Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വേഗതയേറിയതും ഏറ്റവും വലിയ അഞ്ചാമത്തേതും; കുതിക്കുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ

1 min read
  • അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി – എഴുതുന്ന ലേഖനം

ബ്രിട്ടീഷ് കോളനിവാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് 75-ാം വര്‍ഷത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നുവന്നുവെന്നത് യാദൃച്ഛികമാകാം. ഇത് ഓരോ ഇന്ത്യക്കാരനും അങ്ങേയറ്റം സന്തോഷം പകരുന്ന കാര്യമാണ്. തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാന്‍ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെ, യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒരിക്കലും മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്ന തരത്തിലേക്ക് ജീവിതച്ചെലവ് ഉയരുന്നതിന് പണപ്പെരുപ്പം കാരണമായി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ നിരന്തരം വിമര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ബ്രിട്ടന്റെ, തീര്‍ച്ചയായും പാശ്ചാത്യരുടെ, ദുരിതങ്ങളുടെ ഭൂരിഭാഗവും മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടതില്‍ അസ്വസ്ഥരാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അഭിപ്രായത്തില്‍, അവരെ സംബന്ധിച്ച് സമൃദ്ധിയുടെ നാളുകള്‍ അവസാനിച്ചിരിക്കുന്നു. അവ നമുക്ക് വേണ്ടി തുടങ്ങുക മാത്രമായിരിക്കാം ഇപ്പോള്‍.

ഇന്ത്യ ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുന്നുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ബ്ലൂംബെര്‍ഗാണ്. കൊളോണിയല്‍ വ്യവസ്ഥയില്‍ ഒരു കോളനിവാസി പഴയ ഉടമയെക്കാള്‍ മുന്നേറ്റം നടത്തിയിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യാനന്തരം ഗ്രേറ്റ് ബ്രിട്ടന്‍ ഇംഗ്ലണ്ടിലേക്ക് ചുരുങ്ങിയെങ്കിലും അതിന്റെ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയും ബ്രിട്ടണ്‍ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിരുന്നു. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിലെ കൊളോണിയല്‍ പരാമര്‍ശം, നിസ്സംശയമായും, 1947 ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തകര്‍ക്കുകയും ചതച്ചരയ്ക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്ത ഒരു രാജ്യം, നഷ്ടപ്പെട്ട സാമ്പത്തിക അഭിവൃദ്ധിയും സ്വാധീനവും വീണ്ടെടുക്കാന്‍ സാവധാനത്തില്‍ ഉയര്‍ന്നുവന്നതെങ്ങനെയെന്നും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവല്‍ക്കരണം അടിസ്ഥാനപരമായി ഈ രാജ്യത്തിന്റെ സാമ്പത്തിക ചൂഷണവും ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള സമ്പത്ത് കൈമാറ്റവുമാണെന്ന് ആവര്‍ത്തിക്കാന്‍ വേണ്ടിയായിരിക്കും അത് എഴുതിയത്. എഴുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1947 ഓഗസ്റ്റ് 15ന് യൂണിയന്‍ ജാക്കിനു പകരം ത്രിവര്‍ണപതാക ഉയര്‍ന്നപ്പോള്‍ ലോക ജി.ഡി.പിയില്‍ ഇന്ത്യയുടെ വിഹിതം 1700-ലെ 24.4 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറഞ്ഞിരുന്നു. ഇന്ത്യ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ അഭിവൃദ്ധി പ്രാപിച്ചു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ അതിശയകരമായ ഉയര്‍ച്ച മനസിലാക്കാന്‍ ഈ കണക്കുകള്‍ ഓര്‍മ്മിക്കേണ്ടത് പ്രധാനമാണ്. കേന്ദ്ര ഗവണ്മെന്റ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആഗോള തലത്തില്‍ മുന്‍നിരയില്‍ നിര്‍ത്താന്‍ നയപരമായ മാറ്റങ്ങള്‍ വരുത്തിയതോടെ നാം നഷ്ടപ്പെട്ട ദശാബ്ദങ്ങള്‍ നികത്തുകയും ചെയ്തു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന സുസ്ഥിര മാറ്റങ്ങള്‍ നടപ്പിലാകുന്നതിന് ഈ എട്ട് വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചു, ഇത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും പ്രസക്തമായ രാജ്യമാക്കി മാറ്റി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയുടെ കാര്യത്തില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. ക്രയശേഷിയെ അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ ഇന്ത്യയുടെ ജിഡിപി അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. ലഭ്യമായ എല്ലാ സൂചികകളും പ്രവചനങ്ങളും സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ ജിഡിപി നിശ്ചലമാകുകയോ കുറയുകയോ ചെയ്യുമെങ്കിലും, ഇന്ത്യയുടേത് ഇനിയും ഉയരും എന്നാണ്. അതിനര്‍ത്ഥം ഇന്ത്യ അതിന്റെ സാമ്പത്തിക മുന്നേറ്റം നിലനിര്‍ത്തുകയും നിലവിലുള്ള പോരായ്മകള്‍ നികത്തുന്നതിനുള്ള വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.

