്ത്രികശക്തി ശരിയായ രീതിയില്‍ മനസിലാക്കുന്നത്. അന്നദ്ദേഹത്തിന് ന്യുമോണിയ ബാധിച്ച ഒരു രോഗിയെ ചികിത്സിക്കേണ്ടി വന്നു. ഒരിക്കലും രക്ഷപ്പെടില്ലെന്ന് അദ്ദേഹം കരുതിയ ആ രോഗിയുടെ അന്ത്യനിമിഷങ്ങള്‍ ആയാസരഹിതമാക്കുന്നതിനായി ഡോക്ടര്‍ രോഗിക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ ലഭ്യമാക്കി. ചരിത്രത്തില്‍ ആദ്യമായി ഒരു രോഗിക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ ലഭ്യമാക്കിയ സംഭവം ഇതായിരിക്കും. ഡോക്ടറെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ രോഗിയുടെ നില ഭേദപ്പെട്ടു. അവരുടെ ശ്വസനപ്രക്രിയ നേരെയായി. ഓക്‌സിജന്‍ രോഗികളുടെ ജീവന്‍ രക്ഷിക്കുമെന്ന് അവകാശപ്പെട്ട് ഡോക്ടര്‍ തന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു.

  ദുബായ് ജൈടെക്സ് ഗ്ലോബലില്‍ കേരളത്തില്‍ നിന്നുള്ള 30 കമ്പനികള്‍

പക്ഷേ ഓക്‌സിജന്‍ ചികിത്സയ്ക്ക് അപ്പോഴും അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. ബ്ലോഡ്‌ഗെട്ടിന്റെ ലേഖനത്തിന് ശേഷം മറ്റ് ചില ഗവേഷകരും രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ ശ്രമിച്ചു. അതുപക്ഷേ ശ്വാസകോശത്തിലൂടെ ആയിരുന്നില്ല. അവര്‍ ത്വക്കിനടിയിലും മൂത്രനാളിയിലൂടെയും വയറിനുള്ളിലേക്കാണ് ഓക്‌സിജന്‍ പമ്പ് ചെയ്തത്. ഓക്‌സിജന്‍ എനിമ എന്ന ആശയമായിരുന്നു ഏറ്റവും വിചിത്രം. കോണ്‍ ഫ്‌ളേക്ക് പ്രചാരകനായിരുന്ന ഡോ.ജി എച്ച് കെല്ലോഗാണ് ആത്തരമാരു ആശയം കൊണ്ടുവന്നത്.

 

വഴിത്തിരിവായി ഹല്‍ഡെയ്‌ന്റെ കണ്ടെത്തലുകള്‍

John Scott Haldane

ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ക്ക് അവസാനമുണ്ടാക്കിയത് ജോണ്‍ സ്‌കോട്ട് ഹല്‍ഡെയ്ന്‍ എന്ന സ്‌കോട്ടിഷ് ഡോക്ടറാണ്. ഓക്‌സിജന്‍ ശ്വസിക്കുന്നത് വളരെ നല്ലതാണെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയത് അദ്ദേഹമാണ്. ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തടസ്സമില്ലാതെ കോണ്‍സണ്‍ഡ്രേറ്റഡ് ആയി ഓക്‌സിജന്‍ നല്‍കിയെങ്കില്‍ മാത്രമേ പ്രതീക്ഷിച്ചത്ര ഫലപ്രാപ്തി ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം മനസിലാക്കി. 1917ലാണ് ‘ദ തെറപ്യൂട്ടിക് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഓക്‌സിജന്‍’ എന്ന ചരിത്രപ്രസിദ്ധമായ തന്റെ ലേഖനം അദ്ദേഹം പ്രസിദ്ധീകരിച്ചത്.

