കോവിഡ് 19 ടിപിആര്‍ കുറയുന്നില്ല; കൂടുതല്‍ ഇളവുകള്‍ ഉടനുണ്ടായേക്കില്ല
ചൊവ്വാഴ്ചയാണ് ഇനി ഇളവുകള്‍ പരിശോധിക്കുന്നതിന് യോഗം ചേരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനത്തിന്‍റെ തോതില്‍ തുടര്‍ച്ചയായ കുറവ് പ്രകടമാക്കാത്തത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് താഴെയെത്തിയ ശേഷം മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ഇപ്പോഴുള്ള ധാരണ.
സംസ്ഥാനത്ത് ഇന്നലെ 10.66 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തേ ടിപിആര്‍ 10 ശതമാനത്തില്‍ താഴെയെത്തിയ ശേഷം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ദീര്‍ഘകാലം ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാതിരിക്കുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തലിലാണ് 10 ശതമാനത്തിന് അടുത്ത് ടിപിആര്‍ എത്തിയപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.
വാരാന്ത്യ ദിനങ്ങളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കര്‍ക്കശമായി പാലിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നെങ്കിലും അത് അംഗീകരിക്കാനാകാത്ത സ്ഥിതിയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തിയത്. ഇപ്പോള്‍ ഒരേ സമയം 15 പേര്‍ക്ക് മാത്രമാണ് ആരാധനാലയങ്ങളില്‍ പ്രവേശനമുള്ളത്.
ചൊവ്വാഴ്ചയാണ് ഇനി ഇളവുകള്‍ പരിശോധിക്കുന്നതിന് യോഗം ചേരുന്നത്. തുടര്‍ച്ചയായി രണ്ട് ദിവസമെങ്കിലും ടിപിആര്‍ 10ന് താഴെയെത്താതെ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1 ലക്ഷത്തിന് താഴേക്ക് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടുമത് 1 ലക്ഷത്തിന് മുകളിലേക്ക് പോയി.വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുകയാണ്.