കുടുംബാധിപത്യവും പണവും ഡിഎംകെയുടെ ലക്ഷ്യം: നദ്ദ
ചെന്നൈ: കുടുംബാധിപത്യത്തിനും പണത്തിനും കട്ടപ്പഞ്ചായത്തിനുംവേണ്ടിയാണ് ഡിഎംകെ നിലകൊള്ളുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെയും നദ്ദ രൂക്ഷ വിമര്‍ശനം നടത്തി.2 ജി, 3 ജി, 4 ജി അഴിമതികളില്‍ ഇരു പാര്‍ട്ടികളും പങ്കാളികളാണെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ മൊഡാകുരിച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും പഴയ ഭാഷയായ തമിഴിനെ ഐക്യരാഷ്ടസഭപോലുള്ള ആഗോള വേദിയിലേക്ക് ഉയര്‍ത്തി. മോദി വിവിധ വികസന പദ്ധതികള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെയും അദ്ദേഹം പ്രശംസിച്ചു.
2 ജി, 3 ജി, 4 ജി അഴിമതികള്‍ മാരന്‍ കുടുംബത്തിന്‍റെയും കോണ്‍ഗ്രസിന്‍റെയും ഡിഎംകെയുടെയും അഴിമതിയാണ്. തലമുറകള്‍ക്ക് കഴിയാനുള്ളത് അവര്‍ തലമുറകളായി കവര്‍ന്നെടുക്കുന്നു. മുരുകന്‍റെ പ്രാര്‍ത്ഥന ഗാനത്തെ അപകീര്‍ത്തിപ്പെടുത്തിയ കറുപ്പര്‍കൂട്ടത്തെ ഡിഎംകെ നേതാവ് സ്റ്റാലിന്‍ സ്റ്റാലിന്‍ ഒരിക്കലും അപലപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കറുപ്പര്‍ കൂട്ടം സംഭവത്തിന് പിന്നില്‍ ഡിഎംകെയും സഖ്യകക്ഷികളുമാണ്. ഇപ്പോള്‍ ബിജെപി കാരണം ഡിഎംകെ നേതാവ് കൈയില്‍ ഒരു വേല്‍ പിടിക്കാന്‍ നിര്‍ബന്ധിതനായി. നിരീശ്വരവാദിയായ സ്റ്റാലിന്‍ വേലെടുത്തത് ബിജെപിയുടെ വിജയമാണെന്നും നദ്ദ പറഞ്ഞു.
പ്രാദേശിക അഭിലാഷങ്ങള്‍ക്ക് വിരുദ്ധമായാണ് ഡിഎംകെയും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജല്ലിക്കെട്ടിനെ നിരോധിച്ചപ്പോള്‍ അന്ന് ഇക്കാര്യത്തില്‍ ഡിഎംകെ മൗനം പാലിച്ചുവെന്നും നദ്ദ പറഞ്ഞു.എന്നാല്‍ പ്രാദേശിക വികാരങ്ങള്‍ മനസിലാക്കി ജല്ലിക്കെട്ട് പുനരാരംഭിക്കാന്‍ അനുവദിച്ചത് നരേന്ദ്ര മോദിയാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരില്‍ തമിഴ്നാട്ടില്‍ നിന്ന് നല്ല പ്രാതിനിധ്യം ഉണ്ടെന്നും ബിജെപി പ്രസിഡന്‍റ് പറഞ്ഞു.പ്രതിരോധ ഇടനാഴി തുടങ്ങി നിരവധി പ്രധാന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട്ടിനായി അനുവദിച്ചിട്ടുണ്ട്.ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കള്‍പോലും സ്ത്രീകള്‍ക്കും ദളിതര്‍ക്കും എതിരെ സംസാരിച്ചുവെന്നും അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.