October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബിഎസ് 6 കവസാക്കി നിഞ്ച 300 വിപണിയില്‍  

ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന കവസാക്കി മോട്ടോര്‍സൈക്കിളാണ് നിഞ്ച 300

എക്‌സ് ഷോറൂം വില 3.18 ലക്ഷം രൂപ  

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന 2021 കവസാക്കി നിഞ്ച 300 ഒടുവില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.18 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന കവസാക്കി മോട്ടോര്‍സൈക്കിളാണ് നിഞ്ച 300. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തിലാകുന്നതിന് മുമ്പ് 2019 ഡിസംബറില്‍ ബിഎസ് 4 നിഞ്ച 300 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. 2020 മധ്യത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കേണ്ട മോട്ടോര്‍സൈക്കിളാണ് കൊവിഡ് 19 മഹാമാരി കാരണം ഇത്രയേറെ വൈകി വരുന്നത്.

ബിഎസ് 4 വേര്‍ഷനേക്കാള്‍ വില ഇപ്പോള്‍ 20,000 രൂപ വര്‍ധിച്ചു. രൂപകല്‍പ്പനയിലും പവര്‍ട്രെയ്‌നിലും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, എബണി എന്നിവയാണ് മൂന്ന് കളര്‍ ഓപ്ഷനുകള്‍. വലിയ നിഞ്ച ബൈക്കുകളിലെ ഡിക്കാളുകള്‍ ഇപ്പോള്‍ നിഞ്ച 300 മോട്ടോര്‍സൈക്കിളില്‍ നല്‍കി. ഒരു പതിറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും പ്രായം ബാധിക്കാത്ത രൂപകല്‍പ്പനയില്‍ നിഞ്ച 300 അഭിമാനം കൊള്ളുന്നു.

അതേ 296 സിസി, പാരലല്‍ ട്വിന്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കവസാക്കി നിഞ്ച 300 ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 38.4 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചു. അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് നല്‍കി.

ഹാര്‍ഡ്‌വെയറിലും മാറ്റങ്ങളില്ല. അതേ ഫ്രെയിം ഉപയോഗിച്ചു. മുന്നില്‍ 37 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ഗാമിയിലെ അതേ ‘എന്‍ഡ്യൂറന്‍സ്’ ബ്രേക്കുകള്‍ തുടരുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് മാറ്റമില്ല. 17 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് കവസാക്കി നിഞ്ച 300 ഓടുന്നത്. എംആര്‍എഫ് നൈലോഗ്രിപ്പ് സാപ്പര്‍ ടയറുകള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ 29 കവസാക്കി ഡീലര്‍ഷിപ്പുകളിലൂടെ മോട്ടോര്‍സൈക്കിള്‍ വില്‍ക്കും.

Maintained By : Studio3