തുടര്‍ച്ചയായ രണ്ട് കോവിഡ് 19 മഹാമാരി വര്‍ഷങ്ങള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. അവ ആഗോളതലത്തിലും സമ്പദ് വ്യവസ്ഥകളെ ബാധിച്ചു. എന്നാല്‍ ഇന്ത്യ ഈ പ്രതികൂല സാഹചര്യങ്ങള്‍ അവസരങ്ങളാക്കി മാറ്റി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അടിസ്ഥാനസൗകര്യ പദ്ധതികളില്‍ നിക്ഷേപത്തിന് ലക്ഷ്യമിടുകയും വ്യവസായത്തിന് വേഗത വീണ്ടെടുക്കാന്‍ ഉല്‍പ്പാദനബന്ധിത ആനുകൂല്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രണ്ട് ലക്ഷം കോടി രൂപയുടെ അത്തരത്തിലുള്ള പദ്ധതികള്‍ ഫലം കണ്ടുതുടങ്ങി. ഇന്ത്യയുടെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക, സ്റ്റാര്‍ട്ടപ്പുകളെയും യൂണികോണുകളെയും പ്രോത്സാഹിപ്പിക്കുക, ആഗോള നിക്ഷേപകരുമായും വ്യവസായങ്ങളുമായും നേരിട്ട് ബന്ധപ്പെടുക എന്നിവയ്ക്ക് പുറമെ വ്യവസായം ചെയ്യുന്നതിനുള്ള സൗകര്യം, നയ സ്ഥിരത, പുതുക്കിയ തൊഴില്‍ നിയമങ്ങള്‍, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം എന്നിവ ഇന്ത്യ ഉറപ്പാക്കി. സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നതിലും ലോക്ക്ഡൗണ്‍ വര്‍ഷങ്ങളില്‍ കുറഞ്ഞുപോയ ജിഡിപിയില്‍ വര്‍ദ്ധനയ്ക്കു ശ്രമിക്കുന്നതിലും ഊന്നല്‍ നല്‍കിയിരുന്നെങ്കിലും, മഹാമാരിയുടെ ആഘാതം പേറുന്ന പാവപ്പെട്ടവരെയും ദരിദ്രരെയും കേന്ദ്ര ഗവണ്മെന്റ് മറന്നില്ല. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും സൗജന്യ റേഷന്‍ ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഭക്ഷണ പദ്ധതിയും ലോകത്തിലെ ഏറ്റവും വലിയ കോവിഡ് 19 വാക്സിനേഷന്‍ യജ്ഞവും പകര്‍ച്ചവ്യാധിയുടെ നാശങ്ങളില്‍ നിന്ന് കരകയറാന്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സഹായിച്ചു.

  ഗ്യാപ്ബ്ലൂ സോഫ്റ്റ്‌വെയർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ

1947ല്‍ ഇന്ത്യ വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത രാഷ്ട്രമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 25 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, നമ്മുടെ രാജ്യത്തിന്റെ ‘അമൃത കാലം’ എന്ന മുദ്രാവാക്യമുയര്‍ത്തുമ്പോള്‍, നാം കൂടുതല്‍ ശക്തരും മികവുറ്റവരുമാണ്. ഇന്ന് ഇന്ത്യ സ്മാര്‍ട്ട്ഫോണ്‍ ഡാറ്റയുടെ ലോകത്തിലെ മുന്‍നിര ഉപഭോക്താവാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഇന്ന് രണ്ടാം സ്ഥാനത്താണ്, ആഗോള റീട്ടെയില്‍ സൂചികയില്‍ രണ്ടാം സ്ഥാനത്തുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്തൃ വിപണിയാണ് ഇന്ത്യയുടേത്. ഊര്‍ജത്തിന്റെ മൂന്നാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ എന്ന വസ്തുത അതിന്റെ കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥ അടിവരയിടുന്നു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലങ്കാഷെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതില്‍നിന്ന് ഇന്ത്യന്‍ തുണിത്തരങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മുന്‍കാല കയറ്റുമതി റെക്കോര്‍ഡുകള്‍ മറികടന്ന് ഈ വര്‍ഷം ആഗോളവ്യാപാരം 50 ലക്ഷം കോടി രൂപയിലെത്തി. അവിടെ നാമിപ്പോള്‍ ശക്തമായ സാന്നിധ്യമാണ്. നമ്മുടെ ചരക്ക് കയറ്റുമതി 31 ലക്ഷം കോടി രൂപ കവിഞ്ഞു. ഒരു കാലത്ത് പിഎല്‍ 480 ന്റെ കാരുണ്യത്തില്‍ ജീവിച്ചിരുന്ന ഒരു രാജ്യം ഇന്ന് ലോകത്തിന് ഭക്ഷണം കയറ്റുമതി ചെയ്യുകയാണ്.

