പശ്ചിമേഷ്യയിലെ ചൈനയുടെ വാക്‌സിന്‍ നയതന്ത്രം
കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം ലോകമെമ്പാടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ബഹ്റിന്റെയും യുഎഇയുടെയും മാതൃക പിന്തുടരാന്‍ സാധ്യതയുണ്ട്. സ്വന്തം പൗരന്മാര്‍ക്കായി ഇരു വാക്‌സിനുകളുടെയും ശേഖരം ഒരുക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. ഇതിനെതിരെയാണ് ചൈന നീങ്ങുന്നത്. ചുരുക്കത്തില്‍ ഈ മഹാമാരിയും തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിനായി ബെയ്ജിംഗ് ഉപയോഗിക്കുന്നു.
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളില്‍ ഒരാളെന്ന നിലയില്‍, പശ്ചിമേഷ്യയില്‍ വ്യാപാര പങ്കാളികളെ കണ്ടെത്താന്‍ ചൈനയ്ക്ക് വലിയ ബുദ്ധിമുട്ടില്ല. ഏഷ്യയിലെ ഏറ്റവും ശക്തമായ രാജ്യവും അറേബ്യന്‍ ഉപദ്വീപിലെ സമ്പന്ന രാഷ്ട്രങ്ങളും തമ്മില്‍ കൂടുതല്‍ സഹകരണത്തിനുള്ള അവസരങ്ങളാണ് ഇന്ന്് കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ചത്.
ചൈനയും അമേരിക്കയും മറ്റ് ലോകരാജ്യങ്ങളും വാക്‌സിന്‍ കൂടുതല്‍ ഫലവത്താക്കാന്‍ മത്സരിക്കുമ്പോള്‍ ബഹ്റൈനും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു ചൈനീസ് വാക്‌സിനെയാണ് പ്രാഥമികമായി തെരഞ്ഞെടുത്തത്. ചൈനീസ് വാക്‌സിനായ സിനോഫാം അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ. തുടര്‍ന്ന് ബഹറൈനും സിനോഫാം ആംഗീകരിച്ചു. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള ഫലപ്രാപ്തി 86ശതമാനമാണെന്ന് യുഎഇ അഭിപ്രായപ്പെട്ടിരുന്നു. അതിനുശേഷം ബഹ്റൈനും യുഎഇയും വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാനാരംഭിച്ചു.
ഡിസംബര്‍ 16 ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. ഇത് സിനോഫാമിന് ലഭിച്ച വലിയ പരസ്യമായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലെ മറ്റുരാജ്യങ്ങളുമായി ചൈന ബന്ധപ്പെട്ടു. സിനോഫാര്‍ം വാക്‌സിന്‍ വ്യാപകമായി നല്‍കുന്നതിന് മുമ്പ്, ബഹ്റൈനും യുഎഇയും ഈജിപ്തിനും ജോര്‍ദാനുമൊപ്പം വാക്‌സിനിലെ മൂന്നാം ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്തിരുന്നു.
- പാശ്ചാത്യര്‍ അവഗണിക്കുന്ന വികസ്വര രാജ്യങ്ങളെ നോട്ടമിട്ട് ചൈന
- വാക്‌സിനുകളെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു
- സിനോഫാര്‍മും സിനോവാക്കും അഴിമതികളുടെ ചരിത്രമുള്ളത്
പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് ചൈനും അറബ് രാജ്യങ്ങളുമായി മികച്ച വ്യാപാര ബന്ധങ്ങളാണ് നിലനിന്നിരുന്നത്. മേഖലയിലെ മറ്റേത് രാജ്യത്തെക്കാളും യുഎഇയുമായി ബെയ്ജിംഗ് അടുത്തിടപഴകിയിരുന്നു. അവര്‍ 2018ല്‍ ചൈനയിലേക്ക്് 17.4 ബില്യണ്‍ ഡോളര്‍ ചരക്ക് കയറ്റുമതി കയറ്റുമതി ചെയ്തു. അതില്‍ക്കൂടുതല്‍ ഇറക്കുമതിയും അവര്‍ നടത്തി. ബഹ്‌റിനും മികച്ച വ്യാപാരമാണ് ചൈന നടത്തിയിരുന്നത്. ആവര്‍ഷം 359 മില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ബഹ്‌റിന്‍ ചൈനയിലേക്ക് കയറ്റി അയച്ചത്. അതേസമയം ഇറക്കുമതി 1.65 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഗള്‍ഫിലെ മറ്റ് രാജ്യങ്ങളായ കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നിവയും അവരുടെ കയറ്റുമതിയുടെ ഏറ്റവും വലിയ പങ്ക് 2018 ല്‍ ചൈനയിലേക്കാണ് അയച്ചത്.
