അതിര്‍ത്തിയില്‍ പലയിടത്തും ചൈന പിന്മാറിയിട്ടില്ലെന്ന് യുഎസ് റിപ്പോര്‍ട്ട്
1 min readഇന്തോ-പസഫിക് കമാന്‍ഡ് മേധാവി അഡ്മിറല്‍ ഫില്‍ ഡേവിഡ്സണ്‍ യുഎസ് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമാണ്.
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് ശേഷം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിലയുറപ്പിച്ചിരിക്കുന്ന നിരവധി സ്ഥലങ്ങളില്‍നിന്നും അവര്‍ പിന്മാറിയിട്ടില്ലെന്ന് അമേരിക്കയിലെ ഒരു ഉന്നത സൈനിക മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോ-പസഫിക് കമാന്‍ഡ് മേധാവി അഡ്മിറല്‍ ഫില്‍ ഡേവിഡ്സണ്‍ യുഎസ് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് സമര്‍പ്പിച്ച ഇത് വിശദീകരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ചൈന അവരുടെ സൈന്യത്തെ പിന്‍വലിച്ചുവെന്ന ഇന്ത്യയുടെ നിലപാടിന് വിരുദ്ധമാണ്.
മെയ് മാസത്തില്‍ ഏറ്റുമുട്ടലുകള്‍ നടന്ന പാങ്കോംഗ് തടാകത്തിന്‍റെ ഇരുവശത്തുനിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള കരാര്‍ ഇന്ത്യയും ചൈനയും കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 2020 മെയ് മുതല്‍ ഇന്ത്യന്‍ സേനയും പിഎല്‍എയും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.”പ്രാഥമിക ഏറ്റുമുട്ടലില്‍ പിഎല്‍എ പിടിച്ചെടുത്ത നിരവധി മുന്നേറ്റ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ പിന്മാറിയിട്ടില്ല. ഇതിന്‍റെ ഫലമായി ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായസംഘര്‍ഷങ്ങള്‍ രൂക്ഷമായത് ഇരുവശത്തും നാസനഷ്ടങ്ങള്‍ക്ക് ഇടയാക്കി.
വിപുലീകരണ അഭിലാഷങ്ങളുടെ പ്രകടനമായാണ് ചൈനയുടെ ഈ നടപടിയെ കമാന്‍ഡര്‍ വിശേഷിപ്പിച്ചത്. മേഖലയുടെ പ്രത്യേകതകള്‍, ഉയരം, ദൂരം തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ചൈന കൂടുതല്‍ ശക്തി ഉപയോഗിക്കാന്‍ സാധ്യതയേറെയായിരുന്നു. ഇത് പ്രാദേശികമായ ആശങ്കകള്‍ ഉയര്‍ത്തി. 2020 മേയ്ക്കുശേഷം പിഎല്‍എ ഇന്ത്യന്‍ ഭാഗത്ത് നിന്ന് പിടിച്ചെടുത്ത നിരവധി മുന്നേറ്റ സ്ഥാനങ്ങളില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം അതീവ ഗുരുതരമായ ഒന്നാണ്. കാരണരണം അതീവ തന്ത്രപ്രധാനമേഖലയിലാണ് ചൈനീസ് സേന കടന്നുകയറിയത്. ചിലസ്ഥലങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതായി സര്‍ക്കാര്‍തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ലാന്‍ഡിംഗ് സ്ട്രിപ്പുള്ളത് ഡെപ്സാങിലാണ്. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 15 മുതല്‍ 18 കിലോമീറ്റര്‍ വരെ പ്രവേശിച്ചതായി അഭിപ്രായപ്പെട്ടിരുന്നു.
യുഎസ് കമാന്‍ഡറുടെ വിശദീകരണം അതീവ ഗൗരവമുള്ളതാണ്. ഇപ്പോഴും നിര്‍ണായക സ്ഥാനങ്ങളില്‍ ചൈനീസ് സേന തുടരുന്നുവെങ്കില്‍ അത് അപകടകരവുമാണ്.