രാജ്യത്ത് 100 ബില്യണ്‍ ഡോളറിലധികം ടേണോവറുള്ള കമ്പനികള്‍ സൃഷ്ടിക്കപ്പെടുകയും ഓരോ മാസവും പുതിയ കമ്പനികള്‍ ചേര്‍ക്കപ്പെടുകയും ചെയ്തുവെന്നത് പ്രധാന നേട്ടങ്ങളിലൊന്നാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട യൂണികോണുകളുടെ മൂല്യം 12 ലക്ഷം കോടി രൂപയാണ്. ഏതാനും നൂറുകളില്‍ നിന്ന് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകള്‍ 70,000 ആയി വളര്‍ന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ 50 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ്. ഡിജിറ്റല്‍ ഇന്ത്യ വിപ്ലവത്തിന്റെ ഫലമായാണ് ഇതു സാധ്യമായത്. 2014 ല്‍ ഇന്ത്യയില്‍ 6.5 കോടി ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ടായിരുന്നു. ഇന്ന് 78 കോടിയിലധികം വരിക്കാരുണ്ട്. ജിഎസ്ടിയുടെ വരവോടെ നികുതി പിരിവിലെ പോരായ്മകള്‍ നികത്തുക വഴി സംരംഭകര്‍ക്കു പ്രയോജനം ലഭിച്ചു.

  പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ഐപിഒ

എന്നാല്‍ ഇന്ത്യ അതിന്റെ വര്‍ദ്ധിച്ചുവരുന്ന സമൃദ്ധിയെ പ്രദര്‍ശനവസ്തുവാക്കാന്‍ ശ്രമിച്ചില്ല. ദാരിദ്ര്യം കുറയ്ക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. അതിനായുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത ദാരിദ്ര്യവും ഉപഭോഗ അസമത്വവും എങ്ങനെ കുത്തനെ കുറഞ്ഞുവെന്ന് അടുത്തിടെ നടന്ന ഐഎംഎഫ് പഠനം നമ്മോട് പറയുന്നു. ദരിദ്രര്‍ക്കുള്ള പാര്‍പ്പിടപദ്ധതികളും ആരോഗ്യപരിപാലനവും സാമൂഹിക വികസന സൂചികകളില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദരിദ്രര്‍ക്ക് സബ്സിഡി നിരക്കില്‍ എല്‍പിജി നല്‍കുന്നത് മുതല്‍ എല്ലാ ഗ്രാമീണ വീടുകളിലും ടാപ്പില്‍ കുടിവെള്ളമെത്തിക്കുന്നത് വരെയുള്ള നിരവധി പദ്ധതികളും മുദ്ര വായ്പകളും മറ്റ് അനുബന്ധ പരിപാടികളും സ്വയംതൊഴില്‍ അവസരങ്ങള്‍ക്ക് ഉത്തേജനം നല്‍കി. ഇത് സൂക്ഷ്മ സംരംഭങ്ങള്‍ക്കൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ആഗോള ഊര്‍ജ്ജ വില വര്‍ദ്ധനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്താണ്.

‘ഏക ഭാരതം, ശ്രേഷ്ഠ് ഭാരതം’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാവധാനത്തിലും സ്ഥിരതയോടെയും രൂപപ്പെട്ടു. ഗവണ്‍മെന്റും ജനങ്ങളും ഉള്‍പ്പെടുന്ന ഒരു കാഴ്ചപ്പാടാണിത് – ഒരു കൂട്ടായ ശ്രമം, അല്ലെങ്കില്‍ ‘സബ്കാ പ്രയാസ്’. വെല്ലുവിളികളെ നേരിടാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും തയ്യാറുള്ള ഈ ഭാരതം ആത്മവിശ്വാസമുള്ളതും ‘ആത്മനിര്‍ഭറും’ ആണ്. അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും എന്ന ഇരട്ട നാഴികക്കല്ലുകള്‍ മറികടക്കുന്നത് ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും അതിശയകരമായ നേട്ടമാണെന്നതില്‍ സംശയമില്ല. ഈ ഘട്ടത്തില്‍ നിന്ന് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലൂടെയുള്ള യാത്ര ഞങ്ങള്‍ ആരംഭിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഈ നാഴികക്കല്ല് കടക്കുമെന്ന് ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയാം. അത് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Maintained By : Studio3