മ്യാന്‍മാര്‍: ആസിയാന്‍ ഉച്ചകോടി 24ന്
1 min readന്യൂഡെല്‍ഹി: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് മ്യാന്‍മാറില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അസോസിയേഷന്‍ ഓഫ് സൗത്ത്-ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) നേതാക്കള്‍ അടുത്തയാഴ്ച ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കൂടിക്കാഴ്ച നടത്തും.
മ്യാന്‍മറില്‍ അട്ടിമറി വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരായ സൈനിക ആക്രമണത്തില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ 10 അംഗ ആസിയാന്‍ കൂട്ടായ്മയുടെ ഉച്ചകോടിക്ക് കഴിഞ്ഞ മാസം ആഹ്വാനം ചെയ്തിരുന്നു.ഏപ്രില്‍ 24 ന് ജക്കാര്‍ത്തയില്‍ ഉച്ചകോടി നടക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന്‍റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എല്ലാരാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മ്യാന്‍മാറില്‍ സൈന്യം അധികാരം പിടിച്ചെടുത്ത ശേഷം ജനകീയ നേതാവ് ഓങ് സാന്‍ സൂചിയെയും പ്രസിഡന്‍റിനെയും തടവിലാക്കിയിരുന്നു. ഇപ്പോഴും അവര്‍ക്ക് അഭിഭാഷകരെപ്പോലും നേരിട്ട് കാണാന്‍ അനുവദിച്ചിട്ടില്ല. അധികാരം സേന പിടിച്ചെടുത്തുതിനുശേഷം വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അവിടെ അരങ്ങേറുന്നത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ സൈനിക നടപടിയില്‍ 700ലധികം പേര്‍ കൊല്ലപ്പെട്ടതായി അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ് (എഎപിപി) റിപ്പോര്‍ട്ട് ചെയ്യുന്നു.