ഉന്നത വിദ്യാഭ്യാസം നേടുമ്പോഴും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കുറവ്: സിഎംഐഇ
1 min readതൊഴിലിനായി എത്തുന്ന സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ലഭ്യതക്കുറവ് പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്
ന്യൂഡെല്‍ഹി: വിദ്യാഭ്യാസത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നിലേക്ക് എത്തുമ്പോഴും, ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പറയുന്നു. ഇന്ത്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനസംഖ്യയില്‍ സ്ത്രീകളുടെ അനുപാതം പകുതിയില്‍ താഴെയാണെങ്കിലും, പുതിയ ബിരുദധാരികളില്‍ പകുതിയിലധികം സ്ത്രീകളാണെന്ന് സിഎംഇഇ മാനേജിംഗ് ഡയറക്ടര്‍ മഹേഷ് വ്യാസ് ഒരു ലേഖനത്തില്‍ പറയുന്നു.
‘ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടം ഒരു പതിറ്റാണ്ട് മുമ്പാണ് വിജയിച്ചത്. 2011-12 നും 2015-16 നും ഇടയില്‍ പുതിയ ബിരുദധാരികളില്‍ 50 ശതമാനവും സ്ത്രീകളായിരുന്നു. 2018-19ല്‍, പുതിയ ബിരുദധാരികളില്‍ 53 ശതമാനവും സ്ത്രീകളാണ്,’ വ്യാസ് പറഞ്ഞു. എന്നിരുന്നാലും, തൊഴിലാളികളില്‍ സ്ത്രീ പങ്കാളിത്തം കുറവാണ്, പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലില്ലായ്മ ഉയര്‍ന്ന തോതില്‍ തുടരുന്നു.
വീടുകള്‍ക്ക് പുറത്ത് സ്ത്രീകള്‍ ജോലി ചെയ്യുന്നതില്‍ യഥാര്‍ത്ഥ വെല്ലുവിളി നഗരമേഖലയിലാണ്. 2018-19 ലെ ഔദ്യോഗിക പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) പ്രകാരം 73.7 ശതമാനം നഗര പുരുഷന്മാര്‍ക്കും തൊഴില്‍ വിപണിയില്‍ പങ്കാളിത്തമുള്ളപ്പോള്‍ നഗരങ്ങളിലെ 20.4 ശതമാനം സ്ത്രീകള്‍ മാത്രമാണ് തൊഴില്‍ വിപണിയില്‍ എത്തിയത്. ഈ പങ്കാളിത്തം വളരെ കുറവാണെങ്കിലും, തൊഴിലിനായി എത്തുന്ന സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ലഭ്യതക്കുറവ് പുരുഷന്‍മാരേക്കാള്‍ കൂടുതലാണ്. നഗര ഇന്ത്യയില്‍ പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനവും സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്ക് 9.8 ശതമാനവുമാണ്.
‘പിഎല്‍എഫ്എസ് അനുസരിച്ച് 2018-19ല്‍ 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള നഗര സ്ത്രീകളില്‍ 18.4 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. എന്നിരുന്നാലും, ഇതേ പ്രായത്തിലുള്ള 68.6 ശതമാനം നഗര പുരുഷന്മാരും ജോലി ചെയ്യുന്നു,” ലേഖനത്തില്‍ പറയുന്നു. സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ്സ് ഹൗസ്ഹോള്‍ഡ് സര്‍വേയില്‍ നിന്നുള്ള ഡാറ്റ പരിഗണിച്ചാല്‍ സ്ഥിതി കൂടുതല്‍ ഭയാനകമാണ്. 15 വയസോ അതില്‍ കൂടുതലോ പ്രായമുള്ള നഗര സ്ത്രീകളില്‍ 8.4 ശതമാനം മാത്രമാണ് 2018-19 ല്‍ ജോലി ചെയ്യുന്നത്. ഇത് 2019-20ല്‍ 7.3 ശതമാനമായി കുറഞ്ഞു, 2020-21ല്‍ ഇത് 6 ശതമാനത്തില്‍ താഴെയാകാന്‍ സാധ്യതയുണ്ടെന്ന് സിഎംഐഇ പറഞ്ഞു.
തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നതിന് മൂന്ന് കാരണങ്ങളുണ്ടെന്ന് വ്യാസ് പറഞ്ഞു. ഒന്നുകില്‍ ഇന്ത്യന്‍ സ്ത്രീകള്‍ ജോലിക്ക് പോകാന്‍ തയ്യാറാകുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് ജോലിക്ക് പോകാന്‍ അനുവാദമില്ല, അല്ലെങ്കില്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും അവര്‍ക്ക് ജോലി നല്‍കാന്‍ ആളുകള്‍ തയ്യാറല്ല എന്നതാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടാമത്തെയും മൂന്നാമത്തെയും കേസുകള്‍ സമൂഹത്തിലെ പക്ഷപാതിത്വത്തെ പ്രതിഫലിപ്പിക്കുന്നു. ആദ്യത്തെ കാരണത്തിലേക്ക് നയിക്കുന്നതും ഇവയാണ്. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും പ്രചോദനവും കഠിനാധ്വാനവും ഉണ്ടെങ്കിലും മതിയായ തൊഴില്‍ ഇല്ല,’ വ്യാസ് പറഞ്ഞു.
എന്നിരുന്നാലും, ചില മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിക്കുന്നുണ്ട്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബോര്‍ഡുകളിലെ ഡയറക്ടര്‍മാരില്‍ 8 ശതമാനത്തിലധികവും 2019-20ല്‍ സ്ത്രീകളായിരുന്നു. കൂടാതെ, ലിസ്റ്റുചെയ്ത കമ്പനികളില്‍ 64 ശതമാനത്തിനും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്. ലിസ്റ്റുചെയ്ത എല്ലാ കമ്പനികള്‍ക്കും ലിസ്റ്റുചെയ്യാത്ത വലിയ കമ്പനികള്‍ക്കും അവരുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാക്കിക്കൊണ്ട് 2014ല്‍ കമ്പനി നിയമത്തില്‍ വരുത്തിയ ഭേദഗതി ഇതിന് കാരണമായെന്നും സിഎംഐഇ പറഞ്ഞു. ഇന്ത്യയിലെ കമ്പനികളുടെ സിഇഒമാരില്‍ 1.7 ശതമാനം സ്ത്രീകളാണെന്നാണ് കണക്കാക്കുന്നത്. ഈ എണ്ണം വളരെ ചെറുതാണെങ്കിലും പ്രസക്തമാണെന്നും ലേഖനത്തില്‍ പറയുന്നു.