December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ

1 min read

തിരുവനന്തപുരം: ഇത്തവണത്തെ ഓണം വാരാഘോഷ പരിപാടികള്‍ കൂടുതല്‍ ജനകീയവും പുതുമയുള്ളതുമാക്കുമെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡും പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയെ മറികടന്ന് സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ ഓണാഘോഷ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി. സതീശനും മറ്റു മന്ത്രിമാരും പങ്കെടുക്കും. മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയ പുരസ്കാര ജേതാവ് അപര്‍ണ്ണ ബാലമുരളി, സിനിമാതാരം ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. 32 വേദികളിലായുള്ള ഏഴ് ദിവസത്തെ പരിപാടികളില്‍ 8000 കലാകാരന്‍മാര്‍ പങ്കെടുക്കും. ഇതില്‍ 4000 പേര്‍ പാരമ്പര്യ കലാകാരന്‍മാരാണ്. സാധാരണയായി കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള വൈദ്യുത ദീപാലങ്കാരം ഇത്തവണ വെള്ളയമ്പലത്തു നിന്ന് ശാസ്തമംഗലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കോവളത്തും വൈദ്യുത ദീപാലങ്കാരം ഉണ്ടായിരിക്കും.

കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന്‍റെ മാറ്റുകൂട്ടും. ഇക്കൊല്ലം രണ്ട് പുതിയ വേദികള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്-കോവളത്തെ വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജ്, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം. കൈരളി ടി.വി-യുടെ ആഭിമുഖ്യത്തില്‍ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമിടോമി എന്നിവര്‍ നയിക്കുന്ന ഗാനമേള അരങ്ങേറും. പ്രശസ്ത പിന്നണി ഗായകര്‍ വിവിധ വേദികളില്‍ അണിനിരക്കും. നര്‍ത്തകരായ നവ്യ നായര്‍, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്തങ്ങള്‍ക്കും തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡും അഗം ബാന്‍റും നിശാഗന്ധിയിലെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. പ്രശസ്ത ഗായിക സിതാരയുടെ ഗാനമേള, രമേഷ് നാരായണന്‍ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷന്‍ എന്നിവ കഴക്കൂട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്

മാതൃഭൂമി, ജീവന്‍ ടി.വി., എ.സി.വി, മാധ്യമം, കേരളകൗമുദി എന്നീ മാധ്യമസ്ഥാപനങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ ദിവസങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. മലയാള മനോരമ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ നിശാഗന്ധിയിലെ പ്രധാന ആകര്‍ഷണമാകും. പ്രധാന നൃത്തയിനങ്ങള്‍ വൈലോപ്പിള്ളിയിലും ഭാരത്ഭവനിലും അരങ്ങേറും. സൂര്യകാന്തിയിലും പബ്ലിക് ഓഫീസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേളയാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവനും വൈലോപ്പിള്ളി സംസ്കൃതിഭവനിലെ കൂത്തമ്പലവും ശാസ്ത്രീയ നൃത്തത്തിനും ശാസ്ത്രീയ സംഗീതത്തിന് സംഗീതികയും വേദിയാകും. ഗാന്ധിപാര്‍ക്കില്‍ കഥാപ്രസംഗം ഉണ്ടാകും. മ്യൂസിയം പരിസരത്ത് അമച്വര്‍ നാടകങ്ങളും യോഗയും കളരിപ്പയറ്റും ഉണ്ടാകും. തിരുവരങ്ങ്, സോപാനം എന്നിവിടങ്ങളില്‍ നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

  ബിഎന്‍പി പാരിബാസ് ചില്‍ഡ്രന്‍സ് ഫണ്ട്

കനകക്കുന്ന് ഗേറ്റ് വാദ്യമേളങ്ങള്‍ക്കും കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍ കഥകളിക്കും അക്ഷരശ്ലോകത്തിനും കൂത്തിനും കൂടിയാട്ടത്തിനും വേദിയാകും. സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ ശംഖുമുഖത്ത് നടക്കും. നെടുമങ്ങാട്, മുടവൂര്‍പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എന്നിവിടങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഞ്ഞാലുകള്‍ ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും ടൂറിസം മേഖലയിലെ പങ്കാളികള്‍ക്കുമായി അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും. അത്തപ്പൂക്കള മത്സരത്തിന് ജവഹര്‍ ബാലഭവന്‍ വേദിയാകും. തിരുവാതിരക്കളി ഭാരത് ഭവനില്‍ നടക്കും. ഓണാഘോഷത്തിന്‍റെ നടത്തിപ്പിനായി 12 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. റിസപ്ഷന്‍ കമ്മിറ്റിയും വാളണ്ടിയര്‍ കമ്മിറ്റിയും ഇത്തവണ പുതുതായി രൂപീകരിച്ച കമ്മിറ്റികളില്‍പ്പെടും. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി കമ്മിറ്റി നഗരത്തിലെത്തുന്ന ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും്. ഫയര്‍ഫോഴ്സിന്‍റെ സേവനം എല്ലാ പ്രധാന വേദികളിലും ലഭ്യമാകും. മെഡിക്കല്‍സംഘത്തിന്‍റെ സേവനം കനകക്കുന്നില്‍ എല്ലാ ദിവസവും ഉണ്ടാകും.

  വസന്തോത്സവം -2024': ഡിസംബര്‍ 24 മുതല്‍

മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റിയുടെ ഓഫീസ് കനകക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ചുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് പ്രത്യേക പുരസ്കാരം നല്‍കും. അച്ചടി, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍, എഫ്.എം. – മീഡിയ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണാഘോഷം പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും നടത്തുക. ഇതിനായി ശുചിത്വമിഷന്‍ ഡയറക്ടര്‍ ചെയര്‍മാനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുണ്ട്.

ഓണാഘോഷം നടക്കുന്ന പ്രധാന വേദികളില്‍ പ്രത്യേക പരിശീലനം ലഭിച്ച 250 വാളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാകും. ഇവരോടൊപ്പം പുതുതായി രൂപീകരിച്ച ടൂറിസം ക്ലബ്ബ് അംഗങ്ങളുടെ സേവനവും പ്രധാന വേദികളില്‍ ലഭ്യമാണ്. സെപ്റ്റംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് 5 ന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ഈ വര്‍ഷത്തെ ഓണം വാരാഘോഷങ്ങള്‍ക്കു സമാപനമാകും. ഇന്ത്യയുടേയും കേരളത്തിന്‍റേയും വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലുമുള്ള ഓണാഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി നേതൃത്വം നല്‍കും.

Maintained By : Studio3