കമ്പനികള്‍ സാനിറ്റൈസര്‍, മാസ്ക് ഉല്‍പ്പാദനം കുറയ്ക്കുന്നു
1 min readകഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍100 കോടി രൂപയുടെ വില്‍പ്പന മൂല്യം കണക്കാക്കിയ സാനിറ്റൈസര്‍ വിപണി എട്ട് മാസത്തിനുള്ളില്‍ 1,000 കോടി രൂപയായി ഉയര്‍ന്നിരുന്നു
ന്യൂഡെല്‍ഹി: പുതിയ കൊറോണ കേസുകള്‍ കുറയുന്നതിന്‍റെയും വാക്സിന്‍ വിതരണം വ്യാപകമാകുന്നതിന്‍റെയും പശ്ചാത്തലത്തില്‍, ആവശ്യകത കുറഞ്ഞതിനാല്‍ വലിയ കമ്പനികള്‍ സാനിറ്റൈസര്‍, അണുനാശിനി, മാസ്ക് എന്നിവയുടെ ഉല്‍പ്പാദനം നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നു. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്-സെപ്റ്റംബര്‍ കാലയളവില്‍ ഈ ഉല്‍പ്പന്ന വിഭാഗങ്ങളില്‍ വലിയ ഉല്‍പ്പാദന വളര്‍ച്ചയാണ് പ്രകടമായിരുന്നത്.
‘കഴിഞ്ഞ മാസങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞു, കഴിഞ്ഞ പാദത്തില്‍ സാനിറ്റൈസറുകളുടെ അനുബന്ധ വിഭാഗങ്ങള്‍ പോലും മികച്ച രീതിയില്‍ മുന്നേറിയിട്ടില്ല,” ഡാബര്‍ ചീഫ് എക്സിക്യൂട്ടീവ് മോഹിത് മല്‍ഹോത്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ കമ്പനി ഉല്‍പ്പാദനം തുടങ്ങിയ സാനിറ്റൈസറുകള്‍ ഉള്‍പ്പടെയുള്ള ചില ശുചിത്വ ഉല്‍പ്പന്നങ്ങളില്‍ നിന്ന് പുറത്തുകടക്കുന്നതിനെ കുറിച്ചും ഡാബര്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ട,”മല്‍ഹോത്ര പറഞ്ഞു.
ഡിസംബര്‍ പാദത്തില്‍ ഉപഭോക്തൃവസ്തുക്കളുടെ ബിസിനസ്സില്‍ കുതിച്ചുചാട്ടം കണ്ട ഐടിസി, പക്ഷേ ബ്രാന്‍ഡഡ് സാനിറ്റൈസറുകറുടെ വില്‍പ്പന വളര്‍ച്ചയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. “ഡിമാന്‍ഡ് ആവശ്യതകള്‍ക്ക് അനുസരിച്ച് ഞങ്ങള്‍ വിതരണ ശൃംഖലയില്‍ ക്രമീകരണം നടത്തും – ചില ഫോര്‍മാറ്റുകള്‍ മറ്റുള്ളവയേക്കാള്‍ മികച്ചതായിരിക്കാം,” ഐടിസി പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്ന വിഭാഗം ചീഫ് എക്സിക്യൂട്ടീവ് സമീര്‍ സത്പതി പറഞ്ഞു. സാനിറ്റൈസറുകളുടെയും മാസ്കുകളുടെയും വില്‍പ്പന ഏകദേശം 50% കുറഞ്ഞുവെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരും പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍100 കോടി രൂപയുടെ വില്‍പ്പന മൂല്യം കണക്കാക്കിയ സാനിറ്റൈസര്‍ വിപണി എട്ട് മാസത്തിനുള്ളില്‍ 1,000 കോടി രൂപയായി ഉയര്‍ന്നു. നിലവിലെ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ നാല് മാസങ്ങളില്‍ 350 ഓളം പുതിയ സാനിറ്റൈസറുകളും ശുചിത്വ ഉല്‍പ്പന്നങ്ങളും കണ്ടു. സാനിറ്റൈസര്‍ സ്പ്രേകള്‍, ആന്‍റി ബാക്ടീരിയല്‍ വൈപ്പുകള്‍, പഴങ്ങളും പച്ചക്കറി കഴുകുന്ന ഉല്‍പ്പനങ്ങള്‍ ഫാബ്രിക് അണുനാശിനികള്‍ എന്നിവ വിപണിയില്‍ കൂടുതലായി എത്തി. 152 ഉല്‍പ്പാദകരാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുതുതായി ഹാന്‍ഡ് സാനിറ്റൈസര്‍ വിഭാഗത്തില്‍ എത്തിയത്.
പ്രീമിയം മാസ്കുകളും പിപിഇ കിറ്റുകളും നിര്‍മ്മിക്കാനുള്ള അധിക ശേഷിയില്‍ നിക്ഷേപം നടത്തിയ ഔട്ട്ഡോര്‍ അപ്പാരല്‍ കമ്പനിയായ വൈല്‍ഡ്ക്രാഫ്റ്റ് ഉല്‍പ്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ് ഇപ്പോള്‍. മാസ്കുകള്‍ക്കും ശുചിത്വ കിറ്റുകള്‍ക്കുമുള്ള ആവശ്യകത നിലവിലെ പാദത്തില്‍ കുറയുകയാണെന്ന് സഹ സ്ഥാപകന്‍ ഗൗരവ് ഡബ്ലിഷ് പറഞ്ഞു.