നിർമ്മിതബുദ്ധിയിൽ ഇന്ത്യയുടെ ബൃഹദ് പദ്ധതി വരുന്നു; 10,000 കോടി രൂപയുടെ നിക്ഷേപം
ന്യൂ ഡൽഹി: നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മേഖലയിൽ ഇന്ത്യയുടെ അധീശത്വം ഉറപ്പിക്കുന്നതിനു പര്യാപ്തമാം വിധം ഗവേഷണ, വ്യവസായ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഇന്ത്യ എ ഐ പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അനുവാദം തേടുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇതുമായി ബന്ധപ്പെട്ട് 24,500 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (ജിപിയു) അടങ്ങുന്ന ത്രിതല കമ്പ്യൂട്ട് അടിസ്‌ഥാന സൗകര്യം സ്‌ഥാപിക്കുന്നതിന് സർക്കാർ രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വർക്കിംഗ് ഗ്രൂപ്പുകൾ ശുപാർശ ചെയ്തതായി മന്ത്രി അറിയിച്ചു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ രൂപീകൃതമാവുന്ന ഇന്ത്യ എ ഐ പദ്ധതി യാഥാർഥ്യമാക്കുന്നതിനു പര്യാപ്തമായ കമ്പ്യൂട്ടർ അടിസ്‌ഥാന സൗകര്യങ്ങൾ രാജ്യത്തെ സ്വകാര്യ ഡാറ്റാ സെന്ററുകളിലും പൊതുമേഖല സ്ഥാപനമായ സിഡാക്ക് നടത്തുന്ന ഡാറ്റാ സെന്ററുകളിലും നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തർ പ്രദേശിലെ നോയിഡയിൽ അർദ്ധചാലക കേന്ദ്രീകൃത സോഫ്‌റ്റ്‌വെയർ കമ്പനിയായ സിനോപ്സിസ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
സിപിയു അടിസ്ഥാനമാക്കിയുള്ള സെർവറുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ ഡാറ്റ പ്രോസസ്സ് ചെയ്യാൻ കഴിയുന്നതിനാൽ ജിപിയു അടിസ്ഥാനമാക്കിയുള്ള സെർവറുകളുടെ ആവശ്യം ലോകമെങ്ങും വർദ്ധിച്ചു വരികയാണ്. ഇലക്ട്രോണിക്സ്, അർദ്ധചാലക വസായത്തിന്റെ നിർമ്മാണ, നവീകരണ മേഖലകളിൽ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. ലോകം ഭാവിയിലേക്ക് നീങ്ങുമ്പോൾ, ഇലക്ട്രോണിക്സും അർദ്ധചാലകങ്ങളും സ്വാഭാവികമായും ഇന്ത്യയിലേക്ക് വരുമെന്ന് താൻ വിശ്വസിക്കുന്നതായി മന്ത്രി പറഞ്ഞു.