മാര്‍ച്ചില്‍ വാഹന റീട്ടെയ്ല്‍ വില്‍പ്പനയില്‍ 28.64% ഇടിവ്
1 min readവളര്‍ച്ച പ്രകടമായത് പാസഞ്ചര്‍ വാഹന വില്‍പ്പനയിലും ട്രാക്റ്റര്‍ വില്‍പ്പനയിലും മാത്രം
ന്യൂഡെല്‍ഹി: വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പനയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് വന്‍ ഇടിവ്. കോവിഡ് 19ന്‍റെ രണ്ടാം തരംഗം മൊത്തം ഓട്ടോമൊബീല്‍ വിപണിയെ പ്രതിസന്ധിയിലാക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. 16,49,678 വാഹന യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2020 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 23,11,687 യൂണിറ്റുകളുടെ രജിസ്ട്രേഷനെ അപേക്ഷിച്ച് 28.64 ശതമാനത്തിന്‍റെ ഇടിവ് എങ്കിലും മുന്‍ മാസത്തെ അപേക്ഷിച്ച് 10.05 വര്‍ധന 2021 മാര്‍ച്ചില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പനയിലും ട്രാക്റ്ററുകളുടെ വില്‍പ്പനയിലും മാത്രമാണ് മാര്‍ച്ചില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. പിവി റീട്ടെയില്‍ വില്‍പ്പന 28.39 ശതമാനം വര്‍ധനയോടെ 2,79,745 യൂണിറ്റായി. 2020 മാര്‍ച്ചില്‍ പിവി വില്‍പ്പന 2,17,879 യൂണിറ്റായിരുന്നു. ട്രാക്ടര്‍ വില്‍പ്പന ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 29.21 ശതമാനം ഉയര്‍ന്ന് 69,082 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 53,463 യൂണിറ്റായിരുന്നു.
1,482 പ്രാദേശിക ഗതാഗത ഓഫീസുകളില്‍ (ആര്‍ടിഒ) 1,277 എണ്ണത്തില്‍ നിന്നുള്ള വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനാണ് കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്.
ഇരുചക്രവാഹന വില്‍പ്പന 35.26 ശതമാനം ഇടിഞ്ഞ് 11,95,445 യൂണിറ്റായി. 2020 മാര്‍ച്ചില്‍ ഇത് 18,46,613 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വില്‍പ്പന 42.2 ശതമാനം ഇടിഞ്ഞ് 67,372 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ ഇത് 1,16,559 യൂണിറ്റായിരുന്നു. ത്രീ-വീലര്‍ വില്‍പ്പന 2020 മാര്‍ച്ചിലെ 77,173 യൂണിറ്റുകളില്‍ നിന്ന് 50.72 ശതമാനം ഇടിഞ്ഞ് 38,034 യൂണിറ്റായി.
കഴിഞ്ഞ വര്‍ഷം ജൂലൈ മുതലുള്ള കാലയളവിലെ ഏറ്റവും മോശം പ്രകടനമാണ് മാര്‍ച്ചില്‍ ഓട്ടോമൊബീല്‍ വിപണി നടത്തിയത്. ആദ്യ ഘട്ട ലോക്ക്ഡൗണുകള്‍ക്ക് ശേഷം ഡിസംബറില്‍ 11 ശതമാനം വില്‍പ്പന വളര്‍ച്ച പ്രകടമാക്കിയ വിപണി വീണ്ടെടുപ്പിന്‍റെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ജനുവരിയിലും ഫെബ്രുവരിയിലും ഇരട്ടയക്ക ഇടിവിലേക്ക് വില്‍പ്പന മടങ്ങി. ഇത് കൂടുതല്‍ രൂക്ഷമാകുന്നതാണ് മാര്‍ച്ചില്‍ കണ്ടത്.
കോവിഡ് 19 പ്രതിസന്ധി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചാ മാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്ന മേഖലയാണ് ഓട്ടോമൊബീല്‍. നയപരമായ അനിശ്ചിതത്വങ്ങളും ഇന്ധന വിലവര്‍നയും ധനകാര്യ മേഖലയിലെ വെല്ലുവിളികളുമെല്ലാം തുടര്‍ച്ചയായി വില്‍പ്പന ഇടിയുന്നതിലേക്ക് നയിച്ചിരുന്നു.