2025ഓടെ രാജ്യത്ത് ഡിജിറ്റല്‍ ശേഷിയുള്ള തൊഴിലാളികളുടെ എണ്ണത്തില്‍ വേണ്ടത് 9 മടങ്ങ് വളര്‍ച്ച
1 min readഡിജിറ്റല്‍ വിദഗ്ധ തൊഴിലാളികള്‍ നിലവില്‍ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 12 ശതമാനത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ ശേഷികളുള്ള തൊഴിലാളികളുടെ എണ്ണം 2025ഓടെ നിലവിലുള്ളതിന്‍റെ 9 മടങ്ങായി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. സാങ്കേതിക പുരോഗതിക്കും ആവശ്യകതയ്ക്കും ഒപ്പം നിലനില്‍ക്കുന്നതിന് ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളി ഇക്കാലയളവില്‍ ഏഴ് പുതിയ ഡിജിറ്റല്‍ കഴിവുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. 2025 ഓടെ മൊത്തം 3.9 ബില്യണ്‍ ഡിജിറ്റല്‍ നൈപുണ്യ പരിശീലനം ആവശ്യമാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്ല്യുഎസ്) പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ വിദഗ്ധ തൊഴിലാളികള്‍ നിലവില്‍ രാജ്യത്തെ മൊത്തം തൊഴിലാളികളുടെ 12 ശതമാനത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ക്ലൗഡ് ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, സൈബര്‍ സുരക്ഷ, വലിയ തോതിലുള്ള ഡാറ്റ മോഡലിംഗ് എന്നിവയാണ് രാജ്യത്തെ ആവശ്യകത വര്‍ധിക്കുന്ന പ്രധാന ഡിജിറ്റല്‍ ശേഷികള്‍. ഉല്‍പ്പാദനം, വിദ്യാഭ്യാസം തുടങ്ങിയ സാങ്കേതികേതര മേഖലകളില്‍ പോലും കൂടുതല്‍ ഡിജിറ്റല്‍ തൊഴിലാളികളുടെ ആവശ്യം വളര്‍ന്നുവരുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ക്ലൗഡ്-സ്കില്‍ഡ് പ്രതിഭകളെ വളര്‍ത്തുന്നതിന് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വ്യവസായ സ്ഥാപനങ്ങളുമായും തങ്ങളുടെ സഹകരണം വിപുലീകരിക്കുമെന്നും എഡബ്ല്യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. എഡബ്ല്യുഎസിനു വേണ്ടി സ്ട്രാറ്റജി ആന്‍റ് ഇക്കണോമിക്സ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആല്‍ഫാബീറ്റ തയ്യാറാക്കിയ റിപ്പോര്‍ട്ട്, വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ അവരുടെ ജോലികളില്‍ പ്രയോഗിക്കുന്ന ഡിജിറ്റല്‍ കഴിവുകളെ വിശകലനം ചെയ്തു.
സര്‍വേയില്‍ ഇന്ത്യയിലെ അഞ്ഞൂറിലധികം ഡിജിറ്റല്‍ തൊഴിലാളികള്‍ ഉള്‍പ്പെടുത്തി, കൂടാതെ സാങ്കേതിക വിദഗ്ധര്‍, ബിസിനസ്സ് നേതാക്കള്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുമായി അഭിമുഖം നടത്തി. മാനുഫാക്ചറിംഗ് മേഖലയില്‍ ക്ലൗഡ് ആര്‍ക്കിടെക്ചര്‍ ഡിസൈനും സോഫ്റ്റ്വെയര്‍, വെബ് ആപ്ലിക്കേഷനുകള്‍ പോലുള്ള യഥാര്‍ത്ഥ ഡിജിറ്റല്‍ ഉള്ളടക്കം സൃഷ്ടിക്കാനുള്ള കഴിവും 2025 ഓടെ ഏറ്റവും ആവശ്യകതയുള്ള ഡിജിറ്റല്‍ ശേഷികളായിരിക്കും. “ഉല്‍പ്പാദന മേഖലയിലെ 50 ശതമാനം ഡിജിറ്റല്‍ തൊഴിലാളികളും (സര്‍വേയില്‍ പങ്കെടുത്തവരിലെ) തങ്ങളുടെ ജോലി നിര്‍വഹിക്കുന്നതിന് ഈ കഴിവുകള്‍ ആവശ്യമായി വരുമെന്ന് വിശ്വസിക്കുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയില്‍, ഡിജിറ്റല്‍ സുരക്ഷയും സൈബര്‍ ഫോറന്‍സിക് ഉപകരണങ്ങളും സാങ്കേതികതകളും വികസിപ്പിക്കാനുള്ള കഴിവ് ഒരു പ്രധാന വൈദഗ്ധ്യമായിരിക്കും. 2025 ഓടെ ഡിജിറ്റല്‍ തൊഴിലാളികള്‍ക്ക് തങ്ങളുടെ ജോലികള്‍ സമര്‍ത്ഥമായി നിര്‍വഹിക്കുന്നതിന് ക്ലൗഡ് കമ്പ്യൂട്ടിംഗ് ആവശ്യമാകുമെന്ന് ഇന്ന് ഇന്ത്യയിലെ 76 ശതമാനം ഡിജിറ്റല്‍ തൊഴിലാളികളും വിശ്വസിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.