ഗള്‍ഫ് രാജ്യങ്ങളുടെ വീക്ഷണത്തില്‍ കൊറോണ വൈറസ് വ്യാപനം ചൈനയെ ഒരു ബിസിനസ് പങ്കാളിയില്‍ നിന്ന് ശാസ്ത്രീയ രംഗത്ത് വിശ്വസിക്കാവുന്ന സഹകാരിയാക്കി മാറ്റുകയായിരുന്നു. ഇന്ന് ബഹ്റൈന്‍, എമിറേറ്റ്‌സ് ഉദ്യോഗസ്ഥര്‍ സിനോഫാര്‍മില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുകയാണ്. സിനോഫാമിന് ചൈന അംഗീകാരം നല്‍കുന്നതിനുമുമ്പുതന്നെ യുഎഇയും ബഹ്‌റിനും വാക്‌സിന് അംഗീകാരം നല്‍കിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു.
കഴിഞ്ഞമാസം 31നാണ് ചൈന വാക്‌സിന് അംഗീകാരം നല്‍കിയത്. ബെയ്ജിംഗ് സിനോഫാമിന് നല്‍കിയത് 79ശതമാനം ഫലപ്രാപ്തിയാണ്. അതിലേറെ ഗള്‍ഫ് രാജ്യങ്ങള്‍ അവകാശപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല. സിനോഫാര്‍ം അതിന്റെ എതിരാളികളായ മൊഡേണ, ഫൈസര്‍ തുടങ്ങിയ വാക്‌സിനുകളുടെ നലവാരത്തേക്കാള്‍ കുറവാണ്.ഈ രണ്ടു വാക്‌സിനുകളും 90ശതമാനത്തിനുമേല്‍ ഫലപ്രാപ്തി അവകാശപ്പെടുന്നു. എങ്കിലും പല രാജ്യങ്ങളും 50 ശതമാനത്തിനുമുകളില്‍ ഫലപ്രാപ്തിയുള്ള വാക്‌സിനുകള്‍ അംഗീകരിക്കുന്ന പ്രവണതയാണ് കാണുന്നത്. ബഹ്‌റിനിലും യുഎഇയുടെയും മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് അവര്‍ ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചത്.
കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദം യുണൈറ്റഡ് കിംഗ്ഡത്തെ നശിപ്പിക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്യുന്നതിനാല്‍, കൂടുതല്‍ രാജ്യങ്ങള്‍ ബഹ്റിന്റെയും യുഎഇയുടെയും മാതൃക പിന്തുടരാന്‍ സാധ്യതയുണ്ട്. പാശ്ചാത്യ ശക്തികള്‍ സ്വന്തം പൗരന്മാര്‍ക്കായി മൊഡേണയും ഫൈസറുമാണ് തെരഞ്ഞെടുക്കുന്നത്. ഫൈസറിന് ആദ്യം അംഗീകാരം നല്‍കിയ വിദേശ രാജ്യം യുകെ ആയിരുന്നു. സ്വന്തം പൗരന്മാര്‍ക്കായി ഇരു വാക്‌സിനുകളുടെയും ശേഖരം ഒരുക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. ഇതിനെതിരെയാണ് ചൈന നീങ്ങുന്നത്. പാശ്ചാത്യര്‍ അവഗണിക്കുന്ന വികസ്വര രാജ്യങ്ങളെ തങ്ങളുടെ സ്വാധീനത്തിലും നിയന്ത്രണത്തിലുമാക്കുക എന്ന തന്ത്രം ചൈന ഇവിടെ പുറത്തെടുക്കുന്നു. ചുരുക്കത്തില്‍ ഈ മഹാമാരിയും തങ്ങളുടെ സ്വാധീനമുറപ്പിക്കുന്നതിനായി ബെയ്ജിംഗ് ഉപയോഗിക്കുന്നു.
