സംസ്ഥാനങ്ങള്‍ക്ക് മൊത്തം 15,000 കോടി വരെ അധിക വായ്പ നല്‍കും
1 min readമൂന്നു വിഭാഗങ്ങളിലായാണ് 50 വര്‍ഷത്തെ പലിശ രഹിത വായ്പയായി കേന്ദ്രം തുക നല്‍കുന്നത്
ന്യൂഡെല്‍ഹി: മൂലധന പദ്ധതികള്‍ക്കായി ചെലവഴിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 15,000 കോടി രൂപ വരെ 50 വര്‍ഷത്തെ പലിശരഹിത വായ്പ ഇനത്തില്‍ അധികമായി നല്‍കാന്‍ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചു. ‘മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി’ സംബന്ധിച്ച് ചെലവ് വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നതിനും തങ്ങളുടെ പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരി വിറ്റഴിക്കലിനും സംസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടപടികള്‍ കൈക്കൊള്ളുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും മൂലധന ചെലവിടല്‍ ഉയര്‍ത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കി തുടങ്ങിയത്.
ഈ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 വര്‍ഷത്തെ പലിശരഹിത വായ്പയുടെ രൂപത്തില്‍ ധനസഹായം നല്‍കുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 12,000 കോടി രൂപയില്‍ കൂടാത്ത തുക പദ്ധതിക്കായി നീക്കിവച്ചു. 11,830.29 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കോവിഡ് 19 സാമ്പത്തിക നിലയെ ബാധിച്ച വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ മൂലധന ചെലവിടലിന് ഇത് സഹായകമായി
പദ്ധതിയോടുള്ള അനുകൂല പ്രതികരണങ്ങളും സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് 2021-22 വര്‍ഷത്തില്‍ പദ്ധതി തുടരാന്‍ കേന്ദ്രം തീരുമാനിച്ചതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഈ വര്‍ഷത്തെ പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. പദ്ധതിയുടെ ആദ്യ ഭാഗം വടക്ക്-കിഴക്ക്, മലയോര സംസ്ഥാനങ്ങള്‍ക്കാണ്, 2,600 കോടി രൂപ ഈ ഭാഗത്തിനായി നീക്കിവച്ചിട്ടുണ്ട്. രണ്ടാം ഭാഗം ഭാഗം -1 ല്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. 7,400 കോടി രൂപയാണ് ഈ ഭാഗത്തിനായി നീക്കിവച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യ ആസ്തികളിലൂടെയുള്ള ധനസമ്പാദനം, അവയുടെ പുനരുപയോഗം, സംസ്ഥാന പൊതുമേഖലാ സംരംഭങ്ങളുടെ (എസ്പിഎസ്ഇ) ഓഹരി വിറ്റഴിക്കല്‍ എന്നിവയ്ക്കായി സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതിയുടെ മൂന്നാം ഭാഗം. പദ്ധതിയുടെ ഈ ഭാഗത്തിനായി 5,000 കോടി രൂപ വകയിരുത്തുന്നു. ആസ്തി ധനസമ്പാദനം, ലിസ്റ്റിംഗ്, ഓഹരി വിറ്റഴിക്കല്‍ എന്നിവയിലൂടെ സംസ്ഥാനങ്ങള്‍ സമാഹരിക്കുന്ന തുകയുടെ 33 മുതല്‍ 100 ശതമാനം വരെ 50 വര്‍ഷത്തേക്കുള്ള പലിശരഹിത വായ്പയായി നല്‍കും.