ഒക്‌റ്റോബറോടെ ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനകയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കും
1 min readനിലവില്‍ അറുപത് വയസ് പിന്നിട്ടവര്‍ക്ക് മാത്രമാണ് ഓസ്‌ട്രേലിയ അസ്ട്രാസെനകയുടെ കോവിഡ്-19 വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നത്.
കാന്‍ബെറ: ഒക്‌റ്റോബറോടെ അസ്ട്രാസെനകയും ഓക്‌സ്ഫഡും ചേര്‍ന്ന് വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിന്‍ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയേക്കുമെന്ന് രാജ്യത്തെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥന്‍. ഈ വര്‍ഷം ഓരോ സ്‌റ്റേറ്റിനും എല്ലാ ആഴ്ചയിലും അനുവദിച്ച വാക്‌സിന്‍ ഡോസുകളുടെ കണക്കുകള്‍ വ്യക്തമാക്കവെയാണ് കോവിഡ്-19 ദൗത്യസേന കമാന്‍ഡറായ ലഫ്.ജനറല്‍ ജോണ്‍ ഫ്രീവെന്‍ ഒക്‌േേറ്റാബറോടെ അസ്ട്രാസെനക വാക്‌സിന്‍ ഓസ്‌ട്രേലിയയില്‍ ലഭ്യമായിരിക്കില്ലെന്ന് അറിയിച്ചത്.
ഒക്‌റ്റോബര്‍ ആദ്യവാരം മുതല്‍ ഓരോ ആഴ്ചയിലും 1.7 ദശലക്ഷത്തിനും 2.3 ദശലക്ഷത്തിനും ഇടയില്‍ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ ഓസ്‌ട്രേലിയക്ക് കിട്ടിത്തുടങ്ങുമെന്നും ഫ്രീവെന്‍ വെളിപ്പെടുത്തി. ജൂലൈയിലും ഓഗസ്റ്റിലും ഓരോ ആഴ്ചയിലും 650,000 ഡോസ് വീതം ഫൈസര്‍ വാക്‌സിനാണ് ഓസ്‌ട്രേലിയക്ക് ലഭിക്കുക. സെപ്റ്റംബറോടെ ആഴ്ചയില്‍ 87,000 ഡോസ് വീതം മൊഡേണയുടെ വാക്‌സിന്‍ ലഭിച്ച് തുടങ്ങുമെന്നാണ് കരുതുന്നതെന്നും ഫ്രീവെന്‍ അറിയിച്ചു.
നിലവില്‍ അറുപത് വയസ് പിന്നിട്ടവര്‍ക്ക് മാത്രമാണ് ഓസ്‌ട്രേലിയ അസ്ട്രാസെനകയുടെ കോവിഡ്-19 വാക്‌സിന്‍ ശുപാര്‍ശ ചെയ്യുന്നത്. ബാക്കി എല്ലാവര്‍ക്കും ഫൈസര്‍ വാക്‌സിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. അതേസമയം ഒക്ടോബറിന് ശേഷവും ഈ വാക്‌സിന്‍ രാജ്യത്ത് ലഭ്യമായിരിക്കുമെന്ന് ഫ്രീവെന്‍ വ്യക്തമാക്കി. അസ്ട്രാസെനക വാക്‌സിന്റെ 53.8 ദശലക്ഷം ഡോസുകളാണ് ഓസ്‌ട്രേലിയ വാങ്ങിയിട്ടുള്ളത്.