ചൈനീസ് വാക്‌സിന്റെ ക്ലിനിക്കല്‍ ഫലങ്ങളുടെ ഡാറ്റ കൃത്യമാണോ എന്നുറപ്പിക്കാന്‍ മറ്റുള്ളവരെപ്പോലെ എളുപ്പമല്ല. പരിമിതമായ ഫലങ്ങളാകും ലഭിക്കുക എന്നും ആരോപണമുണ്ട്. ചൈനയിലെ സിനോവാക് ബയോടെക്ക്് വികസിപ്പിച്ച മറ്റൊരു വാക്‌സിന്‍ സംബന്ധിച്ച് ബ്രസീലും തുര്‍ക്കിയും വ്യത്യസ്തമായ കണ്ടെത്തലുകളാണ് നടത്തിയത്. വാക്‌സിന്‍ ഇടക്കാല ഫലങ്ങളെ അടിസ്ഥാനമാക്കി 91 ശതമാനം ഫലപ്രദമാണെന്ന് തുര്‍ക്കി വിശേഷിപ്പിച്ചു. ബ്രസീലില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മരുന്നിന് ഏകദേശം 50 ശതമാനം ഫലപ്രാപ്തിമാത്രമെ അവര്‍ നല്‍കുന്നുള്ളു. ചൈനീസ് വാക്‌സിനുകളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും സുതാര്യതയുടെ അഭാവത്തെക്കുറിച്ചുള്ള ആശങ്കകളും ഇന്നും നിലനില്‍ക്കുകയാണ്. സിനോഫാം, സിനോവാക് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റ ഇന്നും വിരളമാണ്.
അതേസമയം ബെയ്ജിംഗിന്റെ വാക്‌സിന്‍ നയതന്ത്രം ഇനി വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് ഗള്‍ഫില്‍ നിന്നടക്കമുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. റഷ്യയില്‍ നിന്നുള്ള വാക്‌സിനുകളുടെ വരെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം വരെ യുഎഇ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഫൈസര്‍ വാക്‌സിനും വിന്യസിക്കുന്നു. ചൈനീസ് വാക്‌സിനുകള്‍ വാങ്ങാന്‍ തീരുമാനിക്കുന്ന രാജ്യങ്ങള്‍ അവരുടെ ആരോഗ്യസംരക്ഷണ വ്യവസായത്തില്‍ നിലനില്‍ക്കുന്ന അഴിമതികളുടെ ചരിത്രം പരിശോധിക്കണമെന്ന്് മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതില്‍ സിനോഫാര്‍മും സിനോവാക്കും ഉള്‍പ്പെടുന്നു. ഒരു സിനോഫാര്‍ം അനുബന്ധ സ്ഥാപനം ഒരിക്കല്‍ ഡിഫ്തീരിയ, ടെറ്റനസ്, ചുമ എന്നിവയ്ക്ക് വികലമായ വാക്‌സിനുകള്‍ നിര്‍മിച്ചതായി ആരോപണമുണ്ട്. എന്നാല്‍ ഈ ആരേപണങ്ങള്‍ നിലനില്‍ക്കെ പല രാജ്യങ്ങളും ചൈനയുമായി തങ്ങളുടേതായ ധാരണകളുള്ള ബഹ്റൈനിന്റെയും യുഎഇയുടെയും പാത പിന്തുടരാന്‍ തീരുമാനിച്ചേക്കാം. അതുവഴി പാശ്ചാത്യ മേധാവിത്വത്തെ തകര്‍ക്കാനും വാക്‌സിനെ അവര്‍ കൂട്ടുപിടിക്കുകയാണ്. രാജ്യത്തെ വിമതരെ നേരിടാന്‍ ബഹ്റൈന്‍ സ്വീകരിക്കുന്നവഴികള്‍, ലിബിയയിലെയും യെമനിലെയും ആരോപണവിധേയരായ യുദ്ധക്കുറ്റവാളികള്‍ക്ക് യുഎഇ നല്‍കുന്ന പിന്തുണ തുടങ്ങിയ കാര്യങ്ങളില്‍ ചൈന ഇടപെടാറില്ല. അതിനെ വിമര്‍ശിക്കാറുമില്ല. ഉയ്ഗര്‍ പ്രശ്‌നത്തില്‍ യുഎഇ ചൈനയെ വിമര്‍ശിച്ചിട്ടുമില്ല. സാമ്പത്തിക പങ്കാളിത്വത്തിന്റെ പേരില്‍ ഈ രാജ്യങ്ങള്‍ ഹോങ്കോംഗ് പ്രക്ഷോഭകരെയും തള്ളിപ്പറഞ്ഞിരുന്നു. ഇതേ യുക്തിയാണ് ചൈന വാക്‌സിനുമായി എത്തുമ്പോള്‍ സംഭവിക്കുന്നത്.