വാക്സിനെടുത്ത ഇന്ത്യക്കാര്‍ക്ക് വന്‍ ഓഫറുകളുടെ നിര
സര്‍ക്കാര്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നവര്‍ക്കാണ് വിവിധ കിഴിവുകളും ഓഫറുകളും ലഭ്യമാകുക
ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതില്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത് ഓഫറുകളുടെ വലിയ നിര. വാക്സിന്‍ എടുത്തവര്‍ക്ക് ഫാസ്റ്റ് ഫുഡ് മുതല്‍ ഫളൈറ്റ് വരെയുള്ള ഇനങ്ങളില്‍ ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ആഴ്ചകളോളം നീണ്ട ലോാക്ക്ഡൗണുകള്‍ക്ക് ശേഷം സമ്പദ്വ്യവസ്ഥ ക്രമേണ വീണ്ടും തുറക്കുന്നതില്‍ വാക്സിനേഷനുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് കമ്പനികളുടെ നീക്കം.
വാക്സിന്‍ എടുക്കുന്നതിലെ മടി മാറ്റാന്‍ പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികളും സമാനമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ സാഹചര്യം അല്‍പ്പം വ്യത്യസ്തമാണ്. ജനസംഖ്യയുടെ അളവ് പരിഗണിക്കുമ്പോള്‍ ഇന്ത്യയില്‍ വിതരണത്തിന് ലഭ്യമായ വാക്സിന്‍ കുറവാണ്. എങ്കിലും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പ്രോത്സാഹനങ്ങള്‍ സഹായിക്കുമെന്ന വിലയിരുത്തലിലാണ് കമ്പനികള്‍. ‘കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ വാക്സിനേഷന്‍ ഡ്രൈവില്‍ സംഭാവന നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു,’ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഉടമസ്ഥരായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജയ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. കുത്തിവെപ്പ് എടുത്ത ഉപഭോക്താക്കള്‍ക്ക് 10% വരെ കിഴിവ് ലഭിക്കുമെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു. ഒരു ഡോസ് മാത്രം ലഭിച്ചവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.
ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാള്‍ഡിന്‍റെ ഇന്ത്യന്‍ വിഭാഗം ഭക്ഷണത്തിന് വാക്സിന്‍ എടുത്തവര്‍ക്ക് നിരക്കില്‍ 20 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള പലചരക്ക് പ്ലാറ്റ്ഫോം ഗ്രോഫേഴ്സ് അതിന്‍റെ ലോയല്‍റ്റി പ്രോഗ്രാമിന്‍റെ ഒരു മാസത്തെ സബ്സ്ക്രിപ്ഷനാണ് സൗജന്യമായി നല്‍കുന്നത്. ഗാര്‍ഹിക വീട്ടുപകരണ നിര്‍മാതാക്കളായ ഗോദ്റെജ് ഉല്‍പ്പന്ന വാറണ്ടികള്‍ വാക്സിനെടുത്തവര്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
പൊതുമേഖലയിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞത് ഒരു ഡോസ് എങ്കിലും സ്വീകരിച്ചവര്‍ക്ക് നിക്ഷേപത്തിന് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നു.
സര്‍ക്കാര്‍ നല്‍കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കുന്നവര്‍ക്കാണ് വിവിധ കിഴിവുകളും ഓഫറുകളും ലഭ്യമാകുക. 18 വയസിനു മുകളിലുള്ള ജനസംഖ്യയുടെ 5.5% പേര്‍ക്ക് മാത്രമാണ് നിലവില്‍ ഇന്ത്യ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയിട്ടുള്ളത്. ഓഗസ്റ്റോടെ ഇന്ത്യയുടെ വാക്സിന്‍ വിതരണം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് കണക്കാക്കുന്നത്.