November 3, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

താരങ്ങള്‍ക്ക് കോവിഡ് : ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു

മുംബൈ: കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപകമായ പശ്ചാത്തലത്തില്‍ കളിക്കാരും ഒഫീഷ്യലുകളുമുള്‍പ്പടെ പലരും നേരത്തേ തന്നെ രാജ്യം വിട്ടിരുന്നു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന എട്ടു ക്ലബ്ബുകളില്‍ നാലു ക്ലബ്ബുകളിലെയും കളിക്കാര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര എന്നിവര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമായത്. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തിന് മുകളില്‍ എത്തുകയും ആരോഗ്യ മേഖലയില്‍ വലിയ ദുരന്തങ്ങള്‍ അരങ്ങേറുകയും ചെയ്യുന്ന ഘട്ടത്തില്‍ ഐപിഎല്‍ നിര്‍ത്തിവെക്കാത്തത് നേരത്തേ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിംഗ് കോച്ച് ബാലാജി ഉള്‍പ്പടെ മറ്റ് മൂന്നുപേര്‍ക്കും കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊല്‍ക്കത്ത താരങ്ങളുടെ രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെക്കപ്പെട്ടിരുന്നു. ഏതെങ്കിലും സുരക്ഷിതമായ വേദി കണ്ടെത്തി ടൂര്‍ണമെന്‍റിലെ ബാക്കി മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും കൂടുതല്‍ ടീമുകളിലേക്ക് രോഗ സാന്നിധ്യം എത്തിയതോടെ തല്‍ക്കാലം
ടൂര്‍ണമെന്‍റ് നിര്‍ത്താന്‍ ധാരണയാകുകയായിരുന്നു.

Maintained By : Studio3