അത് വളരെ കൃത്യമായ സമയമായിരുന്നു. ഒന്നാംലോക മഹായുദ്ധ കാലത്ത് രണ്ട് കൂട്ടരും വിഷവാതകങ്ങള്‍ ഉപയോഗിച്ചിരുന്നു. വാതക ആക്രമത്തില്‍ രോഗാതുരതരായവരെ ചികിത്സിക്കാന്‍ ഹാല്‍ഡെയ്ന്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ഒരു ഉപകരണം വികസിപ്പിച്ചു. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം ബ്രിട്ടന്‍ കൂടുതല്‍ നേരം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഒരു മൊബീല്‍ ഉപകരണം നിര്‍മിച്ച് രോഗമുക്തര്‍ക്ക് നല്‍കി. തുടര്‍ച്ചയായി ഓക്‌സിജന്‍ നല്‍കുന്നതിന്റെ ഗുണം വില മനസിലാക്കുന്ന തരത്തിലേക്ക് വൈദ്യശാസ്ത്രലോകം കണ്ണ് തുറന്നത് അന്നാണ്. പക്ഷേ എന്നിട്ടും അരനൂറ്റാണ്ടോളം കഴിഞ്ഞാട്ടാണ് പല ഡോക്ടര്‍മാരും ഈ ചികിത്സാരീതി അംഗീകരിച്ചത്. അവരില്‍ പലരും ഇടവിട്ടുള്ള ഓക്‌സിജന്‍ നല്‍കലാണ് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ ഇടക്കിടക്ക് ജലോപരിതലത്തിലേക്ക് കൊണ്ടുവരുന്നതിന് സമാനമാണ് അതെന്ന് ഹാല്‍ഡെയ്ന്‍ വിമര്‍ശിച്ചു. എന്നിട്ടും 1962ല്‍ മാത്രമേ വൈദ്യശാസ്ത്ര ഗവേഷകര്‍ ഹാല്‍ഡെയ്‌നെ പൂര്‍ണമായും അംഗീകരിച്ചുള്ളു. ഇടവിട്ട് ഓക്‌സിജന്‍ നല്‍കുന്നത് രോഗികളെ ബുദ്ധിമുട്ടിക്കുമെന്നും ഒരിക്കലും ഓക്‌സിജന്‍ നല്‍കാത്തതിനേക്കാള്‍ കഷ്ടതയാണ് അത് രോഗികള്‍ക്ക് നല്‍കുകയെന്നും അവര്‍ സമ്മതിച്ചു.

  ഐബിഎസ് സോഫ്റ്റ് വെയര്‍ ഡേറ്റ ആന്‍ഡ് എഐ കേന്ദ്രം

 

ഓക്‌സിജന്‍ തെറാപ്പിയെന്ന അതുല്യ ചികിത്സാരീതി

പിന്നീട് രോഗികള്‍ക്ക് തുടര്‍ച്ചയായി ഓക്‌സിജന്‍ തെറാപ്പി നല്‍കുകയെന്ന ആശയം ഡോക്ടര്‍മാര്‍ക്ക് സ്വീകാര്യമായിത്തുടങ്ങി. അമേരിക്കയില്‍ ഡോ. തോമസ് പെറ്റിയുടെ നേതൃത്വത്തില്‍ ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ നേരിടുന്നവര്‍ക്ക് ഓക്‌സിജന്‍ തെറാപ്പി ലഭ്യമാക്കി. ഓക്‌സിജന്‍ നല്‍കിയ 28 ശതമാനം രോഗികള്‍ മാത്രം മരിച്ചപ്പോള്‍ ഓക്‌സിജന്‍ നല്‍കാത്ത 62 ശതമാനം രോഗികള്‍ മരണമടഞ്ഞതായി 1970ലെ ഒരു പഠനം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ഓക്‌സിജന്റെ വിദഗ്ധ ഉപയോഗം സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നത്.

കോവിഡ്-19 ബാധിച്ചവരില്‍ ഓക്‌സിജനുണ്ടാക്കുന്ന വലിയ മാറ്റം ഓക്‌സിജന്‍ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പകര്‍ച്ചവ്യാധിയുടെ ആദ്യ മാസങ്ങളില്‍ വിവിധ രാജ്യങ്ങള്‍ എങ്ങനെയാണ് രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയതെന്നത് സംബന്ധിച്ച പ്രാഥമിക ഗവേഷണങ്ങള്‍ ചികിത്സയില്‍ അനുബന്ധമായി ഓക്‌സിജന്‍ നല്‍കുന്നത് രോഗികളെ മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ എത്രത്തോളം ഗുണകരമാണെന്ന് വ്യക്തമാക്കുന്നതാണ്.  രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ഓക്‌സിജന്‍ ലഭ്യമാക്കിയാല്‍ രോഗികളെ വെന്റിലേറ്റര്‍ സഹായം ഇല്ലാതെ രക്ഷിക്കാനാകുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ലളിതമായ ചികിത്സാരീതി കാലങ്ങളായി നമുക്കിടയില്‍ ഉണ്ട്. യുദ്ധമുഖത്ത് മുതല്‍ ആശുപത്രികളിലെ പാര്‍ക്കിംഗ് ഇടങ്ങളില്‍ വരെ ഓക്‌സിജന്‍ കൃത്രിമമായി ലഭ്യമാക്കാനാകും. കോവിഡ് രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ അമേരിക്കയും യുകെയുമടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ജീവവായുവിന്റെ മൂല്യം മനസിലാക്കി ഓക്‌സിജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ തയ്യാറെടുപ്പുകളോടെ ഏത് വലിയ പകര്‍ച്ചവ്യാധികളെയും നേരിടാന്‍ ആരോഗ്യരംഗത്തെ സുസജ്ജമാക്കാനും രാജ്യങ്ങള്‍ ഇനിയെങ്കിലും തയ്യാറാകണം.

Maintained By : Studio3