ഇന്ത്യയിലെ നമ്പര്‍ വണ്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായി ബജാജ്
1 min readകഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു
കൊച്ചി : കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തോടെ ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിക്കൊണ്ട് ബജാജ് ഓട്ടോ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചു. ബജാജ് ഓട്ടോ ഇന്ത്യയുള്‍പ്പെടെ ലോകവ്യാപകമായി 3,48,173 യൂണിറ്റുകള്‍ വില്‍പ്പന ചെയ്തു. അതില്‍ത്തന്നെ 2,21,603 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതാണ്. 2021 ഏപ്രില്‍ 30ലെ കണക്കനുസരിച്ച് 1,10,864 കോടി രൂപയുടെ വിപണി മൂലധനത്തോടെ ലോകത്തെ ഏറ്റവും മൂല്യവത്തായ ഇരുചക്രവാഹന കമ്പനി എന്ന സ്ഥാനവും ബജാജ് ശക്തിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം രാജ്യത്തു നിന്നുള്ള മോട്ടോര്‍സൈക്കിള്‍, ത്രീ വീലര്‍ കയറ്റുമതിയില്‍ 60 ശതമാനം ബജാജിന്‍റേതായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബജാജ് ഓട്ടോയുടെ കയറ്റുമതി വരുമാനം 12,687 കോടി രൂപയാണ്. 79 രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി നടത്തി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തുകൊണ്ട് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളിലൊന്നായി ബജാജ് മാറി.
കമ്പനിയുടെ ആഗോള വില്‍പ്പന കഴിഞ്ഞ ദശകത്തില്‍ 14 ബില്യണ്‍ യുഎസ് ഡോളര്‍ വിദേശനാണ്യം നേടി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജാജ് ഓട്ടോ ആഗോളതലത്തില്‍ 1.25 ദശലക്ഷം പള്‍സര്‍ യൂണിറ്റുകളാണ് വിറ്റത്.
‘വെല്ലുവിളി നിറഞ്ഞ അന്തരീക്ഷം ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ വളരെ പോസിറ്റീവായാണ് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചത്. ആഫ്രിക്കയിലെ മോട്ടോടാക്സി ഡ്രൈവര്‍മാര്‍, യൂറോപ്പിലെ സാഹസിക പ്രേമികള്‍ എന്നിങ്ങനെ വ്യത്യസ്തരായ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ഞങ്ങളുടെ വിശാലമായ മോട്ടോര്‍സൈക്കിള്‍ ശ്രേണി സഹായിക്കുന്നു,’ ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ രാകേഷ് ശര്‍മ പറഞ്ഞു.