പ്രായമാകുന്ന ചൈന; പരിഹാരംതേടി ഭരണകൂടം
ബെയ്ജിംഗ്: ചൈനയിലെ പ്രായമാകുന്ന ജനസംഖ്യ അവരുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ബെയ്ജിംഗിന്‍റെ ഒരുകുട്ടി നയത്തേക്കാള്‍ അപകടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയുടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശിശുനയം വീണ്ടും ചര്‍ച്ചകളിലേക്കെത്തിയിരുന്നു. ആളുകള്‍ക്ക് എത്ര കുട്ടികള്‍ ആകാം എന്നതുസംബന്ധിച്ച പരിധി നിര്‍ത്തലാക്കുന്നതിനോട് അധികൃതര്‍ സമ്മിശ്ര പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് പ്രായമാകുന്ന ജനസംഖ്യസംബന്ധിച്ച അപകടം അവര്‍ തിരിച്ചറിയുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ആകാം എന്നനിലയില്‍ പഴയ ഒറ്റക്കുട്ടി നയം സര്‍ക്കാര്‍ മുമ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാറ്റങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കുകള്‍ പറയുന്നത്. ജനനം കുറയുകയും ചൈനയിലെ ജനസംഖ്യ അതിവേഗം പ്രായമാകുകയും ചെയ്യുമ്പോള്‍ സാമ്പത്തികവളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് മറ്റ് മാറ്റങ്ങള്‍ ആവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
“ഇത് പരിഹരിക്കാന്‍ രണ്ട് വഴികളുണ്ട്. ജനനനിയന്ത്രണം ലഘൂകരിക്കുക എന്നതാണ് ഒരു മാര്‍ഗം, എന്നാല്‍ പരിഹാരമാകുന്നില്ല. പിന്‍പോയിന്‍റ് അസറ്റ് മാനേജ്മെന്‍റിന്‍റെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഷിവേ ഷാങ് പറഞ്ഞു. ‘ഇത് കൈകാര്യം ചെയ്യാനുള്ള മറ്റൊരു മാര്‍ഗം വ്യവസായത്തെ കൂടുതല്‍ ആശ്രയിക്കുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.ചൈനയുടെ സമ്പദ്വ്യവസ്ഥ വലിയ തോതില്‍ കുറഞ്ഞ വേതനം മാത്രം ആവശ്യമുള്ള വ്യവസായങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന വേതനം ചൈനീസ് ഫാക്ടറികളെ അനാകര്‍ഷകമാക്കുന്നു. രാജ്യം കൂടുതല്‍ നൂതനമാകാന്‍ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കഴിവുകള്‍ ആവശ്യമാണ്.പ്രായമാകുന്ന ഒരു ജനസംഖ്യ നിലവിലുള്ള പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കാം. അത് ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച മന്ദഗതിയിലാക്കുന്നു.
ജനസംഖ്യയിലെ കുതിച്ചുചാട്ടം കുറയ്ക്കുന്നതിനായി 1970 കളുടെ അവസാനത്തിലാണ് ചൈന തങ്ങളുടെ ഒരു ശിശു നയം അവതരിപ്പിച്ചത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1940 കളില്‍ രാജ്യത്തിന്‍റെ വലിപ്പം 500 ദശലക്ഷത്തിലധികം ആളുകളില്‍ നിന്ന് 1980 കളില്‍ ഒരു ബില്യണായി ഉയര്‍ന്നു. അടുത്ത 40 വര്‍ഷങ്ങളില്‍, ജനസംഖ്യ 40% മാത്രം വര്‍ധിച്ചു – 1.4 ബില്ല്യണ്‍ ആയി. മറ്റ് പ്രധാന സമ്പദ്വ്യവസ്ഥകളെ പോലെ തന്നെ, ചൈനയിലെ ഉയര്‍ന്ന ഭവന നിര്‍മാണവും വിദ്യാഭ്യാസച്ചെലവും അടുത്ത കാലത്തായി കൂടുതല്‍ കുട്ടികള്‍ എന്ന ചിന്താഗതിയില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ചു. കുടുംബങ്ങളില്‍ രണ്ട് കുട്ടികളുണ്ടാകാമെന്ന് 2016 ല്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടും, ജനനനിരക്ക് 2020 ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷത്തിലും കുറഞ്ഞു.
മറ്റ് രാജ്യങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി, ചൈനയുടെ വലുപ്പമുള്ള ഒരു രാജ്യത്തിന്‍റെ ഏറ്റവും ഫലപ്രദമായ നയം കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയെന്നതാണ്. എന്നാല്‍ ഇത് സമീപകാലത്ത് സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു കാര്യമാണ്. റിട്ടയര്‍മെന്‍റ് പ്രായം ഉയര്‍ത്തുക, നിലവിലുള്ള തൊഴില്‍ സേനയുടെ കഴിവുകള്‍ കൂടുതല്‍ വിദ്യാഭ്യാസത്തിലൂടെ വര്‍ധിപ്പിക്കുക, മനുഷ്യ തൊഴിലാളികളെ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ യന്ത്രങ്ങളും കൃത്രിമബുദ്ധിയും ഉപയോഗിക്കുക എന്നിവയാണ് പോളിസി നിര്‍മാതാക്കള്‍ ഇതിനകം പിന്തുടരുന്നത്. ഒരു ശിശു നയം നടപ്പാക്കുന്നതിനുമുമ്പ് ജനിച്ച തലമുറകള്‍ ഒരു സുപ്രധാന വിഭാഗമായി മാറുകയാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍, 55 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 123.9 ദശലക്ഷം ആളുകള്‍ കൂടി ഈ പട്ടികയില്‍ പ്രവേശിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നു. എങ്കിലു ജനസംഖ്യാ വര്‍ധനവ് ഉണ്ടായാല്‍ രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നത് വേറൊരു യാഥാര്‍ത്ഥ്യമാണ്.